മുട്ടിൽ മരംമുറി: ആദിവാസി കർഷകരെ പറ്റിച്ച് റോജി അ​ഗസ്റ്റിൻ വ്യാജ അപേക്ഷയുണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ,ഉടമയെ ന്യായീകരിച്ച് റിപ്പോർട്ടർ

മുട്ടിൽ മരംമുറി: ആദിവാസി കർഷകരെ പറ്റിച്ച് റോജി അ​ഗസ്റ്റിൻ വ്യാജ അപേക്ഷയുണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ,ഉടമയെ ന്യായീകരിച്ച് റിപ്പോർട്ടർ
Summary

''നിങ്ങളൊന്നുമറിയേണ്ട മരം തന്നേക്ക് എന്നാണ് എന്നോട് പറഞ്ഞത്. 80,000 രൂപ തന്നു. എന്‍റെയും പെങ്ങളുടെയും പട്ടയത്തിലുള്ള ഓരോ മരങ്ങളാണ് എടുത്തത്"

മുട്ടിൽ മരംമുറി കേസിലെ മുഖ്യ പ്രതി റോജി അ​ഗസ്റ്റിനെതിരെ ആദിവാസി കർഷകർ. മരം മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് കള്ളം പറഞ്ഞാണ് റോജി അഗസ്റ്റിൻ തന്നെ സമീപിച്ചതെന്ന് മുട്ടിൽ മരംമുറിയിൽ തട്ടിപ്പിന് ഇരയായ വയനാട് വാഴവറ്റയിലെ ആദിവാസി കർഷകൻ ബാലൻ. തന്റെ പേരിൽ വില്ലേജ് ഓഫിസിൽ നൽകിയിരിക്കുന്നത് വ്യാജ ഒപ്പാണെന്നും ബാലൻ വയനാട്ടിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. താനോ സഹോദരിയോ എവിടെയും മരം മുറിക്കാനുള്ള അപേക്ഷ നൽകിയിട്ടില്ലെന്നും ബാലൻ. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ അന്വേഷണത്തിന്റെ ഭാ​ഗമായി എത്തിയപ്പോഴാണ് മരംമുറിച്ചത് അനുമതിയില്ലാതെയാണെന്ന് തങ്ങൾ അറിഞ്ഞതെന്നും വാഴവറ്റ കോളനിയിലെ വാളംവയൽ ബാലനും ചന്തുവും. പതിനഞ്ച് അടിയിലധികം നീളമുള്ള മരമാണ് തന്റെയും സഹോദരിയുടെയും പറമ്പിൽ നിന്ന് മുറിച്ചതെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

”മരം മുറിക്കാൻ സർക്കാരിന്റെ ഉത്തരവുണ്ടെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വീടിന് അടുത്തു നിന്ന മരം വിൽക്കാൻ തയ്യാറായത്. പണം കുറവാണെന്ന് പറഞ്ഞപ്പോൾ പേപ്പർ വർക്കുകൾക്ക് ചെലവുണ്ടെന്നാണ് പറഞ്ഞത്. കടലാസെല്ലാം ശരിയാക്കിക്കൊള്ളാം. നിങ്ങളൊന്നുമറിയേണ്ട മരം തന്നേക്ക് എന്നാണ് എന്നോട് പറഞ്ഞത്. 80,000 രൂപ തന്നു. എന്‍റെയും പെങ്ങളുടെയും പട്ടയത്തിലുള്ള ഓരോ മരങ്ങളാണ് എടുത്തത്"

