അന്റെ പൊരയാണോടാ ഇത്, കുഞ്ഞാലിക്കുട്ടീനെ കുറ്റം പറയണ്ട യൂസ്‌ലസ്; തങ്ങളുടെ മകന് തെറിയും ഭീഷണിയും

അന്റെ പൊരയാണോടാ ഇത്, കുഞ്ഞാലിക്കുട്ടീനെ കുറ്റം പറയണ്ട യൂസ്‌ലസ്; തങ്ങളുടെ മകന് തെറിയും ഭീഷണിയും

കോഴിക്കോട് ലീഗ് ഹൗസില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കതിരെ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ തെറിവിളിയും ഭീഷണിയുമായി ലീഗ് പ്രവര്‍ത്തകന്‍. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ എത്തിയ ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയകാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ചാല്‍ പുറത്ത് നിന്ന് നേരിടുമെന്ന് ഭീഷണി മുഴക്കി. പാര്‍ട്ടിയെ ഇവിടെ വച്ച് കുറ്റം പറയരുതെന്നും റാഫി.

അടിച്ചുണ്ടല്ലോ അന്ന, പത്രസമ്മേളനം എന്നും പറഞ്ഞാണോ ലീഗിന്റെ കുന്ത്രാണ്ടം പറയുന്നത്. നീ മനസിലാക്കിക്കോ, പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം, യൂസ് ലസ്. കുഞ്ഞാലിക്കുട്ടിയെ കുറ്റം പറയാന്‍ അന്റെ പൊരയാണോ ഇത്. നീ മനസിലാക്കിക്കോ. ചന്ദ്രിക വിഷയത്തില്‍ യോഗം വിളിച്ചിട്ട്, യൂസ് ലസ്.

ചന്ദ്രിക ദിനപത്രത്തിലെ കള്ളപ്പണ വിവാദത്തിലും മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും കുഞ്ഞാലിക്കുട്ടിക്കെതിരെ തുറന്നടിച്ചാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ മുയിന്‍ അലി രംഗത്ത് വന്നത്. ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനും ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുകള്‍ക്കും കാരണം പി.കെ കുഞ്ഞാലിക്കുട്ടിയാണെന്നും മുയിന്‍ അലി. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി ചതിച്ചതാണെന്ന ആരോപണവുമായി മുന്‍മന്ത്രി കെ.ടി ജലീലും രംഗത്ത് വന്നിരുന്നു. 40 വര്‍ഷമായി മുസ്ലിം ലീഗിലെ പാര്‍ട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് പികെ കുഞ്ഞാലിക്കുട്ടി നേരിട്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമല്ല, എല്ലാ കാര്യത്തിലും. നിലവിലെ ഉത്തരവാദിത്വവും കുഞ്ഞാലികുട്ടിക്ക് തന്നെയാണ്. അദ്ദേഹത്തിന്റെ വളരെ വിശസ്തനായ വ്യക്തിയാണ് എ സമീര്‍. സമീര്‍ ചന്ദ്രികയില്‍ വരുന്നതായി ഞാന്‍ കണ്ടിട്ടില്ല. ഫിനാന്‍സ് മാനേജറായി സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല. ചന്ദ്രികയിലെ ധനകാര്യ മാനേജ്മെന്റ് പാളിയിട്ടുണ്ട്. അദ്ദേഹത്തെ പേടിച്ചാണ് ആരും മിണ്ടാത്തതെന്നും മുയിന്‍ അലി.

പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇതുപോലൊരു ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ മകന്‍. മുസ്ലിം ലീഗ് ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയിരിക്കുകയാണെന്നും മൊയിന്‍ അലി

കള്ളപ്പണ ഇടപാടില്‍ ഹൈദരലി തങ്ങളെ ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ലീഗിലെ പൊട്ടിത്തെറി. മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ആത്മീയ പിന്‍ബലമുള്ള പാണക്കാട് കുടുംബം കള്ളപ്പണ ഇടപാടില്‍ അന്വേഷണ സംഘത്തിന് മുന്നിലെത്തുന്നത് ലീഗിനകത്തും പ്രതിസന്ധി തീര്‍ത്തിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചും പാണക്കാട് ഹൈദരലി തങ്ങളെ പിന്തുണച്ചുമാണ് കെ.ടി ജലീല്‍ രണ്ട് ദിവസമായി മാധ്യമങ്ങളോട് സംസാരിക്കുന്നത്.

അന്റെ പൊരയാണോടാ ഇത്, കുഞ്ഞാലിക്കുട്ടീനെ കുറ്റം പറയണ്ട യൂസ്‌ലസ്; തങ്ങളുടെ മകന് തെറിയും ഭീഷണിയും
ബാപ്പ മാനസിക സമ്മര്‍ദ്ദത്തില്‍, എല്ലാം കുഞ്ഞാലിക്കുട്ടി ചെയ്തത്; തുറന്നടിച്ച് ഹൈദരലി തങ്ങളുടെ മകന്‍

Related Stories

No stories found.
logo
The Cue
www.thecue.in