പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് എ.വി ജോര്‍ജ്; വ്യക്തിവൈരാഗ്യം തീര്‍ക്കുന്നുവെന്ന് ഉമേഷ് വള്ളിക്കുന്ന്

പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് എ.വി ജോര്‍ജ്; വ്യക്തിവൈരാഗ്യം തീര്‍ക്കുന്നുവെന്ന് ഉമേഷ് വള്ളിക്കുന്ന്

പോലീസ് സേനയെ നിരന്തരം വിമര്‍ശിച്ചുവെന്നാരോപിച്ച് ഉമേഷ് വള്ളിക്കുന്നിനെ പിരിച്ച് വിടാന്‍ ശുപാര്‍ശ ചെയ്ത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന എ.വി ജോര്‍ജ്. വിരമിക്കുന്നതിന് തൊട്ട് മുമ്പാണ് ഉമേഷ് വള്ളിക്കുന്നിന് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫറോക്ക് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്ന് നേരത്തെ എ.വി ജോര്‍ജിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഓര്‍ഡര്‍ ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ഉമേഷ് വള്ളിക്കുന്ന് ദ ക്യുവിനോട് പ്രതികരിച്ചു.

ഉമേഷ് വള്ളിക്കുന്നിന്റെ പ്രതികരണം

ഓര്‍ഡര്‍ ഇടാന്‍ എ.വി ജോര്‍ജിന് കഴിയില്ല. വിരമിക്കുന്നതിന് തൊട്ട് മുമ്പ് ഉത്തരവില്‍ ഒപ്പിട്ടുവെന്ന് പറയുന്നത്. വ്യക്തിവ്യരാഗ്യം മാത്രമാണ് ഇതിന് പിന്നില്‍. രണ്ട് വര്‍ഷത്തിനിടെ 20 ഇന്‍ഗ്രിമെന്റ് കട്ട് ചെയ്തു. പത്തിലധികം അച്ചടക്ക നടപടി എടുത്തു. നിര്‍ബന്ധിത വിരമിക്കലിന് ഉത്തരവിട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഓര്‍ഡര്‍ ലഭിച്ചാല്‍ നിയമപമായി മുന്നോട്ട് പോകും. സര്‍ക്കാരിന് അപ്പീല്‍ നല്‍കും. അതില്‍ നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കും.

2015 മുതല്‍ എ.വി ജോര്‍ജ് വ്യക്തിപരമായ പക സൂക്ഷിക്കുന്നു. നിരുത്തരവാദപരമായി അച്ചടക്ക നടപടി എനിക്കെതിരെ സ്വീകരിച്ചു. വിനീതവിധേയനായി നില്‍ക്കാതെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. അധോലോക സ്‌റ്റൈലിലാണ് എ.വി ജോര്‍ജിന്റെ പ്രവര്‍ത്തനം. പ്രതികരിക്കുന്നവരെ ഇല്ലാതാക്കുകയാണ് അധോലോകത്തെ രീതി. വിരമിക്കുന്നതിന് മുമ്പ് ചെയ്യാന്‍ കഴിയുന്നതിന്റെ മാക്‌സിമം അയാള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

2015ല്‍ നൂറ് പേര്‍ ചേര്‍ന്ന് ആയിരം രൂപ ഷെയര്‍ ഇട്ട് ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരുന്നു. അതിന്റെ റിലീസ് ജനുവരി ആറിന് ടാഗോള്‍ ഹാളില്‍ നിശ്ചയിച്ചു. മലബാര്‍ ഗോള്‍ഡിന്റെ ഫണ്ട് ഉപയോഗിച്ച് എ.വി ജോര്‍ജ് പ്രൊഡ്യൂസറായി ഷോര്ട്ട് ഫിലിം നിര്‍മ്മിച്ചതിന്റെ റിലീസ് എട്ടാം തിയ്യതി ഗുജറാത്തി ഹാളിലും തീരുമാനിച്ചിരുന്നു. അതിനിടെ എ.വി ജോര്‍ജ് എന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. എട്ടാം തിയതി കഴിഞ്ഞ് മാത്രമേ ഞങ്ങളുടെ ഷോര്‍ട്ട് ഫിലീം റിലീസ് ചെയ്യാന്‍ പാടുള്ളുവെന്നും ഇല്ലെങ്കില്‍ സര്‍വീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. അത് പറ്റില്ലെന്ന് മറുപടി നല്‍കിയപ്പോള്‍ നീ സര്‍വീസില്‍ ഉണ്ടാകില്ലെന്ന് എ.വി ജോര്‍ജ് ഭീഷണിപ്പെടുത്തി. പിരിച്ചുവിടാന്‍ കഴിയില്ലെന്നും പി.എസ്.സി എഴുതിക്കിട്ടിയ പണിയാണെന്നും സസ്‌പെന്‍ഡ് ചെയ്യാനോ ട്രാന്‍സ്ഫര്‍ ചെയ്യാനോ മാത്രമേ സാറിന് കഴിയുള്ളുവെന്നും മറുപടി നല്‍കി. അന്ന് മുതല്‍ അയാള്‍ അതിനായി ശ്രമിക്കുകയാണ്. ഇപ്പോള്‍ പോകുന്ന പോക്കില്‍ ആണിയടിച്ച് പോയെന്നേയുള്ളു.

Related Stories

No stories found.
logo
The Cue
www.thecue.in