ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗം; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
Published on

ലഹരി ഉപയോഗിച്ചുവെന്ന കുറ്റത്തിന് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. സിറ്റി പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ സംഭവത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഷൈന്‍ അറസ്റ്റിലായത്. എന്‍ഡിപിഎസ് ആക്ടിലെ 27, 29 വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സജീര്‍ എന്ന ലഹരി ഇടപാടുകാരനെ അന്വേഷിച്ചാണ് ഡാന്‍സാഫ് സംഘം എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഇതിനിടെ ഷൈന്‍ ഇറങ്ങിയോടുകയായിരുന്നു. സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്‍കിയെന്നാണ് വിവരം.

ഷൈനിന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചിരുന്നു. വാട്‌സാപ്പ് ചാറ്റുകളു ഗൂഗിള്‍ പേ വിവരങ്ങളും ശേഖരിച്ചു. സജീറുമായി നടത്തിയ ആശയ വിനിമയങ്ങള്‍ എന്തിനാണെന്ന് വ്യക്തമായി വിശദീകരിക്കാന്‍ ഷൈനിന് സാധിച്ചില്ലെന്ന് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യല്‍ നാല് മണിക്കൂറോളം നീണ്ടു. കൊച്ചി സെന്‍ട്രല്‍ എസിപി സി.ജയകുമാര്‍, നാര്‍കോട്ടിക് എസിപി കെ.എ.അബ്ദുള്‍ സലാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെൡയിക്കുന്നതിനായി ഷൈനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സ്റ്റേഷന്‍ ജാമ്യത്തില്‍ ഷൈനെ വിട്ടയച്ചേക്കും.

ബുധനാഴ്ച രാത്രിയാണ് ഹോട്ടലില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. ഇതിനിടയില്‍ ഷൈന്‍ ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഗുണ്ടാസംഘമാണെന്ന് കരുതിയാണ് താന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് പൊലീസിന് ഷൈന്‍ നല്‍കിയ മൊഴി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. സജീറിനെ അറിയാമെന്നും സജീറിന് പണം നല്‍കിയിട്ടുണ്ടെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in