
സ്വര്‍ണക്കടത്ത് കേസിലെ പുതിയ വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴച്ചത് ആരാണെങ്കിലും വെറുതെ വിടില്ലെന്ന് മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്ററുമായ എം.വി നികേഷ് കുമാര്‍. എന്റെ പേര് സ്വപ്നയുടെ മുന്നില്‍ ആളാകാന്‍ ദുരുപയോഗിച്ചിട്ടുണ്ട് എങ്കില്‍ ഷാജ് ദുഖിക്കും. എനിക്ക് ആകെയുള്ള സ്വത്ത് ക്രെഡിബിലിറ്റിയാണ്. അത് തട്ടിക്കളിക്കാന്‍ ഷാജ് എന്റെ ആരുമല്ല. വരട്ടെ, സ്വപ്ന തെളിവ് പുറത്തു വിടട്ടെ.
എന്റെ പേര് കൂട്ടിച്ചേര്‍ക്കപ്പെട്ടത് ചിലര്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. പൂര്‍ണ്ണ ബോധ്യം ഇല്ലാതെ ആസൂത്രണമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ല. ഏതായാലും, ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ ഒരു മാധ്യമ സ്ഥാപനം എന്ന നിലയില് റിപ്പോര്‍ട്ടര്‍ ടിവി നടത്തും. കാരണം ഇരുപക്ഷവും രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ആരാണ് ശരി ആരാണ് തെറ്റ് എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
നികേഷ് കുമാറിന്റെ പ്രതികരണത്തില്‍ നിന്ന്
ഇന്നലെ എന്നെ ഷാജ് കിരണ്‍ എന്ന ആള്‍ വിളിച്ചിരുന്നു. രണ്ടു മൂന്നു പ്രാവശ്യം വിളിച്ചപ്പോഴും എടുക്കാന്‍ പറ്റിയില്ല. ഫോണ്‍ എടുക്കാത്തത് കൊണ്ടാകാം അയാള്‍ രാത്രി 8:44ന് എനിക്ക് ഒരു എസ്എംഎസ് അയച്ചു. 'സര്‍ വെരി അര്‍ജെന്റ്' എന്നും 'ഇമ്പോര്‍ട്ടന്റ് മാറ്റര്‍ സ്വപ്ന കേസ്' എന്നീ രണ്ടു മെസേജുകള്‍ എന്റെ ഫോണില്‍ ഉണ്ട്. വാര്‍ത്താപരമായ കാര്യമായതിനാല്‍ ഒന്‍പത് മണി കഴിഞ്ഞ് തിരിച്ചു വിളിച്ചു. ഷാജി പറഞ്ഞത് ഇങ്ങനെയാണ് 'സ്വപ്നാ സുരേഷ് വിഷയം നമ്മള്‍ പുറത്തു കേള്‍ക്കുന്നതൊന്നും അല്ല. അവരെ എച്ച്ആര്‍ഡിഎസ് തടങ്കലില്‍ വെച്ചിരിക്കുകയാണ്. വക്കീല്‍ ആണ് അവരെക്കൊണ്ട് പലതും പറയിപ്പിക്കുന്നത്. അവര്‍ എന്നെ ബാത്റൂമില്‍ ഇരുന്ന് വിളിച്ചു. ഞാന്‍ (സ്വപ്ന )ആത്മഹത്യാ മുനമ്പില്‍ ആണെന്ന് പറഞ്ഞു'. ഈ കാര്യം പറഞ്ഞതിനു ശേഷം ഷാജി എന്നോട് ആവശ്യപ്പെട്ടു, സര്‍ വന്ന് ഒരു എക്സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ എടുക്കണം. സാറിനോട് മാത്രമേ അവര്‍ തുറന്നു പറയുകയുള്ളൂ.' എനിക്ക് എച്ച്ആര്‍ഡിഎസിലെ ആള്‍ക്കൂട്ടത്തെക്കുറിച്ച് ധാരണ ഉള്ളത് കൊണ്ട്, ഇന്റര്‍വ്യൂ എടുക്കാം, പക്ഷെ ആളുകള്‍ ചുറ്റും കൂടി നിന്നു കൊണ്ടുള്ള ഒരു ഇന്റര്‍വ്യൂ പറ്റില്ല. അതിന് അവര്‍ തയ്യാറാണോ എന്ന് ചോദിക്കൂ എന്ന് പറഞ്ഞു. തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത ഷാജി അവര്‍ വേണമെങ്കില്‍ ഞാന്‍ ഉള്ള കൊച്ചിയില്‍ വരാനും തയ്യാറാണ് എന്ന് പറഞ്ഞു. അത് വേണ്ട, ഞാന്‍ ട്രാവല്‍ ചെയ്തോളാം. രാവിലെ എനിക്ക് നേരത്തെ നിശ്ചയിച്ച ചില കാര്യങ്ങള്‍ ഉണ്ട്, അതുകൊണ്ട് വരാന്‍ പറ്റുന്ന സമയം അറിയിക്കാം എന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. രാവിലെ നടക്കേണ്ട എന്റെ മീറ്റിംഗ് നീണ്ടുപോയി. അതിനിടയില്‍ ഷാജി വിളിക്കുമ്പോഴും എനിക്ക് എപ്പോള്‍ ഇന്റര്‍വ്യൂവിനായി വരാന്‍ കഴിയും എന്നത് സംബന്ധിച്ച് ഒരു വ്യക്തത നല്‍കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഈ സമയം എല്ലാം ഷാജി എന്നെ ഇന്റര്‍വ്യൂവിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. വൈകീട്ട് സ്വപ്നയുടെ വാര്‍ത്താ സമ്മേളനം കണ്ടപ്പോള്‍ എനിക്ക് ഇതിന്റെ തിരക്കഥ സംബന്ധിച്ച് സംശയം വരുന്നു. എന്റെ സംശയം രണ്ടു തരത്തില്‍ ആണ്.
