'ക്ലാസില്ലാതെ എങ്ങനെ എംബിബിഎസ് പരീക്ഷ എഴുതും; വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചിട്ടും യൂണിവേഴ്‌സിറ്റി പരീക്ഷ തുടരുന്നതെന്തിന്' ?

'ക്ലാസില്ലാതെ എങ്ങനെ എംബിബിഎസ് പരീക്ഷ എഴുതും; വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചിട്ടും യൂണിവേഴ്‌സിറ്റി പരീക്ഷ തുടരുന്നതെന്തിന്' ?
Published on

മതിയായ ക്ലാസുകള്‍ ലഭിച്ചിട്ടില്ലെന്ന വിദ്യാര്‍ഥികളുടെ ആശങ്ക തള്ളി എം.ബി.ബി.എസ് അവസാന വര്‍ഷ പരീക്ഷ നടത്തിയ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ നടപടിയില്‍ പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കുന്ന നടപടിയാണ് യൂണിവേഴ്‌സിറ്റി സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ദ ക്യൂവിനോട് പറഞ്ഞു. അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ പരീക്ഷ തുടരാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിക്കുകയായിരുന്നു.

എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വ്യാപക പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സിലബസ് പ്രകാരം ഒരു വര്‍ഷം കൊണ്ട് മാത്രം തീര്‍ക്കേണ്ട അധ്യയനം ആറ് മാസം കൊണ്ടാണ് തീര്‍ത്തത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കോടതിയില്‍ പോയി. ഇടക്കാല ഉത്തരവ് അനുസരിച്ച് മാര്‍ച്ച് 31 ന് നടക്കുന്ന പരീക്ഷയുടെ അറ്റന്‍ഡന്‍സ് പരിശോധിച്ച് തുടര്‍ന്നുള്ള പരീക്ഷകളുടെ നടപടി തീരുമാനിക്കാമെന്ന് യൂണിവേഴ്‌സിറ്റി കോടതിയെ അറിയിച്ചിരുന്നു എന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി ഐശ്വര്യ ദ ക്യൂവിനോട് പറഞ്ഞു.

'പരീക്ഷയുടെ തലേന്നാണ് ഈ ക്ലോസ് വരുന്നത്. ഇതുപ്രകാരം പഠിക്കാന്‍ സമയം കിട്ടാത്തതുകൊണ്ട് എല്ലാവരും പരീക്ഷ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. 2017 ബാച്ചിലെ 2915 വിദ്യാര്‍ഥികളാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ 2155 പേര്‍ പരീക്ഷ എഴുതിയിരുന്നില്ല. അതായത് 75 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ എഴുതിയിട്ടില്ല. പക്ഷേ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത് പകുതിയോളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി എന്നാണ്. മുന്‍ ബാച്ചുകളില്‍ പേപ്പറുകള്‍ എഴുതിയെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടിച്ചേര്‍ത്താണ് ഈ കണക്കുകള്‍ പുറത്ത് വിടുന്നത്. മുന്‍ ബാച്ചുകള്‍ക്ക് ക്ലാസുകള്‍ കൃത്യമായി കിട്ടിയിരുന്നു. അതിനാല്‍ അവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രശ്‌നമില്ല. എന്നാല്‍ ഞങ്ങളുടെ പ്രശ്‌നം അതില്‍ നിന്ന് വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് ആവശ്യമായ ക്ലാസുകള്‍ കിട്ടിയിട്ടില്ല. മാര്‍ച്ച് 31 ന് ചേര്‍ന്ന പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലും പരീക്ഷ തുടരുമെന്നും പരീക്ഷ എഴുതാത്ത കുട്ടികളുടെ ആറുമാസം നഷ്ടമാകട്ടെ എന്നതടക്കമുള്ള വിദ്യാര്‍ഥി വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്'.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആകെ പരീക്ഷയെഴുതിയത് 20 വിദ്യാര്‍ഥികള്‍ മാത്രമാണ്. 190 വിദ്യാര്‍ഥികള്‍ ഇവിടെ മാത്രം പരീക്ഷ ബഹിഷ്‌കരിച്ചു. യൂണിവേഴ്‌സിറ്റിയുടെ വിദ്യാര്‍ഥി വിരുദ്ധ നടപടികളില്‍ കുട്ടികള്‍ വലിയ മാനസിക സംഘര്‍ഷമാണ് അനുഭവിക്കുന്നത്. ജീവിതവും ഭാവിയും എന്താകുമെന്നതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിദ്യാര്‍ഥികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നുണ്ട്. നഷ്ടമായ ക്ലിനിക്കല്‍ ക്ലാസുകള്‍ എടുത്ത് തീര്‍ത്ത് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പരീക്ഷ നടത്തി തീര്‍ക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in