ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍
Published on

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി പിടിയില്‍. തന്ത്രി കണ്ഠരര് രാജീവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. എഡിജിപിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിയെ എസ്‌ഐടി ചോദ്യം ചെയ്തത്. സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളില്‍ ചെമ്പ് തെളിഞ്ഞതിനാല്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോകുന്നതിനായി അനുമതി നല്‍കാമെന്ന് തന്ത്രി കുറിപ്പെഴുതിയിരുന്നു. ഈ കുറിപ്പിലാണ് ചെമ്പുപാളികള്‍ എന്ന് മുരാരി ബാബു തിരുത്തല്‍ വരുത്തിയത്. 1998ല്‍ സ്വര്‍ണ്ണം പൊതിഞ്ഞതാണ് പാളികള്‍ എന്ന് കുറിപ്പില്‍ ഉണ്ടായിരുന്നില്ല.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് കേസില്‍ അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും എസ്‌ഐടി കണ്ഠരര് രാജീവരുടെ മൊഴിയെടുത്തിരുന്നു. ശബരിമലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതു കൊണ്ട് പോറ്റിയെ അറിയാമെന്നായിരുന്നു തന്ത്രി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സ്വര്‍ണ്ണക്കൊള്ളയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് പുറമേ ഇഡിയും കേസെടുത്തിട്ടുണ്ട്.

കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. ഇയാളെക്കൂടാതെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, മുന്‍ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍.വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ ഓഫീസര്‍മാരായ മുരാരി ബാബു, ശ്രീകുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍.വിജയകുമാര്‍, സമാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ധന്‍ എന്നിവരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in