പാലാ നഗരസഭയിൽ സിപിഎമ്മും കേരള കോൺഗ്രസ്സ് എമ്മും തമ്മിൽ കയ്യാങ്കളി; പരിക്കേറ്റ കൗൺസിലർമാർ ആശുപത്രിയിൽ

പാലാ നഗരസഭയിൽ സിപിഎമ്മും കേരള കോൺഗ്രസ്സ് എമ്മും  തമ്മിൽ കയ്യാങ്കളി; പരിക്കേറ്റ കൗൺസിലർമാർ ആശുപത്രിയിൽ

പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും വാക്കേറ്റവും. സിപിഎമ്മിന്റെയും കേരള കോൺഗ്രസിന്റെയും നേതാക്കൻമാർ തമ്മിലായിരുന്നു അടിപിടി. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ നിയമ പ്രശ്നമാണ് സംഘർഷത്തിൽ അവസാനിച്ചത്.

ഇന്ന് നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍, സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു നിയമ പ്രശ്‌നം സിപിഐഎമ്മിന്റെ ബിനു പുളിക്കണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്ത് എത്തി. ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ആദ്യം ബിനുവിനെ ബൈജു തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മർദിച്ചു . തുടര്‍ന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി.

ജോസ് കെ മാണി കൂറുമാറിയതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള കോൺഗ്രസ്സ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭാ ഭരണം ഇടതിന്റെ കൈകളിലെത്തിയത്. കേരള കോണ്‍ഗ്രസ് എം-സിപിഐഎം സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട് . സ്റ്റാന്‍ഡിങ് കമ്മറ്റി ചേരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നേരത്തെതന്നെയുണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in