ഫ്ലാറ്റിൽ 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും, റാപ്പർ വേടൻ അറസ്റ്റിൽ, ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ചതായി പോലീസ്

ഫ്ലാറ്റിൽ 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും, റാപ്പർ വേടൻ അറസ്റ്റിൽ, ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ചതായി പോലീസ്
Published on

റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി തൃപ്പൂണിത്തുറ പോലീസ്. വേടൻ ഉൾപ്പടെ ഒമ്പത് സുഹൃത്തുക്കൾ അറസ്റ്റിൽ. തിങ്കളാഴ്ച്ച കാലത്താണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ പോലീസ് പരിശോധന ആരംഭിച്ചത്. മുറിയിലെ മേശപ്പുറത്തും മറ്റുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ദേഹപരിശോധനയിൽ ആരിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിട്ടില്ല. ചോദ്യം ചെയ്യലിൽ ലഹരി ഉപയോഗിച്ചതായി വേടനും സുഹൃത്തുക്കളും സമ്മതിച്ചതായി തൃപ്പൂണിത്തുറ എസ്എച്ച്ഒ എഎൽ യേശുദാസ് പറഞ്ഞു.

വേടന്റെ സംഗീത പരിപാടിയുടെ സംഘത്തിലുള്ളവരാണ് ഫ്ലാറ്റിൽ ഒപ്പം ഉണ്ടായിരുന്നത്. സംഗീത ഉപകരണങ്ങൾ സൂക്ഷിക്കാനും പ്രാക്ടീസിനുമായാണ് വേടനും സുഹൃത്തും ചേർന്ന് ഈ ഫ്ലാറ്റ് വാടകക്കെടുത്തത്. മുറിയിൽ നിന്ന് 9.5 ലക്ഷം കണ്ടെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് ഇവർ പരിപാടി കഴിഞ്ഞെത്തിയത്. പോലീസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ സംഘം വിശ്രമിക്കുകയായിരുന്നുവെന്നു. കുറച്ച് ദിവസമായി ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകും. വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യംനൽകി വിടാനാണ് തീരുമാനം. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് ഇവർ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്ത് പറയാനാവില്ലെന്നും പോലീസ് അറിയിച്ചു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇടുക്കിയിലെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്ന് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in