ബാലന്‍

കൂടുതൽ വെളിപ്പെടുത്തലുമായി മുൻനിര ചാനലുകളും പത്രങ്ങളും

ആദിവാസി കർഷകരുടെ പേരിൽ കള്ള ഒപ്പിട്ടും വ്യാജ അപേക്ഷ തയ്യാറാക്കിയുമാണ് പ്രതികൾ മരംമുറി അനുമതി നേടിയതെന്നാണ് മാതൃഭൂമി ദിനപത്രവും മനോരമ ന്യൂസ്, ന്യൂസ് 18, മീഡിയ വൺ, മാതൃഭൂമി ന്യൂസ് , ഏഷ്യാനെറ്റ് ന്യൂസ്, തുടങ്ങിയ ചാനലുകളും ഇന്നും ഇന്നലെയുമായി നൽകിയ വാർത്തകളിലൂടെ പുറത്തുവിട്ടത്. മുട്ടിൽ മരംമുറി കേസിലെ തുടർനടപടികളെക്കുറിച്ച് മാതൃഭൂമി പത്രവും ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ചാനലുകളും തുടർച്ചയായി റിപ്പോർട്ടുകൾ നൽകിത്തുടങ്ങിയതിന് പിന്നാലെ മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്ക് അനുകൂലമായ വാർത്തകൾ അവതരിപ്പിച്ച് ഇവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ രം​ഗത്തെത്തി. മുട്ടിൽ മരംമുറിക്കേസ് പ്രതികളായ റോജി അ​ഗസ്റ്റിൻ, ആന്റോ അ​ഗസ്റ്റിൻ, ജോസുകുട്ടി അ​ഗസ്റ്റിൻ എന്നിവർ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിം​ഗ് കമ്പനി എന്ന കമ്പനി രൂപീകരിച്ച് എംവി നികേഷ് കുമാറിന്റെ ഉടമസ്ഥതയിലായിരുന്ന റിപ്പോർട്ടർ ചാനൽ അടുത്തിടെ സ്വന്തമാക്കിയിരുന്നു. നേരത്തെ തന്നെ റിപ്പോർട്ടർ ചാനലിന്റെ ഓഹരി പങ്കാളികളായിരുന്ന അ​ഗസ്റ്റിൻ സഹോദരങ്ങൾ ഭൂരിപക്ഷ ഓഹരികൾ വാങ്ങി ചാനലിനെ പുതിയ കമ്പനിക്ക് കീഴിലാക്കുകയായിരുന്നു.

ജൂലൈ 25ന് രാവിലെ എഴരക്കും എട്ടിനുമായി മുഖ്യപ്രതികൾക്കെതിരെ വെളിപ്പെടുത്തലുണ്ടാകുമെന്ന് ന്യൂസ് 18നും മീഡിയ വണ്ണും സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വയനാട്ടിലെ മരംമുറി കള്ളക്കഥകൾക്ക് പിന്നിൽ ആര്? എന്ന തലക്കെട്ടിൽ വീഡിയോ പ്രമോയുമായി റിപ്പോർട്ടർ ചാനൽ ഇതേ സമയത്ത് തങ്ങളുടെ റിപ്പോർട്ട് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോർട്ടർ ഇൻവെസ്റ്റി​ഗേഷൻ ടീം മാധ്യമ ഉദ്യോ​ഗസ്ഥ അഴിമതിക്കഥകളും സിനിമയിലെ പ്രമുഖന്റെ കള്ളപ്പണവും മരംമുറി അന്വേഷണ റിപ്പോർട്ടായി പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും രാവിലെ നൽകിയ വാർത്തകളിലുണ്ടായില്ല.

റിപ്പോർട്ടർ ചാനൽ കൺസൾട്ടിം​ഗ് എഡിറ്റർ ഡോ.അരുൺ കുമാറാണ് റോജി അ​ഗസ്റ്റിനും സഹോദരങ്ങളും പ്രതിയായ മരംമുറി കേസിൽ മരങ്ങൾ മുറിച്ച് കടത്തിയത് വനത്തിൽ നിന്നല്ലെന്നും റവന്യൂ ഭൂമിയിൽ നിന്നാണെന്നുമുള്ള വാർത്ത അവതരിപ്പിച്ചത്. 24 ന്യൂസിലായിരിക്കെ മുട്ടിൽ മരം മുറി കേസിൽ ഡോ. അരുൺകുമാർ പ്രത്യേക പ്രോ​​ഗ്രാം തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. വീരപ്പൻ എന്നെഴുതിയ ലോറിയിൽ എത്തി ഓ​ഗ്മെന്റ് റിയാലിറ്റിയിലൂടെ കോടികളുടെ വനംകൊള്ളയെ ​ഗ്രാഫിക്സ് പിന്തുണയിൽ അവതരിപ്പിക്കുന്നതായിരുന്നു പ്രോ​ഗ്രാം.

