പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്, 100ലേറെ അറസ്റ്റ്; കേരളത്തില്‍ നിന്ന് 25 നേതാക്കള്‍ കസ്റ്റഡിയില്‍; ഹര്‍ത്താലിന് ആഹ്വാനം

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ റെയ്ഡ്, 100ലേറെ അറസ്റ്റ്; കേരളത്തില്‍ നിന്ന് 25 നേതാക്കള്‍ കസ്റ്റഡിയില്‍; ഹര്‍ത്താലിന് ആഹ്വാനം

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡില്‍ പതിനഞ്ചോളം പേരെ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരത്തെ ഉള്‍പ്പെടെയാണ് അറസ്റ്റ് ചെയ്ത് ഡല്‍ഹിക്ക് കൊണ്ട് പോകുന്നത്. എന്‍ഐഎ-ഇഡി ഉള്‍പ്പെടെ ഡല്‍ഹി, ബിഹാര്‍, ആന്ധ്ര, കര്‍ണാടക, കേരളം ഉള്‍പ്പെടെ പതിനൊന്ന് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഭീകരവാദ പ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിച്ചെന്നും തീവ്രവാദ പരിശീലനം നല്‍കിയെന്നും ആരോപിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡും അറസ്റ്റുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ നിന്ന് 22 പേരെയും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും 20 പേരെയും ആന്ധ്രയില്‍ നിന്ന് 5 പേരെയും അസമില്‍ നിന്ന് 9 പേരെയും ഡല്‍ഹിയില്‍ നിന്ന് 3 പേരെയും മധ്യപ്രദേശില്‍ നിന്ന് 4 പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാടില്‍ നിന്ന് 10 പേരും ഉത്തര്‍പ്രദേശില്‍ നിന്ന് 8 പേരും രാജസ്ഥാനില്‍ നിന്ന് 2 പേരും പിടിയിലായിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡും എന്‍ഐഎ നീക്കവും വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നത തല യോഗം ചേര്‍ന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍ഐഎ ചീഫ് ദിനകര്‍ ഗുപ്ത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനും അറസ്റ്റിനുമെതിരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെപ്തംബര്‍ 22ന് ഹര്‍ത്താലിനും ആഹ്വാനം നല്‍കിയിട്ടുണ്ട്. വിയോജിപ്പ് പ്രകടിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ നീക്കമാണ് ഇതെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചു.

മംഗലാപുരത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫീസിനൊപ്പം എസ്ഡിപിഐ കേന്ദ്രങ്ങളിലും പുലര്‍ച്ചെ റെയ്ഡ് നടത്തിയിരുന്നു. കോയമ്പത്തൂരില്‍ പിഎഫഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം എ. എസ് ഇസ്മയിലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് നസറുദ്ദീന്‍ എളമരത്തെ കൂടാതെ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, കരമന അഷ്‌റഫ് മൗലവി, ഇ. അബൂബക്കര്‍, യഹിയ തങ്ങള്‍, സാദിഖ് അഹമ്മദ് എന്നീ നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 14 നേതാക്കളെയും ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

Related Stories

No stories found.
logo
The Cue
www.thecue.in