ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി തിങ്കളാഴ്ച

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി തിങ്കളാഴ്ച

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഉത്തരവെന്ന കോടതി. തിങ്കളാഴ്ച 10.15ന് വിധി പറയും. എന്തെങ്കിലും കൂടുതലായി പറയാനുണ്ടെങ്കില്‍ നാളെ എഴുതി നല്‍കണമെന്ന് കോടതി പ്രതിഭാഗത്തോട് നിര്‍ദേശിച്ചു.

പ്രതികള്‍ പ്രഥമാദൃഷ്ട്യാ കുറ്റക്കാരാണെന്ന് പ്രോസിക്യൂഷന്‍ ഇന്ന് വാദിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിനെല്ലാം തെളിവും സാക്ഷികളുമുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കും. കൂടുതല്‍ ഫോണുകള്‍ പ്രതികളുടെ കൈവശമുണ്ട്. ബാലചന്ദ്രകുമാര്‍ വിശ്വസിക്കാവുന്ന സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഇന്നലെ പ്രതിഭാഗത്തിന്റെ വാദം നടന്നിരുന്നു. പ്രോസിക്യൂഷന്‍ വാദമാണ് ഇന്ന് നടന്നത്.

ഇന്ന് കോടതിയില്‍ നടന്നത്

പ്രോസിക്യൂഷന്റെ വാദം

നടിയെ അക്രമിച്ച കേസിലെ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍. വിസ്താരത്തില്‍ ഭയമില്ല. പ്രതിഭാഗത്തിന്റെ വാദം ഇക്കാര്യത്തില്‍ നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍. നടിയെ അക്രമിച്ച കേസില്‍ പോലീസ് തോല്‍ക്കാന്‍ പോകുകയാണെന്നും അതുകൊണ്ട് പുതിയ കേസ് കെട്ടിച്ചമയ്ക്കുകയാണെന്നും ഇന്നലെ ദിലീപ് വാദിച്ചിരുന്നു.

അസാധാരണ കേസാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികളുടെ പശ്ചാത്തലം പരിശോധിക്കണം. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികള്‍ ക്വട്ടേഷന്‍ നല്‍കിയത്. ദിലീപിന്റേത് ശാപവാക്കല്ലെന്നും വധഗൂഢാലോചനയാണെന്നും പ്രൊസിക്യൂഷന്‍ േൈഹേക്കാടതിയില്‍. പ്രതികളുടെ സംഭാഷണം വധഗൂഢാലോചചനയുടെ ഭാഗമാണ്. ദേഹത്ത് കൈ വച്ച് സുദര്‍ശന്റെ കൈ വെട്ടണമെന്നാണ് ദിലീപ് പറഞ്ഞത്. സുദര്‍ശനും സോജനും പണി കൊടുക്കണമെന്ന് ദിലീപ് പറയുന്നതിന് സംഭാഷണം തെളിവായുണ്ട്. ദിലീപ് വീട്ടിലിരുന്ന് പറഞ്ഞത് ശാപവാക്കാണെന്നായിരുന്നു പ്രതിഭാഗം നേരത്തെ വാദിച്ചിരുന്നത്. നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസ് അസാധാരണമായ ഒന്നാണെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍. അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പ്ലാന്‍ ചെയ്തെന്ന് പ്രൊസിക്യൂഷന്‍.

അന്വേഷണ ഉദ്യോഗസ്ഥനായ ബൗജു പൗലോസ് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ബാലചന്ദ്രകുമാറിനെ ബൈജു പൗലോസിന് മുന്‍പരിചയമില്ല. കിട്ടിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് എ.ഡി.ജി.പി നിര്‍ദേശം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എം.ജി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ ദിലീപ് നടത്തിയ ഗൂഢാലോചനക്ക് സാക്ഷിയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രൊസിക്യൂഷന്‍.

ബാലചന്ദ്രകുമാറിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറഞ്ഞത് കാണുകയും കേള്‍ക്കുകയും ചെയ്തു. ബാലചന്ദ്രകുമാര്‍ ഭാര്യയോടും പറഞ്ഞു. ദിലീപ് തങ്ങളെ കൊല്ലുമെന്ന് ഭയന്നു.''പൊലീസിനോട് പറഞ്ഞാല്‍ ദിലീപ് കൊല്ലും'', ബാലചന്ദ്രകുമാറിന്റെ ഭാര്യ പറഞ്ഞ മൊഴി വായിച്ച് ഡിജിപി. നല്ല പണി കൊടുക്കും എന്ന് പറയുന്നത് എങ്ങനെയാണ് ശാപവാക്കാകുകയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു.

കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്. കേസുമായി പ്രതികള്‍ സഹകരിക്കുന്നില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ കൂട്ടത്തോടെ ഫോണ്‍ മാറ്റിയത് എന്തിനെന്നും സര്‍ക്കാര്‍. ഹാജരാക്കിയ ഫോണുകളുടെ അണ്‍ലോക്കിംഗ് പാറ്റേണ്‍ നല്‍കാന്‍ തയ്യാറായില്ല. അന്വേഷണം വൈകിപ്പിക്കാനുള്ള നീക്കമായിരുന്നു ഇത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ ഫോണുകള്‍ ഒളിപ്പിക്കാനാണ് ശ്രമിച്ചത്.

