'താരാരാധന ഇസ്ലാമികവിരുദ്ധം, കട്ടൗട്ടുകള്‍ ദുര്‍വ്യയം; ക്രൂരന്മാരായ പോര്‍ച്ചുഗല്‍ പതാക കെട്ടി നടക്കുന്നതും ശരിയല്ല': സമസ്ത

'താരാരാധന ഇസ്ലാമികവിരുദ്ധം, കട്ടൗട്ടുകള്‍ ദുര്‍വ്യയം; ക്രൂരന്മാരായ പോര്‍ച്ചുഗല്‍ പതാക കെട്ടി നടക്കുന്നതും ശരിയല്ല': സമസ്ത
Summary

സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം.

ലോകകപ്പിലെ താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വെള്ളിയാഴ്ച നമസ്‌കാര സമയത്ത് പള്ളികളില്‍ നല്‍കാനുള്ള സന്ദേശത്തിന്റെ ഭാഗമായി തയ്യാറാക്കിയ പ്രസംഗകുറിപ്പിലാണ് പരാമര്‍ശം. ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

സന്ദേശത്തിലെ പ്രധാന പരാമര്‍ശങ്ങള്‍

കളിയെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആരാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല.

ഫുട്ബാള്‍ ഒരു കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണെന്നും സന്ദേശത്തിലുണ്ട്. കളിക്കമ്പം ജ്വരവും ലഹരിയുമാവരുത്, ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവന്‍ ചെലവിടുന്ന സമയവും പണവും അവന്റെ നാഥന്‍ നല്‍കിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും അവന്‍ അവന്റെ രക്ഷിതാവിന് മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ല. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയില്‍ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.

സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാല്‍പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഫുട്‌ബോള്‍ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണ്. സ്‌നേഹവും കളി താല്‍പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ വളരെ അപകടമാണ്. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ.ഫാന്‍സ് എന്നത് വ്യക്തി ആരാധനയാക്കരുത്. അതുപോലെ ദുര്‍വ്യയം പാടില്ല

ഫുട്‌ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്‍പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്‍പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.

വ്യക്തിസ്വാതന്ത്ര്യത്തിന് മേല്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

ഒരു വ്യക്തി കളി കാണണോ വേണ്ടയോ, സംഗീതം കേക്കണോ വേണ്ടയോ, രാവിലെ നടക്കാന്‍ വേണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് വ്യക്തികളാണ്. ഇന്ത്യന്‍ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. അതൊന്നും നിരോധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. വിശ്വാസികളെ ബോധവല്‍ക്കരിക്കാനുള്ള അവകാശം സമസ്തക്കുണ്ട്, അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികള്‍ക്ക് തീരുമാനിക്കാമെന്നും ശിവന്‍കുട്ടി.

മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍

ഫുട്‌ബോള്‍ എല്ലാ വിഭാഗം മനുഷ്യരെ ആവേശത്തോടെ കാണുന്ന ഒന്നാണ്. പല ആളുകളും പല ടീമിനെയും പിന്തുണക്കുന്നത് സ്വാഭാവികമാണ്. സമസ്തയുടെ കാര്യം അവരോടാണ് ചോദിക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in