തൊഴിൽ സ്ഥലത്ത് ലൈംഗിക ചൂഷണമെന്ന് പരാതി, ഐടി വ്യവസായിക്കെതിരെ കേസ്

തൊഴിൽ സ്ഥലത്ത് ലൈംഗിക ചൂഷണമെന്ന് പരാതി, ഐടി വ്യവസായിക്കെതിരെ കേസ്
Published on

കാക്കനാട് ഇൻഫോപാർക്കിലെ ഐടി കമ്പനി ഉടമയുടെ ഹണി ട്രാപ്പ് കേസിൽ പുതിയ വഴിത്തിരിവ്. തൻ്റെ കമ്പനിയിൽ എക്സിക്യൂട്ടിവ് അസിസ്റ്റൻ്റ് ആയി ജോലി ചെയ്ത യുവതി ഹണി ട്രാപ്പിൽ കുടുക്കി 30 കോടി തട്ടിയെടുക്കാൻ നോക്കിയെന്ന കേസിൽ ആണ് പ്രതി ചേർക്കപ്പെട്ട യുവതി ഉടമക്ക് എതിരെ ഗുരുതര പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

കൊച്ചിയിലെ ലിറ്റ്മസ്7 ഐടി സ്ഥാപനത്തിന്റെ സിഇഒ വേണു ഗോപാലകൃഷ്ണനെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തി ഇന്‍ഫോപാര്‍ക്ക് പോലീസ് കേസെടുത്തു. വേണുവിന് പുറമെ സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്.

ഒന്നരവർഷം കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണന്റെ എക്സിക്യുട്ടിവ് അസിസ്റ്റൻഡായിരുന്ന യുവതി കഴിഞ്ഞ ആഴ്ചയാണ് വേണു ഗോപാലകൃഷ്ണൻ നൽകിയ പരാതിയെ തുടർന്ന് ഹണി ട്രാപ്പ് കേസിൽ പ്രതിയാകുന്നത്. ഇവരെയും ഭർത്താവിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരുന്നത്. എന്നാൽ കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ യുവതി കമ്പനി സിഇഒ തന്നെ തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.

താന്‍ ഐസിസി മുന്‍പാകെ പരാതി നല്‍കുമെന്ന് അറിയിച്ചതോടെയാണ് വ്യവസായി തന്നെ ഹണിട്രാപ്പില്‍ കുടുക്കിയതെന്നാണ് യുവതിയുടെ പരാതി. സിഇഒക്കെതിരെ പരാതി നല്‍കിയാല്‍ ഹണി ട്രാപ്പ് കേസില്‍ കുടുക്കുമെന്ന് തനിക്ക് ഭീഷണിയുണ്ടായിരുന്നു. പരാതി പറഞ്ഞതിന്റെ പ്രതികാരമാണ് തന്നെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കിയത്. തൊഴിൽ സുരക്ഷ ഭയന്നാണ് നേരത്തെ പരാതി പറയാതിരുന്നത്. സൈബർ തെളിവുകളടക്കം തന്റെ കൈവശമുണ്ടെന്നും തൊഴിലിടത്തില്‍ താന്‍ ലൈംഗിക ഉപദ്രവം നേരിട്ടുവെന്നും യുവതി ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in