ടെക്കി കലോത്സവം, തരംഗ് 2025 ഏപ്രില്‍ 21 മുതല്‍

ടെക്കി കലോത്സവം, തരംഗ് 2025 ഏപ്രില്‍ 21 മുതല്‍
Published on

ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ Progressive Techies (PT) ഇന്‍ഫോപാര്‍ക്കുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന കലോത്സവം, തരംഗ് ഏപ്രില്‍ 21 മുതല്‍ കൊച്ചിയില്‍ നടക്കും. ഏപ്രില്‍ 21 തിങ്കളാഴ്ച 4 മണിക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഫേസ് 1ല്‍ നടക്കുന്ന വര്‍ണ്ണശബളമായ റാലിയോടെ തരംഗിന് കൊടിയേറും. വ്യവസായമന്ത്രി പി.രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടത്തി വരുന്ന അഖില കേരള ടെക്കീസ് കലോത്സവമാണ് തരംഗ്.

96 ഇനങ്ങളിലായി മൂന്നാഴ്ചയായിട്ടാണ് തരംഗ് സീസണ്‍-3 നടക്കുന്നത്. ആറായിരത്തിലധികം പേരുടെ പങ്കാളിത്തവും പതിനായിരത്തിലധികം കാഴ്ചക്കാരെയും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. അവസാന മൂന്ന് ദിവസങ്ങളിലെ മെഗാ ഓപ്പണ്‍ സ്റ്റേജ് പരിപാടികളോടെ മെയ് 9ന് തരംഗ് 2025 അവസാനിക്കും. ഐ ടി മേഖലയിലെ കലാവാസനയുള്ളവരെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും കലയെ മാനസികാരോഗ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തരംഗ് സംഘടിപ്പിക്കുന്നത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി സാഹിത്യ മത്സരങ്ങള്‍, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്റിംഗ്, കാര്‍ട്ടൂണ്‍, ഫെയ്സ് പെയിന്റിംഗ്, ഡിജിറ്റല്‍ ആര്‍ട്ട്, ബോട്ടില്‍ ആര്‍ട്ട് തുടങ്ങിയ ചിത്രകലാ മത്സരങ്ങള്‍, സംഗീത, വാദ്യ മത്സരങ്ങള്‍, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, കഥക്, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, തിരുവാതിര, മാര്‍ഗംകളി തുടങ്ങി നൃത്തമത്സരങ്ങള്‍, നാടകം, ഹ്രസ്വചിത്രം, ഫോട്ടോഗ്രഫി, ക്വിസ്, ഫാഷന്‍ ഷോ എന്നിങ്ങനെ എല്ലാ കലാവിഭാഗങ്ങളിലും മത്സരങ്ങളുണ്ടാകും.

വെറുമൊരു മത്സരവേദി എന്നതിനപ്പുറം ഐടി മേഖലയിലെ കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും കൂടി ആഘോഷമാണ് തരംഗ്. ഐടി ജീവനക്കാര്‍ക്കിടയില്‍ വ്യക്തിബന്ധങ്ങള്‍ പടുത്തുയര്‍ത്താനും, ഉറങ്ങിക്കിടക്കുന്ന കലാപ്രതിഭകളെ മുന്‍നിരയിലേക്കെത്തിക്കാനും തരംഗ് ലക്ഷ്യമിടുന്നു. തരംഗിന് പുറമെ ഐടി ജീവനക്കാരുടെ പ്രശ്നങ്ങളിലും കേരളത്തിന്റെ സാമൂഹ്യ വിഷയങ്ങളിലും പ്രോഗ്രസ്സീവ് ടെക്കീസ് സജീവമായി ഇടപെടുന്നു. ഈ കേരളം നേരിട്ട പ്രളയത്തിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വയനാട് ദുരിതസമയത്തും മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍ പ്രോഗ്രസീവ് ടെക്കീസിന് കഴിഞ്ഞിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in