കെ.സുധാകരന്‍ മനോരമ ന്യൂസ് മേക്കര്‍, അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെന്ന് ചാനല്‍

കെ.സുധാകരന്‍ മനോരമ ന്യൂസ് മേക്കര്‍, അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെന്ന് ചാനല്‍

മനോരമ ന്യൂസ് ചാനല്‍ 2021ലെ വാര്‍ത്താ താരമായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ പ്രഖ്യാപിച്ചു. മനോരമ ന്യൂസ് മേക്കര്‍ മത്സരത്തില്‍ അന്തിമ പട്ടികയില്‍ മന്ത്രി വി.ശിവന്‍കുട്ടി, കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ്, എം.എസ്.എഫ് നേതാവിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ തുറന്ന പോരിന് തയ്യാറായ ഹരിത നേതാക്കള്‍ എന്നിവരില്‍ നിന്നാണ് കെ.സുധാകരന്‍ ന്യൂസ് മേക്കറായത്.

remya

സംവിധായകന്‍ സിദ്ദീഖ്, നടന്‍ രമേഷ് പിഷാരടി, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ന്യൂസ് മേക്കര്‍ പ്രഖ്യാപനം. അഭിപ്രായ വോട്ടെടുപ്പില്‍ ഒന്നാമതെത്തിയ ആള്‍ കെ.സുധാകരനായിരുന്നുവെന്ന് മനോരമ ന്യൂസ്. സിദ്ദീഖാണ് ഫലപ്രഖ്യാപനം നടത്തിയത്.

ജോണി ലൂക്കോസ് പ്രഖ്യാപന വേളയില്‍ പറഞ്ഞത്.

വാര്‍ത്തയില്‍ എപ്പോഴും സുധാകരനുണ്ട്. സ്റ്റാറ്റസ്‌കോ കൊടിയടയാളമാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു മാറ്റത്തിന്റെ പ്രതീകമായി കെ.സുധാകരനുണ്ടെന്ന് ജോണി ലൂക്കോസ്. സുധാകരനിസം എന്ന വാക്ക് തന്നെ അണികള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുധാകരന്റെ ശൈലി ഇഷ്ടമാണെങ്കിലും ഇല്ലെങ്കിലും വാര്‍ത്തയില്‍ സുധാകരനുണ്ട്.

രാഷ്ട്രീയക്കാരെ സുഖിപ്പിച്ച് കൂടെ നിര്‍ത്താന്‍ തയ്യാറായില്ലെന്ന് പറഞ്ഞയാളാണ് കിറ്റെക്‌സ് ഉടമ സാബു എം. ജേക്കബ് എന്ന് ജോണി ലൂക്കോസ്. ആണ്‍മേല്‍ക്കോയ്മയുടെ ചട്ടക്കൂട് തകര്‍ക്കാതെ പൊരുതിയവരാണ് ഹരിത നേതാക്കളെന്നും ജോണി ലൂക്കോസ്. കേരള പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നതിനാലാണ് സാബു ജേക്കബ് ശ്രദ്ധേയനായതെന്ന് ട്വന്റി ട്വന്റി അനുഭാവി കൂടിയായ സംവിധായകന്‍ സിദ്ദീഖ്.

2006ല്‍ ആരംഭിച്ച മനോരമ ന്യൂസ് മേക്കര്‍ പുരസ്‌കാരം ആദ്യം ലഭിച്ചത് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനാണ്. 2007ല്‍ പിണറായി വിജയനായിരുന്നു ന്യൂസ് മേക്കര്‍. 2008ല്‍ ഡോ.ജി മാധവന്‍ നായര്‍, 2009ല്‍ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, 2010ല്‍ പ്രീജ ശ്രീധരന്‍, 2011ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, 2012ല്‍ ഇ.ശ്രീധരന്‍, 2013ല്‍ ഋഷിരാജ് സിംഗ്, 2014ല്‍ മഞ്ജു വാര്യര്‍, 2015ല്‍ ജേക്കബ് തോമസ്, 2016ല്‍ മോഹന്‍ലാല്‍, 2017ല്‍ കാനം രാജേന്ദ്രന്‍, 2018ല്‍ പ്രളയരക്ഷകരായ മത്സ്യത്തൊഴിലാളികള്‍, 2019ല്‍ ബൈജു രവീന്ദ്രന്‍, 2020ല്‍ കെ.കെ ശൈലജ എന്നിവര്‍ക്കാണ് ന്യൂസ് മേക്കര്‍ പുരസ്‌കാരം ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in