ഉണ്ണി മുകുന്ദൻ അതിക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി മാനേജർ പൊലീസിലും ഫെഫ്കയിലും പരാതി നൽകി. വിപിൻ കുമാറാണ് ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലും സാങ്കേതിക പ്രവർത്തകരുടെ സംഘടന ഫെഫ്കയിലും പരാതി നൽകിയിരിക്കുന്നത്. കാക്കനാടുള്ള ഡിഎൽഎഫ് ഫ്ലാറ്റിൽ വെച്ച് മർദ്ദിച്ചെന്നാണ് പരാതിയില‍്‍ ഉള്ളത്. ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പിനെ ചൊല്ലിയാണ് മർദ്ദനമെന്നാണ് പരാതി. ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ ഗെറ്റ് സെറ്റ് ബേബി വേണ്ടത്ര വിജയം കാണാതെ പോയപ്പോൾ മറ്റൊരു താരത്തിന്റെ സിനിമയെ പ്രശംസിച്ചതിനാണ് മർദ്ദനമെന്നാണ് പരാതി. നരിവേട്ട റിലീസിന് തലേദിവസമാണ് വിപിൻ കുമാർ നരിവേട്ട ഗ്രാൻഡ് സ്കെയിലിലുള്ള ടോപ് ക്ലാസ് ചിത്രമാണെന്ന് വിശേഷിപ്പിച്ച് മുഴുവൻ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നത്. ഉണ്ണി മുകുന്ദൻ ചിത്രങ്ങളുടെ ഡിജിറ്റൽ കൺസൽട്ടന്റ് കൂടിയാണ് വിപിൻ കുമാർ.
പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ണി മുകുന്ദനെ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു. ഇൻഫോ പാർക്ക് പൊലീസ് പരാതിക്കാരനായ വിപിന്റെ മൊഴി രേഖപ്പെടുത്തി. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ ഫാൻസ് ആൻഡ് സോഷ്യൽ മീഡിയ ഗ്രൂപ്പായ POFFACTIOയുടെഅമരക്കാരൻ കൂടിയാണ് വി.വിപിൻ കുമാർ.
ഉണ്ണി മുകുന്ദനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കൈകാര്യം ചെയ്യുന്നത് വിപിനാണ്. എമ്പുരാൻ ഓൺലൈൻ പ്രമോഷനുകളുടെ ഏകോപനത്തിനായി മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം കേരളത്തിന് പുറത്ത് നടന്ന പ്രമോഷണൽ ഇവന്റുകൾക്ക് ചുക്കാൻ പിടിച്ചത് വിപിൻ കുമാർ ആയിരുന്നു.