പാവപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിച്ചതിന് ആക്രമിക്കപ്പെടുന്നു; കുറ്റം ആവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പ്രമോദ് രാമന്‍

പാവപ്പെട്ടവര്‍ക്ക് വേണ്ടി സംസാരിച്ചതിന് ആക്രമിക്കപ്പെടുന്നു; കുറ്റം ആവര്‍ത്തിക്കാനാണ് തീരുമാനമെന്ന് പ്രമോദ് രാമന്‍

അരികുവത്ക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ താനും സഹപ്രവര്‍ത്തകരും വ്യക്തിപരമായി പോലും സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കപ്പെടുകയാണെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. ഇനിയും കുറ്റം ആവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിന് പുറമേ അതും നേരിടുന്നു. മീഡിയവണ്‍ തുറന്ന പുസ്തകമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.

സമൂഹ മാധ്യമങ്ങള്‍ വഴി ഒരുവിഭാഗം ആളുകള്‍ നുണ പ്രചരിപ്പിക്കുന്നു. മീഡിയ വണിന്റെ ഭാഗത്ത് നിന്ന് നേരത്തെ രാജ്യദ്രോഹ പ്രവര്‍ത്തനമോ ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളോ ഉണ്ടായിരുന്നെങ്കില്‍ ഇതേ സര്‍ക്കാരിന് തന്നെ നടപടി എടുക്കാമായിരുന്നില്ലേയെന്നും പ്രമോദ് രാമന്‍ ചോദിച്ചു. ലൈസന്‍സ് പുതുക്കാന്‍ 10 വര്‍ഷത്തിന് ശേഷം അപേക്ഷ നല്‍കുമ്പോഴാണോ പെട്ടെന്ന് ബോധേദയം ഉണ്ടാകുന്നത്. കോടതിയെ ബോധിപ്പിക്കാന്‍ മാത്രം കഴിയുന്ന പുറത്ത് വിടാന്‍ കഴിയാത്ത അതിഗുരുതമായ ഏതോ ദേശീയ സുരക്ഷ ലംഘനം മീഡിയവണ്ണിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നെങ്കില്‍ നേരത്തെ നടപടിയെടുക്കാമായിരുന്നു. അത് ചെയ്തില്ല. കോടതിയില്‍ സമര്‍പ്പിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ മീഡിയവണ്ണിനെ കുറ്റപ്പെടുത്താനോ ശിക്ഷിക്കാനോ കഴിയുന്ന ഒന്നുമില്ലെന്ന് ഉറപ്പിച്ചു പറയുന്നു. കാരണം ടെലിവിഷന്‍ ചാനല്‍ എല്ലാ കാര്യങ്ങളും പ്രേക്ഷകര്‍ക്ക് മുന്നിലാണ് സംഭവിക്കുന്നത്. മീഡിയവണ്‍ തുറന്ന പുസ്തകമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.

എന്‍.ഡി.ടി.വിക്ക് ഒരു ദിവസം വിലക്കിയിരുന്നു കേന്ദ്രസര്‍ക്കാര്‍. പത്താന്‍കോട് ആക്രമണം നടന്ന സമയത്ത് ആ ദൃശ്യങ്ങളില്‍ ദേശീയതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞിരുന്നു. അതിന് അവര്‍ മറുപടി നല്‍കി. തൃപ്തികരമല്ലെന്ന കാരണം പറഞ്ഞ് ചാനല്‍ അധികൃതരെ വിളിച്ച് നേരിട്ട് വിശദീകരണം ആവശ്യപ്പെട്ടു. സുപ്രീംകോടതിക്ക് മുന്നിലെത്തിയതിനാല്‍ കടുത്ത പരാമര്‍ശങ്ങള്‍ ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. സി.എ.എ വിരുദ്ധ സമരത്തിന്റെ പേരില്‍ മീഡിയ വണിനും ഏഷ്യാനെറ്റ് ന്യൂസിനും വിലക്ക് ഏര്‍പ്പെടുത്തിയതും പ്രമോദ് രാമന്‍ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in