ദ ക്യു, മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡ് ഏറ്റുവാങ്ങി

ദ ക്യു, മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡ് ഏറ്റുവാങ്ങി
Published on

പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡ് ഡിജിറ്റൽ ഇന്ററാക്ടീവ് ന്യൂസ് പ്ലാറ്റ്ഫോമായ ദ ക്യു ഏറ്റുവാങ്ങി. മികച്ച രീതിയിൽ ഉയർന്നുവരുന്ന മാധ്യമമെന്ന നിലയിലാണ് ദ ക്യുവിന് പ്രത്യേക പുരസ്കാരം. 2020ൽ പ്രഖ്യാപിച്ച പുരസ്കാരമാണ് ഓഗസ്റ്റ് നാലിന് രണ്ടു മണിക്ക് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്.

2024 പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡ് പ്രശസ്ത മാധ്യമപ്രവർത്തകയും ദ ന്യൂസ് മിനുറ്റ് എഡിറ്ററമായ ധന്യാ രാജേന്ദ്രന് സമ്മാനിച്ചു. നവ മാധ്യമ സങ്കേതങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് സ്വതന്ത്രവും ധീരവുമായ മാധ്യമ പ്രവർത്തനം നടത്തുന്ന പോർട്ടൽ ആയി ദ ന്യൂസ് മിനിറ്റിനെ വളർത്തിയെടുത്തതിനാണ് പുരസ്‌കാരം. മികച്ച സ്വതന്ത്ര ന്യൂസ് പോർട്ടലിനുള്ള 2020 ലെ മാക്സ് വെൽ ഫെർണാണ്ടസ് ജേണലിസം പുരസ്‌കാരം അഴിമുഖം പോർട്ടലിനാണ്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ 2024 ലെ മാക്‌സ്വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡ് ധന്യ രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു
മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ 2024 ലെ മാക്‌സ്വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡ് ധന്യ രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു

ദ ക്യുവിന്റെ ഘടനയിലും ഉള്ളടക്കത്തിലുമുള്ള പുതുമയും മൾട്ടീമീഡിയ സാധ്യതകളുടെ കാര്യക്ഷമമായ പ്രയോഗവും ശ്രദ്ധേയമാണെന്ന് പുരസ്കാര നിർണയത്തിനൊപ്പം ജൂറി വിലയിരുത്തിയിരുന്നു. ദ ക്യു ഹെഡ് ഓഫ് ഡിജിറ്റൽ നരേറ്റീവ് ആൻഡ് ഇന്നവേഷൻസ് സി.പി സത്യരാജ് ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. അഴിമുഖത്തിനുള്ള പുരസ്കാരം എഡിറ്റർ ശ്രീജിത്ത് ദിവാകരൻ ഏറ്റുവാങ്ങി.

അഴിമുഖത്തിനുള്ള പുരസ്കാരം എഡിറ്റർ ശ്രീജിത്ത് ദിവാകരൻ ഏറ്റുവാങ്ങുന്നു
അഴിമുഖത്തിനുള്ള പുരസ്കാരം എഡിറ്റർ ശ്രീജിത്ത് ദിവാകരൻ ഏറ്റുവാങ്ങുന്നു

കേരള സർവകലാശാല കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠനവകുപ്പിന്റെ സ്ഥാപകനും പ്രഥമ അധ്യക്ഷനുമായ പ്രൊഫസർ മാക്‌സ്‌വെൽ ഫെർണാണ്ടസിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും എം സി ജെ ആലുമ്നി അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയതാണ് അവാർഡ്.

പാലക്കാട് സ്വദേശിയായ ധന്യ 22 വർഷമായി മാധ്യമരംഗത്ത് സജീവമാണ്. ദേശീയ മാധ്യമങ്ങളിൽ പത്ത് വർഷത്തോളം ജോലി ചെയ്ത ശേഷം, മുതിർന്ന മാധ്യമ പ്രവർത്തക ചിത്ര സുബ്രഹ്മണ്യത്തോടും വിഘ്‌നേശ് വെല്ലൂരിനും ഒപ്പം 2014 - ൽ ദ ന്യൂസ് മിനിറ്റ് സ്ഥാപിച്ചു. മാധ്യമ പ്രവർത്തന മികവിനുള്ള ചമേലി ദേവി ജെയിൻ പുരസ്‌കാരം, റെഡ് ഇങ്ക് ജേണലിസ്റ്റ് ഓഫ് ദി ഇയർ തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജിപബ് ചെയർപേഴ്സൺ ആണ്.

മാധ്യമപ്രവർത്തകരും കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വകുപ്പിലെ പൂർവ വിദ്യാർത്ഥികളുമായി എസ് രാധാകൃഷ്ണൻ, എസ് ഡി പ്രിൻസ്, കെ ആർ ബീന, ജോ ജോസഫ് തായങ്കരി, ബി ശ്രീജൻ എന്നിവർ അടക്കുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

2019ൽ പ്രവർത്തനമാരംഭിച്ച ദ ക്യു മലയാളത്തിലെ ഏറ്റവും വിശ്വാസ്യതയും ആധികാരികതയും പുലർത്തുന്ന ഡിജിറ്റൽ മാധ്യമങ്ങളിൽ ഒന്നാംനിരയിലുള്ള സ്ഥാപനമാണ്. ഗൂഗിൽ ന്യൂസ് ഇനിഷ്യേറ്റീവ് (Google News Initiative (GNI) ഇന്ത്യയിലെ 70 സ്ഥാപനങ്ങളിൽനിന്ന് ​ഗൂ​ഗിൾ ന്യൂസ് സ്റ്റാർട്ട് അപ്പ് ലാബിലേക്ക് 2021ൽ ദ ക്യു വിനെ തെരഞ്ഞെടുത്തിരുന്നു. ഡിജിറ്റൽ മീഡിയ സ്ഥാപനങ്ങൾക്ക് സാമ്പത്തികമായും സാങ്കേതികമായും മാധ്യമ പ്രവർത്തനം നടത്തുന്നതിനുള്ള പിന്തുണയാണ് ​ഗൂ​ഗിൾ ന്യൂസ് സ്റ്റാർട്ട് അപ്പ് ലാബ്. സ്റ്റാർട്ട് അപ്പ് ലാബിലേക്ക് കേരളത്തിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മാധ്യമസ്ഥാപനം കൂടിയാണ് ദ ക്യു. 2018ൽ സ്ഥാപിച്ച ഫാക്‌സ്റ്റോറി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ 2019 ഫെബ്രുവരിയിലാണ് ദ ക്യു ആരംഭിച്ചത്.

പുരസ്കാര വിതരണ ചടങ്ങിന് ശേഷം 'ഡിജിറ്റൽ എല്ലാം ഏറ്റെടുക്കുമോ?' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ജേണലിസം ഡിപ്പാർട്ടമെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ പി ലാൽമോഹൻ മോഡറേറ്റർ ആയി.

Related Stories

No stories found.
logo
The Cue
www.thecue.in