എഫ്.ഐ.ആറില്‍ എല്ലാ വ്യക്തമാണ്. പ്രോസിക്യൂഷന്‍ പറഞ്ഞു പഠിച്ച സാക്ഷിയല്ല ബാലചന്ദ്രകുമാറെന്നും കോടതിയില്‍ വാദിച്ചു. വിശ്വസ്തനായ സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. എഫ്.ഐ.ആറില്‍ ഗൂഢാലോചന വ്യക്തമാണ്. എ. വി ജോര്‍ജ്, എ.ഡി.ജി.പി ബി.സന്ധ്യ എന്നിവരെ കൊല്ലാനും പദ്ധതിയിട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പുണ്ട്. ബാലചന്ദ്രകുമാരിന്റെ മൊഴി മാത്രമല്ല തങ്ങളുടെ പക്കലുള്ളത്. വേറെയും സാക്ഷികളും തെളിവുകളുമുണ്ട്.

പ്രതികളെ നേരത്തെ തന്നെ കസ്റ്റഡിയില്‍ കിട്ടേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ ഒളിപ്പിച്ച് വെച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. കൂടുതല്‍ ഫോണുകളുണ്ട്. ഗൂഢാലോചന നടത്തിയെന്ന് ആരോപണമുള്ള ഫോണ്‍ കൈമാറാന്‍ പോലും ദിലീപും മറ്റ് പ്രതികളും ആദ്യം തയ്യാറായില്ല. ഏഴ് ഫോണുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറെണ്ണമേ ഉള്ളൂ എന്നാണ് പ്രതികളുടെ വാദം. അവരുടെ വാദം തെറ്റാണെന്ന് കോടതിക്കും ബോധ്യപ്പെട്ടതാണ്. അന്വേഷണത്തോട് ഒരു തരത്തിലും സഹകരിക്കാത്ത നിലപാടാണ് ദിലീപ് ഉള്‍പ്പെടെ പ്രതികളുടേത്. ഇനിയും വൈകുന്നത് പ്രതികള്‍ക്ക് സഹായകരമാകും. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണം.

സാമൂഹികമായ പ്രത്യാഘാതം കൂടി പരിഗണിച്ച വേണം തീരുമാനമെടുക്കാനെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാവുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

പ്രതിഭാഗത്തിന്റെ മറുപടി

പോലീസിന് ദിലീപിനോട് വിരോധമുണ്ട്. കേരള പൊലീസിന്റെ വാദം ഏതേ പടി ഏറ്റുപാടുകയാണ് പ്രൊസ്യൂഷന്‍. ഡി.ജി.പിക്ക് എന്തിനാണ് വിരോധമെന്ന് പ്രതിഭാഗം ചോദിച്ചു. ബൈജു പൗലോസിന് എന്നോടും ദിലീപിനോടുമുള്ള വൈരം മനസിലാകും. ഡിജിപിയും പകയോടെ പെരുമാറുന്നത് എന്തിനാണ്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ കുറേ കൂടി നല്ല രീതിയിലാണ് ഇടപെടേണ്ടത്. പൊലീസിന്റെ വാദം അതേ പടി ആവര്‍ത്തിക്കുന്ന നില ഉണ്ടാകരുത്.

അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. വ്യാജകുറ്റസമ്മതം ഉണ്ടാക്കാനാണ് പൊലീസ് നോക്കുന്നത്. അതിന് തയ്യാറാകാത്തതിനെയാണ് നിസഹകരണമായി പൊലീസ് വ്യാഖ്യാനിക്കുന്നത്. കോടതി അനുവദിച്ച മൂന്ന് ദിവസം ദിലീപും പ്രതികളും കൃത്യമായി അന്വേഷണത്തോട് സഹകരിച്ചിരുന്നു. മൂന്ന് ദിവസം 11 മണിക്കൂര്‍ വീതമാണ് അന്വേഷണ സംഘത്തിന് മുന്നിലിരുന്നത്.

കുടുംബത്തോടൊപ്പം സ്വസ്ഥമായി കഴിയുകയല്ലേ എന്ന് വിചാരണ വേളയില്‍ ബൈജു പൗലോസിനോട് ഭീഷണിയായി ദിലീപ് ചോദിച്ചെന്നാണ് പൊലീസ് വാദം. 2018ല്‍ തന്നെ ഇത് എന്ത് കൊണ്ട് മജിസ്ട്രേറ്റിന് മുന്നില്‍ പരാതിയായി അവതരിപ്പിച്ചില്ല.

ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ മുംബൈയിലേക്ക് അയച്ചതെന്ന് ചോദ്യം ചെയ്യലിനിടെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഇപ്പോള്‍. ആയിരക്കണക്കിന് മെസേജുകളുള്ളതിനാല്‍ മൂന്ന് നാല് മാസമെടുക്കും റിപ്പോര്‍ട്ട് ലഭിക്കാന്‍.

വി.ഐ.പിയെക്കുറിച്ച് ഓഡിയോ ക്ലിപ്പിലുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആ വി.ഐ.പി ആരാണ്. അതാരാണെന്ന് പറയാന്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും പ്രതിഭാഗം ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in