ലവ് ജിഹാദില്ല, ഇ.എം.എസിന് പോലും പിശക് പറ്റിയിട്ടുണ്ട്. സമുദായ വികാരം വ്രണപ്പെട്ടു; തിരുത്തിയും മലക്കം മറിഞ്ഞും ജോര്‍ജ് എം. തോമസ്

ലവ് ജിഹാദില്ല, ഇ.എം.എസിന് പോലും പിശക് പറ്റിയിട്ടുണ്ട്. സമുദായ വികാരം വ്രണപ്പെട്ടു; തിരുത്തിയും മലക്കം മറിഞ്ഞും ജോര്‍ജ് എം. തോമസ്

കോടഞ്ചേരി മിശ്രവിവാഹത്തില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസ്. ഡിവെഎഫ്‌ഐ നേതാവ് എം.എസ് ഷെജിനും ജോയ്‌സ്‌ന മേരി ജോസഫുമായുള്ള വിവാഹം വിവാഹം ലവ് ജിഹാദാണെന്ന് പ്രചരണമുള്ളതായി ജോര്‍ജ് എം. ജോസഫ് ആരോപിച്ചിരുന്നു. ജോര്‍ജ് എം. ജോസഫിന്റെ ലവ് ജിഹാദ് ആരോപണം തള്ളി സിപിഎം ജില്ലാ നേതൃത്വവും ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മലക്കം മറിച്ചില്‍.

പ്രണയിക്കുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിയതാണെന്ന് ജോയ്‌സ്‌ന ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ജോര്‍ജ് എം തോമസ് മാധ്യമങ്ങളോട് പറഞ്ഞത്

ഉദ്ദേശിക്കാത്ത അര്‍ത്ഥത്തിലാണ് എന്റെ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെട്ടത്. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നയമാണ്. മുഖ്യമന്ത്രിയും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍.ഐ.എ ഏജന്‍സി അന്വേഷിച്ചും പറഞ്ഞിട്ടുണ്ട്. സംസാരിച്ചപ്പോള്‍ അങ്ങനെ ഉണ്ടെന്ന തോന്നല്‍ ഉണ്ടായിട്ടുണ്ട്. തെറ്റ് പറ്റിയെന്ന് തോന്നിയപ്പോള്‍ മാധ്യമപ്രവര്‍ത്തകനോട് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നു.

ഇ.എം.എസിന് പോലും ഇങ്ങനെ പിശക് പറ്റിയിട്ടുണ്ട്. ജില്ലാ സെക്രട്ടറി പറഞ്ഞതാണ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡ്. പ്രത്യക്ഷത്തില്‍ സമുദായത്തെ വ്രണപ്പെടുത്തിയിട്ടുണ്ട് സംഭവം. കന്യാസത്രീകളൊക്കെ പരസ്യമായി ഇറങ്ങിയത് അങ്ങനെയാണ്. കാസയാണ് കന്യാസ്ത്രീകളെയും അച്ചന്‍മാരെയും ഇതിലേക്ക് വലിച്ചിഴച്ചത്. യുഡിഎഫ് താല്‍പര്യം ഇതിന് പിന്നിലുണ്ട്. ഈ അവസരത്തെ യുഡിഎഫ് മുതലെടുത്തു. സമുദായ വികാരം വ്രണപ്പെട്ടതായാണ് അനുഭവം

ഡി.വൈ.എഫ്.ഐ. കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ എം.എസ്. ഷെജിനും തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌ന മേരി ജോസഫും തമ്മിലുള്ള വിവാഹമാണ് കാസ ഉള്‍പ്പെടെയുള്ള ക്രൈസ്തവ ധ്രുവീകരണ സംഘടനകളാണ് വിഷയത്തെ വിവാദമാക്കിയത്.

ജോർജ് എം തോമസ് ഇന്നലെ ഏഷ്യാനെറ്റിനോട്‌ പറഞ്ഞത്

സാധാരണ പ്രണയ വിവാഹം മാത്രമാണിത്. എന്നാൽ കന്യാസ്ത്രീകൾ അടക്കം പങ്കെടുത്ത് മുന്നൂറിലേറെ പേർ പങ്കെടുത്ത പ്രതിഷേധം കോടഞ്ചേരി അങ്ങാടിയിൽ നടന്നു. ഡിവൈഎഫ്ഐക്കാരൻ നേതാവ് ധൈര്യമുണ്ടെങ്കിൽ പുറത്തുവാടാ എന്നൊക്കെയുള്ള മുദ്രാവാക്യമാണ് വിളിച്ചത്.

വിവാഹത്തിന് സിപിഐഎം മുൻകൈയെടുത്തു, പാർട്ടി അറിഞ്ഞാണ് വിവാഹം എന്നൊക്കെയാണ് പ്രചാരണം. ഷെജിൻ പാർട്ടി ലോക്കൽ കമ്മിറ്റിയംഗമായതിനാൽ ഇത് പാർട്ടിയെ ആളുകൾ സംശയത്തോടെയാണ് നോക്കുക. ക്രിസ്ത്യൻ വിഭാഗം നല്ല നിലയിൽ പാർട്ടിയെയും സർക്കാരിനെയും അംഗീകരിക്കുന്നു. ബിഷപ്പടക്കമുള്ളവർ നിലപാടെടുത്ത് മുന്നോട്ട് വരുന്നു. ഈ ഘട്ടത്തിൽ ക്രിസ്ത്യൻ വിഭാഗത്തെ ഞങ്ങൾക്കെതിരാക്കേണ്ടത് യുഡിഎഫിന്റെയും വിശേഷിച്ച് കോൺഗ്രസിന്റെയും ആവശ്യമാണ്. ഇവരാണ് അജണ്ടയ്ക്ക് പിന്നിലുള്ളത്.

ജനത്തെ ബോധവത്കരിക്കേണ്ടത് സിപിഎമ്മിന്റെ അടിയന്തിര കടമയായതിനാലാണ് വിശദീകരണ യോഗം വെക്കാൻ തീരുമാനിച്ചത്. ലൗ ജിഹാദാണ് ഇതെന്നാണ് പ്രചാരണം. ലൗ ജിഹാദും പ്രണയ വിവാഹവും വേറെയാണ്. ഇതിനോട് രണ്ടിനോടുമുള്ള സിപിഎം നിലപാട് എന്താണ്, ഈ വിവാദത്തിന്റെ ആവശ്യം എന്താണ് എന്ന് വിശദീകരിക്കാനുള്ള യോഗമാണ് വിളിച്ചു ചേർത്തത്.

രണ്ട് സമുദായങ്ങളിൽ തമ്മിൽ കലാപമോ ശത്രുതയോ ഉണ്ടാക്കാൻ വഴിവെക്കാവുന്ന നടപടിയാണ് ഷെജിന്റേത്. അങ്ങിനെയൊരു പ്രണയ ബന്ധമുണ്ടെങ്കിൽ പാർട്ടിയോട് ആലോചിച്ച് പാർട്ടി നേതാക്കളുമായി സംസാരിച്ച് വേണമായിരുന്നു മുന്നോട്ട് പോകാൻ. ആരോടും ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി ഘടകത്തിൽ പോലും ചർച്ച ചെയ്തിട്ടില്ല. പാർട്ടിക്ക് വലിയ ഡാമേജ് ഉണ്ടായി. അങ്ങിനെ ഡാമേജ് ഉണ്ടാക്കിയ ആളെ താലോലിക്കാൻ കഴിയില്ല. നടപടി ആലോചിച്ചിട്ടില്ല. പക്ഷെ നടപടി വേണ്ടിവരും.

Related Stories

No stories found.
logo
The Cue
www.thecue.in