ദീപുവിന്റെ പോസ്റ്റ് മോർട്ടത്തിൽ ആശുപത്രി നടത്തിയ ​ഗൂഢാലോചനയുടെ തെളിവ് കയ്യിലുണ്ട്; സിബിഐ വരട്ടെയെന്ന് സാബു എം. ജേക്കബ്

ദീപുവിന്റെ പോസ്റ്റ് മോർട്ടത്തിൽ ആശുപത്രി നടത്തിയ ​ഗൂഢാലോചനയുടെ തെളിവ് കയ്യിലുണ്ട്; സിബിഐ വരട്ടെയെന്ന് സാബു എം. ജേക്കബ്

കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് കിറ്റക്സ് എം.ഡി സാബു എം.ജേക്കബ്. ആശുപത്രി അധികൃതർ ​ഗൂഢാലോചന നടത്തിയെന്നും ദീപുവിന്റെ കൊവിഡ് ടെസ്റ്റ് നടത്തിയതിൽ ദുരൂഹതയുണ്ടെന്നും സാബു. എം ജേക്കബ്.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് തിരുത്താൻ ഒരു മന്ത്രി വഴി ശ്രമം നടന്നു. മെഡിക്കൽ സൂപ്രണ്ട് വഴിയും സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു. ഇതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും കിറ്റക്സ് എം.ഡി.

നടന്ന സംഭവങ്ങളുടെ ഫോൺ റെക്കോർഡുകൾ ഉൾപ്പെടെയുള്ള തെളിവുകൾ തന്റെ കൈവശമുണ്ട്. പുറത്തുവിട്ടാൽ തന്നയാളുകളെ ബാധിക്കുമെന്നത് കൊണ്ടാണ് പരസ്യപ്പെടുത്താത്. കൃത്യമായ ഏജൻസികൾ വരുമ്പോൾ ഇവയെല്ലാം ഹാജരാക്കും. തെളിവുകൾ പൊലീസിന് നൽകിയാൽ അട്ടിമറിക്കപ്പെടുമെന്നും സാബു. എം ജേക്കബ് പറഞ്ഞു.

ജീവനോടെ ഒരാളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പുഴയിലോ തോടിലോ കിടന്ന് അഴുകിയ ശരീരം അല്ല ഇത്. ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ കൊവിഡ് നെ​ഗറ്റീവ് ആയ ആൾ സർജറിക്ക് മുമ്പ് എങ്ങനെ പോസിറ്റീവായെന്നും സാബു എം. ജേക്കബ് ചോദിച്ചു.

ദീപുവിനെ അഡ്മിറ്റ് ചെയ്തത് സ്വകാശ്യ ആശുപത്രിയിലാണ്. കോട്ടയം മെഡിക്കൽ കോളേജിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ആയതുകൊണ്ട് കാര്യങ്ങൾ എളുപ്പമാണ്. മെഡിക്കൽ വിദ​ഗ്ധരുമായി സംസാരിച്ച് വസ്തുതകൾ മനസിലാക്കിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകരുമായി സംസാരിച്ച് നിയമത്തിന്റെ വഴിയിൽ പോകും.

സ്ഥലം എം.എൽ.എ കുറ്റാരോപിതനായി വരുമ്പോൾ കൈകൾ ശുദ്ധമാണെങ്കിൽ അദ്ദേഹം തന്നെ സി.ബി.ഐ അന്വേഷണത്തെ സ്വാ​ഗതം ചെയ്യണമെന്നും സാബു. എം. ജേക്കബ്.

തലക്കേറ്റ ക്ഷതമാണ് ദീപുവിന്റെ മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ട്വന്റി 20യുടെ വിളക്കണക്കൽ സമരത്തിനിടെ സി.പി.ഐ.എം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചുവെന്നായിരുന്നു ട്വന്റി 20 യുടെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in