​ഗവർണറുടെ അതിഥികൾക്കായ് മൂന്ന് ഇന്നോവയും ഡ്രൈവറും വേണം, ​രാജ്ഭവനിൽ നിന്ന് ടൂറിസം വകുപ്പിനുള്ള കത്ത് പുറത്ത്

​ഗവർണറുടെ അതിഥികