
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം.സ്വരാജ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമാണ് സ്വരാജ്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റത്തിലേക്കു പോകുന്നതിന്റെ നാന്ദി കുറിക്കുന്ന രാഷ്ട്രീയ പോരാട്ടമായിരിക്കും നിലമ്പൂരില്‍ നടക്കുകയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ പോരാട്ടമായാണ് ഇതിനെ കാണുന്നത്. അന്‍വര്‍ എടുത്ത വഞ്ചനാപരമായ നിലപാടും അതിനോട് യുഡിഎഫ് എടുത്ത നിലപാടും കണക്കിലെടുത്താല്‍ ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താന്‍ എല്‍ഡിഎഫിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറ്റിംഗ് സീറ്റായ നിലമ്പൂരില്‍ പി.വി.അന്‍വര്‍ പുറത്തു പോയതിനു ശേഷം നടക്കുന്ന പോരാട്ടം സിപിഎമ്മിനും പുതിയ സാഹചര്യത്തില്‍ വിജയമെന്നത് യുഡിഎഫിനും അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ പ്രമുഖരായ സ്ഥാനാര്‍ത്ഥികളെയാണ് ഇരുപക്ഷവും കളത്തില്‍ ഇറക്കിയിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി യുഡിഎഫ് പ്രഖ്യാപിച്ചതില്‍ യുഡിഎഫ് ക്യാമ്പില്‍ എത്തിയ അന്‍വര്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ഇതിനിടയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ മുന്‍ എംഎല്‍എ ആയിരുന്ന സ്വരാജ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.ബാബുവിനോട് പരാജയപ്പെട്ടിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലുള്ള എതിര്‍പ്പ് പി.വി.അന്‍വര്‍ നിരന്തരം പ്രകടിപ്പിച്ചിരുന്നെങ്കിലും അവയെല്ലാം അവഗണിച്ച് ഷൗക്കത്തിന്റെ പേര് എഐസിസി നേതൃത്വത്തിന് കെപിസിസി നല്‍കുകയും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഈ വിഷയത്തില്‍ അതൃപ്തി പരസ്യമാക്കിയ അന്‍വര്‍ നിലപാട് ഇതുവരെ മയപ്പെടുത്തിയിട്ടില്ല. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അടക്കമുള്ള വിഷയങ്ങളിലും സമവായം ആയിട്ടില്ല. പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ ഇതിനിടെ അന്‍വര്‍ വാര്‍ത്താസമ്മേളനങ്ങളിലൂടെ നടത്തുകയും ചെയ്തു.
നിലമ്പൂരില്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ സാമ്പത്തികച്ചെലവ് ഏറെയുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. ബിഡിജെഎസ് മത്സരിക്കട്ടെ എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.
സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ ആശയക്കുഴപ്പം തുടരുകയാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് സ്വരാജിനെ തന്നെ സ്ഥാനാര്‍ത്ഥിയായി സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. സ്വരാജിനെ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിച്ചിരുന്നു. സിറ്റിംഗ് സീറ്റായ നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു രാഹുലിന്റേത്.