നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ പങ്കാളി 'ഭര്‍ത്താവ്' അല്ല; ഭര്‍ത്താവ് പീഡിപ്പിച്ചതിനുള്ള വകുപ്പ് നിലനില്‍ക്കില്ല-ഹൈക്കോടതി

നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ പങ്കാളി 'ഭര്‍ത്താവ്' അല്ല; ഭര്‍ത്താവ് പീഡിപ്പിച്ചതിനുള്ള വകുപ്പ് നിലനില്‍ക്കില്ല-ഹൈക്കോടതി
Published on

നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ ഗാര്‍ഹിക പീഡനക്കേസുകളില്‍ പുരുഷനെതിരെ ഐപിസി 498എ വകുപ്പ് അനുസരിച്ച് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. സ്ത്രീകള്‍ക്കെതിരെ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുവോ കാട്ടുന്ന ക്രൂരതകള്‍ക്ക് ചുമത്തുന്ന ഐപിസി വകുപ്പാണ് 498എ. സ്ത്രീക്കെതിരെ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുവോ/ബന്ധുക്കളോ നടത്തുന്ന അതിക്രമങ്ങള്‍ എന്ന് നിയമത്തില്‍ വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ നിരീക്ഷിച്ചു. ഹസ്ബന്‍ഡ് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് വിവാഹിതനായ പുരുഷന്‍, വിവാഹത്താല്‍ സ്ത്രീയുടെ പങ്കാളിയായയാള്‍ എന്നൊക്കെയാണ്. അതായത് വിവാഹമാണ് പുരുഷനെ ഒരു സ്ത്രീയുടെ ഭര്‍ത്താവ് എന്ന പദവിയില്‍ പ്രതിഷ്ഠിക്കുന്നത്. വിവാഹമെന്നാല്‍ നിയമപരമായ വിവാഹം എന്നാണ് വിവക്ഷ. അതുകൊണ്ട് നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സംഭവങ്ങളില്‍ പുരുഷനെ സ്ത്രീയുടെ ഭര്‍ത്താവ് എന്ന് കരുതാനാവില്ല. അത്തരം സാഹചര്യങ്ങളില്‍ പുരുഷന്‍ സ്ത്രീയെ ക്രൂരമായി ഉപദ്രവിച്ചാലും ഐപിസി 498എ ചുമത്താനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

എറണാകുളം, ഉദയംപേരൂര്‍ സ്വദേശിയായ യുവാവിനെതിരെ 498എ വകുപ്പ് അനുസരിച്ച് എടുത്ത എല്ലാ നടപടികളും റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്,. ഒരുമിച്ച് താമസിക്കുന്നതിനിടെ 2023 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ തന്നെ മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്ന് കാട്ടി കോഴിക്കോട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ ആരോപണ വിധേയനായ യുവാവാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയും പരാതിക്കാരനും തമ്മില്‍ നിയമപരമായ വിവാഹബന്ധം ഇല്ലാത്തതിനാല്‍ ഐപിസി സെക്ഷന്‍ 498 എ പ്രകാരം നടപടിയെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഈ ചട്ടം അനുസരിച്ചുള്ള നടപടികള്‍ തടയാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമത്തിലെ വകുപ്പുകളും കേസില്‍ ചുമത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പീനല്‍ കോഡും സിആര്‍പിസിയും എവിഡന്‍സ് ആക്ടും ഇല്ലാതാകുകയും പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരികയും ചെയ്‌തെങ്കിലും പഴയ നിയമങ്ങള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അവയനുസരിച്ചാണ് കോടതി നടപടികള്‍ പുരോഗമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in