കെ.സുധാകരനെ മാറ്റി, സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാകും

കെ.സുധാകരനെ മാറ്റി, സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാകും
Published on

കെപിസിസി പ്രസിഡന്റായി പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനെ നിയമിച്ചു. കെ.സുധാകരനെ മാറ്റിയതിനൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായിരുന്ന കൊടിക്കുന്നില്‍ സുരേഷ്, ടി.എന്‍.പ്രതാപന്‍, ടി.സിദ്ദിഖ് എന്നിവരെയും മാറ്റി. പി.സി.വിഷ്ണുനാഥ്, എ.പി.അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍. എം.എം.ഹസ്സന് പകരം അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വീനറാകും. കെ.സുധാകരന്‍ വര്‍ക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്.

21 വര്‍ഷത്തിന് ശേഷമാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ഒരാള്‍ കെപിസിസി അധ്യക്ഷനാകുന്നത്. 2004ല്‍ അധ്യക്ഷനായ പി.പി.തങ്കച്ചനാണ് ഇതിന് മുന്‍പ് നിയമിതനായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധി. ഇത്തവണ ആന്റോ ആന്റണി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ താന്‍ തന്നെ തുടരുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

കണ്ണൂര്‍ സ്വദേശിയായ സണ്ണി ജോസഫ് കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇരിക്കൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, കെ.സുധാകരന് ശേഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, മട്ടന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ കോടതികളില്‍ അഭിഭാഷകന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ശേഷം 2011ല്‍ പേരാവൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.

സിറ്റിംഗ് എംഎല്‍എ ആയിരുന്ന കെ.കെ.ശൈലജയെ പരാജയപ്പെടുത്തിക്കൊണ്ട് ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ സണ്ണി ജോസഫ് വിജയിച്ചു. അതിന് ശേഷം നിയമസഭയില്‍ പേരാവൂരിനെ പ്രതിനിധീകരിച്ച് വരികയാണ്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയാണ് കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ സണ്ണി ജോസഫ് നേരിടാനിരിക്കുന്ന ആദ്യ ദൗത്യങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in