
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് മുന്നേറ്റം. 390 ഗ്രാമപഞ്ചായത്തുകളിലും 78 ബ്ലോക്ക് പഞ്ചായത്തുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും 53 മുനിസിപ്പാലിറ്റികളിലും 4 കോര്‍പറേഷനുകളിലും യുഡിഎഫ് മുന്നേറുന്നു. തൃശൂര്‍, കൊച്ചി കോര്‍പറേഷനുകള്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സൂചന. 366 ഗ്രാമപഞ്ചായത്തുകളിലും 61 ബ്ലോക്ക് പഞ്ചായത്തുകളിലും 7 ജില്ലാ പഞ്ചായത്തുകളിലും 30 മുനിസിപ്പാലിറ്റികളിലും ഒരു കോര്‍പറേഷനിലുമാണ് എല്‍ഡിഎഫ് ലീഡ്. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ വ്യക്തമായ ലീഡ് നേടി. 29 ഗ്രാമപഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം കോര്‍പറേഷനിലുമാണ് എന്‍ഡിഎക്ക് മുന്നേറ്റം. 113 ഗ്രാമപഞ്ചായത്തുകളിലും 10 ബ്ലോക്ക് പഞ്ചായത്തുകളിലും മുന്നണികള്‍ ഒപ്പത്തിനൊപ്പമാണ്.
തിരുവനന്തപുരം കോര്‍പറേഷനില്‍ കവടിയാര്‍ വാര്‍ഡില്‍ മത്സരിച്ച മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്.ശബരിനാഥന്‍ വിജയിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ ആദികടലായി വാര്‍ഡില്‍ കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി വിജയിച്ചു. കഴിഞ്ഞ രണ്ട് തവണ എല്‍ഡിഎഫ് കൈവശം വെച്ച സീറ്റാണ് റിജില്‍ മാക്കുറ്റി തിരിച്ചുപിടിച്ചത്.
കൊച്ചി കോര്‍പറേഷനില്‍ 42 വാര്‍ഡുകളില്‍ ലീഡുമായി യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫിന് 24 വാര്‍ഡുകളില്‍ മാത്രമാണ് മുന്നേറാനായത്. എന്‍ഡിഎ 6 സീറ്റുകഴളില്‍ മുന്നിട്ട് നില്‍ക്കുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ വന്‍മുന്നേറ്റം നടത്തി എന്‍ഡിഎ. 25 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നില്‍ക്കുന്നു. 15 സീറ്റുകളുമായി എല്‍ഡിഎഫാണ് രണ്ടാം സ്ഥാനത്ത്. യുഡിഎഫ് 10 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു.
കട്ടപ്പന നഗരസഭയിലേക്ക് മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം.അഗസ്തി തോറ്റു. ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അഗസ്തി ഇടുക്കിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ്. ഇരുപതേക്കര്‍ വാര്‍ഡിലാണ് അഗസ്തി മത്സരിച്ചത്.
വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍ഡിഎഫിന് ലീഡ്. 2521 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 477 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു. 153 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും 673 മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 92 കോര്‍പറേഷന്‍ വാര്‍ഡുകളിലും സാന്നിധ്യം അറിയിച്ചുകൊണ്ട് യുഡിഎഫ് കുതിക്കുന്നു.
തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് വിജയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് വൈഷ്ണ ഇവിടെ സ്ഥാനാര്‍ത്ഥിയായത്.
തിരുവനന്തപുരത്ത് എന്‍ഡിഎ മുന്നേറ്റത്തിന് തടയിട്ട് എല്‍ഡിഎഫ് മുന്നേറ്റം. 17 വാര്‍ഡുകളില്‍ വീതം ലീഡുമായി എന്‍ഡിഎയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമെത്തി. 9 സീറ്റുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു.
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ എ.വി.ഗോപിനാഥ് തോറ്റു.
കണ്ണൂര്‍ കോര്‍പറേഷനില്‍ രണ്ട് വീതം സീറ്റുകളില്‍ ലീഡുമായി യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം. എല്‍ഡിഎഫിന് ഒരു സീറ്റില്‍ ലീഡ്.
കോഴിക്കോട് കോര്‍പറേഷനില്‍ 9 വാര്‍ഡുകളില്‍ മുന്നിട്ട് നിന്ന് എല്‍ഡിഎഫ്. ഏഴ് വാര്‍ഡുകളിലെ ലീഡുമായി യുഡിഎഫ് തൊട്ടു പിന്നില്‍ നില്‍ക്കുന്നു. എന്‍ഡിഎക്ക് 5 സീറ്റുകളില്‍ മുന്‍തൂക്കം.
തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് മുന്നേറ്റം. 15 സീറ്റുകൡ യുഡിഎഫ് ലീഡ് ചെയ്യുന്നു. ഏഴ് സീറ്റുകളില്‍ എല്‍ഡിഎഫും നാല് സീറ്റുകളില്‍ എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.
കൊച്ചി കോര്‍പറേഷനില്‍ 18 സീറ്റുകളില്‍ എല്‍ഡിഎഫിന് ലീഡ്. ആറ് സീറ്റുകളില്‍ യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും ആറ് സീറ്റുകളില്‍ മറ്റുള്ളവരും മുന്നിട്ടു നില്‍ക്കുന്നു.
കൊല്ലം കോര്‍പറേഷനില്‍ ഒരു മണിക്കൂര്‍ അടുക്കുമ്പോള്‍ എല്‍ഡിഎഫിന് ലീഡ്. നാലിടത്ത് എല്‍ഡിഎഫും ഒരു വാര്‍ഡില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു.
തിരുവനന്തപുരം കോര്‍പറേഷനില്‍ ആദ്യ അര മണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎക്ക് ലീഡ്. ഏഴ് വാര്‍ഡുകളില്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു. മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഒരു വാര്‍ഡില്‍ യുഡിഎഫും മുന്നില്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്. ആദ്യ അര മണിക്കൂറില്‍ 33 ഗ്രാമപഞ്ചായത്തുകളും 21 മുനിസിപ്പാലിറ്റികളും 6 ബ്ലോക്ക് പഞ്ചായത്തുകളും എല്‍ഡിഎഫിന് ഒപ്പമാണ്. യുഡിഎഫ് തൊട്ടുപിന്നാലെ 27 ഗ്രാമപഞ്ചായത്തുകളിലും 18 മുനിസിപ്പാലിറ്റികളിലും യുഡിഎഫ് സാന്നിധ്യം അറിയിക്കുന്നു. മൂന്ന് മുനിസിപ്പാലിറ്റികളിലും ഒരു ഗ്രാമപഞ്ചായത്തിലും എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുകയാണ്.