മുട്ടിൽ മരംമുറി കേസിനെ വയനാട് മരംമുറി കേസെന്ന രീതിയിൽ അവതരിപ്പിച്ചായിരുന്നു റിപ്പോർട്ടർ ചാനലിന്റെ മോണിം​ഗ് ബാൻഡിലെ ലൈവ്. തങ്ങളുടെ ഉടമയും മരംമുറി കേസിലെ മുഖ്യപ്രതിയുമായ റോജി അ​ഗസ്റ്റിന് അനുകൂലമായ വാദവുമായി റിപ്പോർട്ടർ ചാനൽ ലൈവ് നടത്തിയ അതേ സമയത്ത് മീഡിയ വൺ, മനോരമ, ന്യൂസ് 18 എന്നീ ചാനലുകൾ പ്രതി റോജി അ​ഗസ്റ്റിൻ കർഷകരെ പറ്റിച്ച് വ്യാജ അപേക്ഷയുണ്ടാക്കിയെന്ന റിപ്പോർട്ടിനൊപ്പം പ്രതിക്കെതിരെയുള്ള ഇരകളായ കർഷകരുടെ വെളിപ്പെടുത്തലും പുറത്തുവിട്ടു.

റവന്യൂ ഭൂമിയിൽ നിന്നാണ് മരംമുറിച്ചതെന്നാണ് വനംവകുപ്പ് കോടതിയെ അറിയിച്ചെന്നായിരുന്നു ചാനലിലെ വാർത്ത. കാട്ടിൽ നിന്ന് മരംമുറിച്ചെന്നാരോപിച്ചാണ് റോജി അഗസ്റ്റിനെ ജയിലിൽ അടച്ചതെന്നും ചാനൽ. പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നാണ് തുടക്കം മുതൽക്കേ വനംവകുപ്പ് നിലപാടെടുത്തിരുന്നതെന്ന് തൊട്ടുപിന്നാലെ വാർത്താ സമ്മേളത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ മ​റ​യാ​ക്കി പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റിച്ചതാണ് പ്രതികൾക്ക് മേലുള്ള കുറ്റമെന്നും മന്ത്രി എ.കെ ശശീന്ദ്രൻ.

കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കും, രക്ഷപ്പെടാനുള്ള വാദം സ്വാഭാവികം: മന്ത്രി എ.കെ ശശീന്ദ്രൻ

ഒ​രു സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ മ​റ​യാ​ക്കി പ​ട്ട​യ​ഭൂ​മി​യി​ൽ​നി​ന്ന് വ്യാ​പ​ക​മാ​യി മ​ര​ങ്ങ​ൾ മു​റി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​ക​ൾ ചെ​യ്തതെന്നും കേ​സി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്ക​ണമെന്നും വനംമന്ത്രി. പ്രതികളെ ഒരു നിലക്കും സംരക്ഷിക്കുന്ന നിലപാട് വനംവകുപ്പ് എടുത്തിട്ടില്ലെന്നും വനംമന്ത്രി. വനംവകുപ്പിന്റെയും രാജ്യത്തിന്റെയും ചരിത്രത്തിൽ ആദ്യമായാണ് മരങ്ങളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയത്. ആരെയും സംരക്ഷിക്കുന്ന രീതിയിൽ അല്ല നിയമനടപടികൾ. പ്രതികൾ എത്ര പ്ര​ഗൽഭരായാലും രക്ഷപ്പെടാൻ അനുവദിക്കില്ല. വനഭൂമിയിൽ നിന്നല്ല പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ച് കടത്തിയതെന്നാണ് ആദ്യം മുതൽക്കേ പറഞ്ഞിരുന്നത്. മറ്റുള്ളത് മാധ്യമങ്ങളുടെ വാദമാണ്.

പ്രതികൾ അവർക്ക് കോടതിയിൽ നിന്നും നിയമനടപടിയിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതുകളും ന്യായീകരണങ്ങളും കണ്ടെത്തും, അത് സ്വാഭാവികമാണ്. ഒരു ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുട്ടിൽ പോലുള്ള പ്രദേശങ്ങളിൽ മരംമുറി നടത്തിയതെന്ന് മുൻ റവന്യു മന്ത്രിയും ഇപ്പോഴത്തെ റവന്യു മന്ത്രിയും സഭയിൽ തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണം ഫലപ്രദമായാണ് നടക്കുന്നതെന്നും ശശീന്ദ്രൻ.

ഏഴ് അപേക്ഷകളും വ്യാജമാണെന്ന് ഫോറൻസിക് റിപ്പോർട്ട്

മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജമാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കർഷകരുടെ പേരിൽ അപേക്ഷ തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ വ്യക്തമായിരുന്നു. ഭൂവുടമകൾ സ്വമേധയാ മരം മുറിക്കാൻ അപേക്ഷ സമർപ്പിച്ചുവെന്നായിരുന്നു പ്രതികളുടെ വാദം.

