നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുത്, അതിജീവിതയോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക; വേടനോട് സാറ ജോസഫ്

നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുത്, അതിജീവിതയോട് തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക; വേടനോട് സാറ ജോസഫ്
Published on

ലൈംഗികാതിക്രമം വെളിപ്പെടുത്തിയ അതിജീവിതയോട് വേടന്‍ മാപ്പ് പറയണമെന്ന് സാറ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സാറ ജോസഫ് ഈ ആവശ്യം ഉന്നയിച്ചത്. ഒരു ദലിത് പെണ്‍കുട്ടി സമൂഹത്തില്‍ നിന്നുള്ള വിവേചനങ്ങള്‍ക്കൊപ്പം സ്വന്തംസമുദായത്തിലെ പുരുഷാധികാരത്തിന്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണം. ഇവരെപ്പറ്റിയൊക്കെ നീ പാടണം. മണ്ണിനടിയിലും മണ്ണിനു മുകളിലും നിന്നു കേള്‍ക്കുന്ന അവരുടെ നിലവിളികളെ നിന്റെ പാട്ടിലേയ്ക്കാവാഹിക്കണം. അതിനെ കൊടുങ്കാറ്റാക്കി മാറ്റണം. അതിന് നിനക്ക് ശക്തികിട്ടണമെങ്കില്‍ നിന്റെ മനസ്സില്‍ കുറ്റബോധമില്ലാതിരിക്കണം. അതിജീവിതയോട് ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക. ഇതുവരെ ചെയ്തവരുടേതല്ല നിന്റെ വഴി. നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുതെന്ന് സാറ ജോസഫ് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിലെ വാചകങ്ങള്‍

വേടാ,

'എന്നോട് ചെയ്ത വയലന്‍സുകള്‍ ഏറ്റുപറഞ്ഞ്

വേടന്‍ മാപ്പു പറയണം ' എന്ന് അതിജീവിതയായവള്‍ കേരളീയം വഴി ആവശ്യപ്പെട്ടിരിയ്ക്കുന്നു.

ഓരോ ലൈംഗികാതിക്രമവും കൊലചെയ്യപ്പെട്ട അനേകം പെണ്‍കുട്ടികളുടെ നിലവിളികളായി

മണ്ണിനടിയില്‍ നിന്ന് ആഞ്ഞുയരുന്നത് നീ കേള്‍ക്കണം.അതില്‍ കുഞ്ഞുപെണ്‍മക്കളുടെ നിലവിളികളുമുണ്ട്. കാറ്റിലാടുന്ന രണ്ടു കുഞ്ഞുകമ്മീസുകളുടെ ചിത്രം മനസ്സില്‍ നിന്ന് മായരുത്. ജാതിക്കൊലപോലെ നീതികിട്ടാതെ പോവുകയാണ്,നിന്റെ ചേച്ചിമാരുടെ, അനിയത്തിമാരുടെ, സ്‌നേഹിതമാരുടെ, അമ്മമാരുടെ നേര്‍ക്കുനടന്നിട്ടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്ന് നീ തിരിച്ചറിയണം.

ഒരു ദലിത് പെണ്‍കുട്ടി സമൂഹത്തില്‍ നിന്നുള്ള ജാതിവിവേചനം, ലിംഗവിവേചനം, വര്‍ണ്ണവിവേചനം, വര്‍ഗവിവേചനം എന്നിവയോടൊപ്പം സ്വന്തം സമുദായത്തിലെ പുരുഷാധികാരത്തിന്റെ വിവേചനം കൂടി അനുഭവിക്കുന്നവളാണ് എന്നറിയണം.

ഇവരെപ്പറ്റിയൊക്കെ നീ പാടണം.

മണ്ണിനടിയിലും മണ്ണിനുമുകളിലും നിന്നു കേള്‍ക്കുന്ന അവരുടെ നിലവിളികളെ നിന്റെ പാട്ടിലേയ്ക്കാവാഹിക്കണം.അതിനെ കൊടുങ്കാറ്റാക്കി മാറ്റണം. അതിന് നിനക്ക് ശക്തികിട്ടണമെങ്കില്‍ നിന്റെ മനസ്സില്‍ കുറ്റബോധമില്ലാതിരിക്കണം. മുകളില്‍ പറഞ്ഞ അതിജീവിതയോട് ചെയ്തതെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷിക്കുക.

ഇതുവരെ ചെയ്തവരുടേതല്ലാ നിന്റെ വഴി.

നീ വെട്ടിയ വഴിയില്‍ നിനക്ക് പതറിച്ചയുണ്ടാവരുത്.

കേരളീയം മാസികയുടെ അഭിമുഖത്തിലാണ് വേടന്‍ തന്നോട് ചെയ്ത വയലന്‍സുകള്‍ ഏറ്റുപറഞ്ഞ് മാപ്പ് പറയണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പുലിപ്പല്ല് കൈവശം വെച്ചതിന്റെ പേരില്‍ വനംവകുപ്പും വേടനെതിരെ കേസെടുത്തിരുന്നു. വനംവകുപ്പ് കസ്റ്റഡിയില്‍ വാങ്ങിയ വേടനുമായി വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. പിന്നീട് വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വേടന് ജാമ്യം നല്‍കി. വേടന്റെ വിഷയത്തില്‍ ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് വേടനെതിരെ മുന്‍പ് ഉയര്‍ന്ന മീ ടൂ ആരോപണം വീണ്ടും ചര്‍ച്ചയായത്.

Related Stories

No stories found.
logo
The Cue
www.thecue.in