കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട എഎസ്പി, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍; റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് ചീഫ്

കൂത്തുപറമ്പ് വെടിവെപ്പിന് ഉത്തരവിട്ട എഎസ്പി, ഐബി സ്‌പെഷ്യല്‍ ഡയറക്ടര്‍; റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് ചീഫ്
Published on

ഷേഖ് ദര്‍വേഷ് സാഹിബിന് ശേഷം സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാന്‍ തീരുമാനം. ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് നിയമനം. പൊലീസ് മേധാവി സ്ഥാനത്തേക്ക് യുപിഎസ്‌സി നല്‍കിയ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനാണ് 1991 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖര്‍. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് റവാഡ ചന്ദ്രശേഖറിനെ നിയമിക്കാന്‍ തീരുമാനം എടുത്തത്. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം മുതല്‍ വിവാദത്തിലും കേസിലും അകപ്പെട്ട ചരിത്രമാണ് റവാഡ ചന്ദ്രശേഖറിനുള്ളത്. തലശ്ശേരി എഎസ്പിയായാണ് ചന്ദ്രശേഖര്‍ ആദ്യം നിയമിതനായത്. ചുമതലയേറ്റ് 48 മണിക്കൂറിനുള്ളിലാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടായത്. അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ആ വെടിവെപ്പിന് ഉത്തരവിട്ടത് റവാഡ ചന്ദ്രശേഖര്‍ ആയിരുന്നു.

പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി, തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഏറെക്കാലമായി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയില്ലെന്നായിരുന്നു കരുതിയിരുന്നത്. എ.അജിത് കുമാര്‍, മനോജ് ഏബ്രഹാം എന്നിവരുടെ പേരുകള്‍ ഇതിനിടെ ഉയര്‍ന്നെങ്കിലും വേണ്ടത്ര സര്‍വീസ് ഇല്ലാത്തതിനാലും ഡിജിപി അല്ലാത്തതിനാലും അജിത്ത് കുമാറിന്റെ പേര് യുപിഎസ് സി തള്ളി. താരതമ്യേന ജൂനിയറായ മനോജ് ഏബ്രഹാമിന്റെ പേരും പരിഗണനയില്‍ വന്നില്ല. തുടര്‍ന്ന് യുപിഎസ് സി തയ്യാറാക്കിയ ഷോര്‍ട്ട് ലിസ്റ്റില്‍ നിന്നാണ് നിയമനം. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ നിധിന്‍ അഗര്‍വാളിന്റെ പേരായിരുന്നു യുപിഎസ്‌സി നല്‍കിയ ഷോര്‍ട്ട് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ഫയര്‍ ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്തയുടെ പേര് മൂന്നാം സ്ഥാനത്തും.

നിധിൻ അഗർവാൾ
നിധിൻ അഗർവാൾ

1994 നവംബര്‍ 25നാണ് കൂത്തുപറമ്പില്‍ വെടിവെപ്പുണ്ടായത്. സ്വാശ്രയ കോളേജുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭവം. കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനത്തിന് എത്തിയ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാണിക്കാന്‍ എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജുണ്ടായി. പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടാകുകയും പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധം കുറയാതെ വന്നതോടെയാണ് വെടിവെപ്പുണ്ടായത്. വെറും രണ്ട് ദിവസം മുന്‍പ് മാത്രം എഎസ്പിയായി നിയമിതനായ റവാഡ ചന്ദ്രശേഖറായിരുന്നു വെടിവെക്കാന്‍ ഉത്തരവിട്ടത്. പിന്നീട് കൂത്തുപറമ്പ് വെടിവെപ്പ് കേസില്‍ കൊലക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ചന്ദ്രശേഖറിനെ 2012ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കൂത്തുപറമ്പ് വെടിവെപ്പില്‍ കൂടുതല്‍ പങ്കാളിത്തം അന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയായിരുന്ന ഹക്കീം ബത്തേരിക്കാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. ഐപിഎസ് ട്രെയിനിംഗ് കഴിഞ്ഞ് രണ്ടു ദിവസം മുന്‍പാണ് റവാഡ ചന്ദ്രശേഖര്‍ തലശേരിയില്‍ എഎസ്പിയാകുന്നത്. ആ പ്രദേശത്തെക്കുറിച്ച് കാര്യമായ അറിവോ പരിചയമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. കോടതി തന്നെ ഇദ്ദേഹത്തിനെ കുറ്റവിമുക്തനാക്കിയതാണ്. അദ്ദേഹത്തെ പ്രതിയാക്കാനുള്ള സാഹചര്യമില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയതാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പൊലീസ് മേധാവിയാക്കുന്നതില്‍ സാങ്കേതികമായ തടസ്സം ആരും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റവാഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയാക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണെന്നും അത് രാഷ്ട്രീയ നിയമനമല്ലെന്നുമാണ് സിപിഎം നേതാവ് പി.ജയരാജന്‍ പ്രതികരിച്ചത്. കൂത്തുപറമ്പ് വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് റവാഡ ചന്ദ്രശേഖര്‍. എന്നാല്‍ യുപിഎസ് സി നല്‍കിയ പട്ടികയില്‍ നിന്ന് സര്‍ക്കാര്‍ തീരുമാനം എടുക്കുകയായിരുന്നു. പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ നിധിന്‍ അഗര്‍വാള്‍ സിപിഎം പ്രവര്‍ത്തകനെ ലോക്കപ്പില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന കേസില്‍ പ്രതിയാക്കപ്പെട്ടയാളാണെന്നും പി.ജയരാജന്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in