പ്രതികളുടേത് ഉൾപ്പെട്ട 65 ഉടമകളുടെ ഭൂമിയിൽ നിന്ന് 104 മരങ്ങളാണ് മുറിച്ച് കടത്തിയത്. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രാജകീയ വൃക്ഷങ്ങൾ മുറിച്ച് കടത്തിയതിലാണ് കേസ്. 2021 ജനുവരിയിലാണ് മുട്ടിൽ വില്ലേജിൽ നിന്ന് ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയത്. 202ക്യുബിക് മീറ്റർ ഈട്ടിത്തടികളാണ് വനം വകുപ്പ് പിടികൂടിയത്. മൊത്തം 505 ക്യുബിക് മീറ്റർ ഈട്ടിത്തടികൾ മുറിച്ചതായാണ് വനംവകുപ്പ് കണ്ടെത്തിയത്.

പട്ടയ ഭൂമിയിൽ നട്ടുവളർത്തിയതും വളർന്നുവന്നതുമായ മരങ്ങൾ ഭൂവുടമകൾക്ക് മുറിച്ച് മാറ്റാൻ സർക്കാർ ഇറക്കിയ ഉത്തരവിന്റെ മറവിൽ വൻ വനം കൊള്ള നടത്തിയെന്നായിരുന്നു കേസ്.

2020 ഒക്ടോബറിൽ റവന്യു വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടഫി എ ജയതിലക്‌ ഇറക്കിയ ഉത്തരവിന്റെ മറവിൽ വയനാട്‌ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്ന്‌ സർക്കാരിലേക്ക്‌ റിസർവ്‌ ചെയ്‌ത മരങ്ങൾ മുറിച്ച്‌്‌ നീക്കിയെന്ന വാർത്ത പുറത്ത്‌ വന്നതിന്‌ പിന്നാലെയാണ്‌ മരംമുറി വിവാദമുണ്ടാകുന്നത്‌. 1964ലെ ഭൂമി പതിവ്‌ ചട്ട പ്രകാരം പതിച്ച്‌ കിട്ടിയ ഭൂമിയിൽ നിന്ന്‌ കർഷകർ വച്ച്‌ പിടിച്ചതും സ്വമേധയാ കിളിർത്തതുമായ മരങ്ങൾ മുറിക്കാൻ കർഷകർക്ക്‌ അവകാശം നൽകുന്നതായിരുന്നു ഉത്തരവ്‌. റവന്യ-വനം വകുപ്പ്‌ പരിശോധനയിൽ തേക്ക്‌,ഊട്ടിമരങ്ങൾ മുറിച്ച്‌ കടത്തിയതായി കണ്ടെത്തിയിരുന്നു. കർഷകരെ സഹായിക്കാനുള്ള ഉത്തരവ്‌ ദുർവ്യാഖ്യാനം ചെയ്‌ത്‌ വൻതോതിൽ മരംമുറിച്ചെന്നാണ്‌ റവന്യു വകുപ്പിന്റെയും സർക്കാരിന്റെയും വാദം.

റിപ്പോർട്ടർ ചാനലിന്റെ വാദം, കേസെടുത്ത വനംവകുപ്പിന്റെ വാദം പൊളിഞ്ഞെന്ന് ചാനൽ

കാട്ടിൽ നിന്ന് മരംമുറിച്ചെന്നാരോപിച്ചാണ് റോജി അഗസ്റ്റിനെ ജയിലിൽ അടച്ചത്. മരംമുറിച്ചത് വനത്തിൽ നിന്നല്ലെന്ന നിലപാട് വനംവകുപ്പ് വയനാട് അഡി. ജില്ലാ കോടതിയിലാണ് അറിയിച്ചതെന്ന് റിപ്പോർട്ടർ ചാനൽ. കാട്ടിൽ നിന്ന് മരംമുറിച്ചെന്ന് പറഞ്ഞ് കേസെടുത്ത വനംവകുപ്പിന്റെ വാദം പുതിയ നിലപാടോടെ പൊളിഞ്ഞെന്നും ചാനൽ.

Related Stories

No stories found.
logo
The Cue
www.thecue.in