
രണ്ടു പേര്‍ കെട്ടിപ്പിടിച്ചാല്‍ ലോകം കീഴ്‌മേല്‍ മറിയുമോ? സോഷ്യല്‍ മീഡിയയെന്ന സമാന്തര ലോകം വേണമെങ്കില്‍ കീഴ്‌മേല്‍ മറിഞ്ഞേക്കാം. മന്ത്രിസ്ഥാനം രാജിവെച്ച് എംപിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുന്ന കെ.രാധാകൃഷ്ണനെ ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യര്‍ കെട്ടിപ്പിടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കെ.രാധാകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച ദിവ്യ താന്‍ പത്തനംതിട്ട ജില്ലാ കളക്ടറായിരുന്നപ്പോള്‍ എടുത്ത ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഒരു ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചു. ആ ചിത്രമാണ് വൈറലായത്.
കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം. രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ, സര്‍...എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയക്കാനെത്തിയ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍ എന്നായിരുന്നു ദിവ്യയുടെ കുറിപ്പ്. ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് നിരവധി പേര്‍ പോസ്റ്റുകള്‍ എഴുതി.
തൊട്ടുപിന്നാലെ ദിവ്യയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരിനാഥനും ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് പോസ്റ്റിട്ടു.
ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ചചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്. നെഗറ്റീവ് കമന്റ്‌സും മറ്റ് അപ്രസക്തവാദങ്ങളും നോക്കാതിരുന്നാള്‍ മതിയെന്ന് ശബരിനാഥന്‍ കുറിച്ചു.
സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഈ ചിത്രം.