സി കാറ്റഗറി ജില്ലകളില്‍ തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

സി കാറ്റഗറി ജില്ലകളില്‍ തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍

സി കാറ്റഗറിയിലുള്ള ജില്ലകളിലെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അടച്ചിട്ട എസി ഹാളില്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ആളുകള്‍ ചെലവഴിക്കുന്നത് കോവിഡ് വ്യാപിക്കാന്‍ ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

തിയറ്ററുകളോട് വിവേചനം കാണിച്ചിട്ടില്ല. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് തിയറ്ററുകളിലെ നിയന്ത്രണം. നീന്തല്‍കുളങ്ങളും ജിമ്മുകളും അടച്ചുപൂട്ടിയിട്ടുണ്ട്. കോവിഡ് വ്യാപന സാധ്യതയുള്ള ഇടങ്ങളായതു കൊണ്ടാണ് ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

മാളുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടയില്‍ വിശദീകരിച്ചു. ആള്‍ക്കൂട്ടമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ഇതിനുള്ള ചുമതല നല്‍കിയിട്ടുണ്ട്.

തിയറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. തിയറ്റുകള്‍ അടച്ചിട്ടത് ഏത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഫെഫ്ക കത്തയച്ചിരുന്നു. വിഷയത്തില്‍ പുനരാലോചന വേണമെന്നും ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.

ഫെഫ്ക അയച്ച കത്തിലെ പ്രധാന ഭാഗങ്ങള്‍:

ഒരു ജില്ല 'സി' കാറ്റഗറിയില്‍ ആകുമ്പോള്‍ അടച്ചു പൂട്ടപ്പെടുന്നത് ജിം/ഹെല്‍ത്ത് ക്ലബ്ബുകള്‍, നീന്തല്‍ക്കുളങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവ മാത്രമാണ്. മാളുകള്‍, റസ്റ്ററന്റുകള്‍ എന്നിവയ്‌ക്കെല്ലാം ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കാം. ഞങ്ങള്‍ മനസിലാക്കിയത്, അപ്പാര്‍ട്ട്‌മെന്‌റ് കോംപ്ലക്‌സുകളിലേയും, സ്റ്റാര്‍ ഹോട്ടലുകളിലേയും ജമ്മുകളും നീന്തല്‍ക്കുളങ്ങളും തടസമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്‌ക്കൊന്നുമില്ലാത്ത കൊവിഡ് വ്യാപന ശേഷി തിയേറ്ററുകള്‍ക്കുണ്ടെന്നാണ് നമ്മുടെ സംസ്ഥാനത്തെ വിദഗ്ധസമിതിയുടെ കണ്ടെത്തല്‍. എന്താണ് ഈ കണ്ടെത്തലിന്റെ ശാസ്ത്രീയ അടിത്തറ എന്നറിയാനുള്ള അവകാശം ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍, വാസ്തവത്തില്‍ ഈ പറഞ്ഞ ഇടങ്ങളില്‍ നിന്നെല്ലാം സിനിമ തിയേറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീര്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

50 ശതമാനം സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്‌കുകള്‍ ധരിച്ചാണ് തിയേറ്ററിനുള്ളില്‍ സിനിമ കാണുന്നത് മുഖങ്ങള്‍ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനീയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണംചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മില്‍ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ട്.

ബാറുകളും മാളുകളും അടച്ചിടാന്‍ വേണ്ടിയല്ല കത്തയച്ചത്. മറിച്ച് അവര്‍ക്കൊപ്പം തിയേറ്ററുകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കണമെന്നാണ് ഫെഫ്കയുടെ ആവശ്യമെന്നും കത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in