ഒന്ന്: ഷാജിയും സ്വപ്നയും ചേര്‍ന്ന് എന്നെ അവിടെ എത്തിച്ച് പുതിയ ഒരു തിരക്കഥ സൃഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നോ? രണ്ട്: ഷാജിയുടെ 'തള്ള് ' ഇതില്‍ പങ്കുവഹിച്ചിട്ടുണ്ടോ? ഒരു ബലം കിട്ടാന്‍ സ്വപ്നയുടെ മുന്‍പില്‍ ഷാജി വായില്‍ തോന്നുന്നത് പറഞ്ഞിട്ടുണ്ടോ? രണ്ടായാലും എനിക്ക് കാര്യം അറിയണം. എന്റെ പേര് രണ്ടു പേരില്‍ ആരെങ്കിലും ദുരുപയോഗിച്ചിട്ടുണ്ടെങ്കില്‍ വിടില്ല ഞാന്‍. അറ്റം വരെ പോകും.
സ്വപ്നാ സുരേഷിനെ ഒരിക്കലും ഞാന്‍ ഫോണില്‍ വിളിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. ഒരു വാര്‍ത്താ സോഴ്സ് എന്ന നിലയില്‍ വിളിക്കുന്നതിലോ കാണുന്നതിലോ തെറ്റില്ല. പക്ഷെ, അങ്ങനെ ഉണ്ടായിട്ടില്ല എന്ന് മാത്രം. കുറ്റാരോപിതരായാലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരായാലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നവരെ മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ്ങിനായി സമീപിക്കുന്നത് സ്വാഭാവികമാണ്.
മാധ്യമ പ്രവര്‍ത്തനം പൂര്‍ണ്ണമായും ആസ്വദിക്കുന്ന ആളാണ് ഞാന്‍. സോഴ്സില്‍ എത്തിപ്പെടുമ്പോള്‍ ഉള്ള ആനന്ദം വേറൊന്നാണ്. അതില്‍ നിന്ന് ഒരു ബ്രെയ്ക്കിംഗ് ന്യൂസ് രൂപപ്പെടുമ്പോള്‍ കുഞ്ഞു ജനിക്കുന്നതിന്റെ ആഹ്ലാദം ആണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുഭവപ്പെടുക. എനിക്കും അങ്ങനെയാണ്. മുഖം നോക്കാതെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ആണ് സുഖം. ഒത്തു തീര്‍പ്പിന് ഇറങ്ങിയാല്‍ ആ സുഖം പോയില്ലേ.
ആരായാലും എന്റെ പേര് ദുരുപയോഗിച്ചാല്‍ വെറുതെ വിടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇടുന്ന ഉടുപ്പ് അല്ലാതെ സ്വന്തമായി സമ്പാദ്യം ഇല്ലാത്ത ആള്‍ ആണ്. വീടോ കാറോ സമ്പാദിക്കാന്‍ ശ്രമിച്ചിട്ടില്ല. ഒരു സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ നടത്തുക വലിയ വെല്ലുവിളിയാണ്. എന്റെ ക്രെഡിബിലിറ്റി തട്ടിക്കളിക്കാന്‍ സ്വപ്നയേയോ ഷാജിനെയോ അനുവദിക്കാന്‍ ആവില്ല. അത് എന്നെ മാത്രമല്ല എന്റെ കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാവരേയും ബാധിക്കും. അതിനാല്‍ അവസാനം വരെ പോകും.