

ബലാല്‍സംഗ കേസുകളില്‍ കോടതികള്‍ അറസ്റ്റ് തടഞ്ഞതിന്റെ ആനുകൂല്യത്തിലായിരുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായത് മൂന്നാമത്തെ കേസില്‍. തിരുവല്ല സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്ന് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇമെയില്‍ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബലാല്‍സംഗം, ഗര്‍ഭച്ഛിദ്രം എന്നിവയുള്‍പ്പെടെ ആദ്യ രണ്ട് കേസുകളിലേതിന് സമാനമായ ആരോപണങ്ങള്‍ ഈ കേസിലുമുണ്ട്. കൂടാതെ സാമ്പത്തിക ചൂഷണ ആരോപണം കൂടി മൂന്നാമത്തെ കേസിലുണ്ട്.
പാലക്കാട് കെപിഎം റീജന്‍സി ഹോട്ടലില്‍ നിന്നാണ് രാഹുല്‍ പിടിയിലായത്. പാലക്കാട് രാഹുല്‍ താമസിച്ചിരുന്ന ഹോട്ടല്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ അടക്കം വാങ്ങി വെച്ചതിന് ശേഷമായിരുന്നു പൊലീസ് നീക്കം. മുറിയില്‍ എത്തി കസ്റ്റഡിയാണെന്ന് അറിയിക്കുകയും പത്തനംതിട്ടയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘം തന്നെയാണ് ഈ കേസിലും നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
രാഹുലിന് എതിരായ ആദ്യ പരാതിയില്‍ ഹൈക്കോടതിയാണ് അറസ്റ്റ് തടഞ്ഞത്. തിരുവനന്തപുരത്തെ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തൊട്ടുപിന്നാലെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ രാഹുല്‍ വിചാരണക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കുകയും രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഒളിവിലായിരുന്ന രാഹുല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. ആദ്യ കേസില്‍ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ജനുവരി 21 വരെ ഹൈക്കോടതി നീട്ടിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. എന്നാല്‍ മൂന്നാമത്തെ കേസില്‍ രഹസ്യ നീക്കത്തിലൂടെയാണ് പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.