കൂത്തുപറമ്പില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍; കണ്ടെത്തിയത് പോലീസ് പരിശോധനയ്ക്കിടെ

കൂത്തുപറമ്പില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍; കണ്ടെത്തിയത് പോലീസ് പരിശോധനയ്ക്കിടെ
Published on

കണ്ണൂര്‍, കൂത്തുപറമ്പില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാടന്‍ ബോംബ് പൊട്ടി വയോധികന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. തെരച്ചിലിനിടെയാണ് കിണറ്റിന്റവിടെ ആമ്പിലാട് റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ഉഗ്ര സ്‌ഫോടനശേഷിയുള്ളവയാണ് ഇവയെന്നാണ് നിഗമനം. തലശ്ശേരി എരഞ്ഞോളിയിലാണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി വേലായുധന്‍ (80) കൊല്ലപ്പെട്ടത്.

പറമ്പില്‍ തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയ വസ്തു തുറന്നു നോക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് തലശ്ശേരി, മട്ടന്നൂര്‍, കൂത്തുപറമ്പ്, മാഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെ ബോംബ് വിഷയത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. സി.പി.എം ഇപ്പോഴും ബോംബ് നിര്‍മ്മാണം തുടരുകയാണെന്നും കണ്ണൂരില്‍ നിരപരാധിയായ വയോധികനാണ് കൊല ചെയ്യപ്പെട്ടതെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നിരവധി കുട്ടികളും നിരപരാധികളുമായ മനുഷ്യരുമാണ് സി.പി.എമ്മിന്റെ ബോംബിന് ഇരകളായത്. ഇപ്പോഴും അപരിഷ്‌കൃത സമൂഹത്തിലേതു പോലെയാണ് സി.പി.എം ബോംബ് നിര്‍മ്മിക്കുന്നതും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നതും. ഇവര്‍ ഇപ്പോഴും ഇരുണ്ട യുഗത്തിലാണ് ജീവിക്കുന്നത്. ബോംബിന്റെ ഭീതിയെ കുറിച്ച് തുറന്നു പറഞ്ഞ സീന എന്ന പെണ്‍കുട്ടിയെയും അവരുടെ അമ്മയെയും സി.പി.എം ഭീഷണിപ്പെടുത്തുകയാണ്. സീനയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണം. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in