മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താന്‍ ഗൂഢാലോചന നടന്നു; സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ലെന്നും ശിവശങ്കര്‍

മുഖ്യമന്ത്രിയെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധപ്പെടുത്താന്‍ ഗൂഢാലോചന നടന്നു; സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ലെന്നും ശിവശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയനെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്താന്‍ നീക്കം നടന്നുവെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. ബാഗേജുകള്‍ കസ്റ്റംസ് പരിശോധിക്കുന്നതിനിടെ തന്നെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും മുഖ്യമന്ത്രിയുടെ ഓഫീസിനും തനിക്കും ഇതുമായി ബന്ധമുണ്ടെന്ന് പ്രസ്താവന നടത്തി. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. അത് അന്വേഷിക്കപ്പെടേണ്ടതാണെന്ന് എം. ശിവശങ്കര്‍ തന്റെ പുസ്തകത്തില്‍ ആവശ്യപ്പെടുന്നു.

മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അന്വേഷണ ഏജന്‍സികളും പ്രതിചേര്‍ക്കാനുള്ള നിലപാട് സ്വീകരിച്ചു. തന്നെ 90 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും മൊഴികളില്‍ പൊരുത്തക്കേടുകളില്ലായിരുന്നു. തന്നെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രിയിലേക്ക് കേസെത്തിക്കാനായിരുന്നു ശ്രമം. കേസിലെ കിംഗ് പിന്‍ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ കള്ളം പറഞ്ഞുവെന്നും ശിവശങ്കര്‍ ആത്മകഥയില്‍ കുറ്റപ്പെടുത്തുന്നു.

മൂന്ന് വര്‍ഷത്തെ പരിചയമുണ്ടായിരുന്നു സ്വപ്‌നയുമായി. ജന്‍മദിനത്തില്‍ സ്വപ്‌ന ഐഫോണ്‍ സമ്മാനമായി നല്‍കിയിരുന്നു. ഇതാണ് വിവാദത്തിലേക്ക് നയിച്ചത്. തന്നോട് അത്തരമൊരു ചതി സ്വപ്‌ന ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.

ബാഗേജ് വിട്ടുകിട്ടുന്നതില്‍ സഹായിക്കണമെന്ന് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 30നായിരുന്നു ബാഗേജ് എത്തിയത്. സ്വപ്‌ന തന്നോട് ആവശ്യപ്പെട്ടത് ജൂലൈ ഒന്നിനും രണ്ടും തിയ്യതികളിലാണ്. കാര്‍ സ്റ്റീരിയോകളാണ് ബാഗേജില്‍ ഉള്ളതെന്നായിരുന്നു പറഞ്ഞത്. ഡ്യൂട്ടി അടയ്ക്കാത്തതിനാല്‍ പിടിച്ചുവെച്ചുവെന്നും പറഞ്ഞിരുന്നു.

കസ്റ്റംസ് കേസില്‍ താന്‍ ഇടപെടില്ലെന്ന് സ്വപ്നയെ അറിയിച്ചു. ജൂലൈ നാലിന് ഭര്‍ത്താവിനൊപ്പം തന്റെ ഫ്‌ളാറ്റിലെത്തി സ്വപ്‌ന ഇതേ കാര്യം ആവശ്യപ്പെട്ടു. പറ്റില്ലെന്ന് അറിയിച്ചു. ഇത് മാത്രമാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്നതെന്നും ശിവശങ്കര്‍ തുറന്ന് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in