
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം തദ്ദേശ തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്‌തെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വര്‍ഗീയ കക്ഷികളുമായുള്ള ബന്ധം തിരിച്ചടിക്കും. കോണ്‍ഗ്രസ് മതനിരപേക്ഷ കക്ഷിയാണെന്നും മുല്ലപ്പള്ളി. മനോരമാ ഓണ്‍ലൈന്‍ അഭിമുഖത്തിലാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ജോസ് കെ മാണിയുടെ കാര്യത്തിലും കരുതലോടെ നിലപാട് എടുക്കണമായിരുന്നുവെന്നും മുല്ലപ്പള്ളി.
മുല്ലപ്പള്ളിയുടെ വാക്കുകള്‍
കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ കക്ഷിയാണ്. മതസംഘടനാ നേതാക്കളുമായി ആശയ വിനിയമം നടത്തുന്നതില്‍ തെറ്റില്ല. എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതാണു കോണ്‍ഗ്രസിന്റെ സമീപനം. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആനയും അമ്പാരിയുമായി, കൊട്ടും കുരവയുമായി അതിനു മുതിര്‍ന്നാല്‍ പക്ഷേ അപകടമാണ്, ആത്മഹത്യാപരമാണ്. അതാണ് ഇപ്പോള്‍ സംഭവിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കു വഴി മുസ്ലിം ജനവിഭാഗത്തില്‍ തന്നെ ഒരു വലിയ വിഭാഗം യുഡിഎഫിന് എതിരായി. ക്രിസ്ത്യന്‍, ഭൂരിപക്ഷ വിഭാഗങ്ങളില്‍ അന്യതാബോധം ഉണ്ടായി. ഇത്തരം കക്ഷികളുമായി കോണ്‍ഗ്രസ് ധാരണ ഉണ്ടാക്കരുത് എന്നാണു രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചത്. ഘടകകക്ഷികള്‍ നീക്കു പോക്ക് നടത്തുന്നതില്‍ നമ്മുക്ക് ഇടപെടാനും കഴിയില്ല.
കെ.പി.സി.സി പ്രസിഡന്റിന്റെ കസേര ലക്ഷ്യമിട്ട് ആരും ഒരു നീക്കവും നടത്തേണ്ടതില്ലെന്നും സുജിത് നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തോല്‍വിക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടന്ന തേജോവധം വേദനിപ്പിച്ചെന്നും മുല്ലപ്പളളി.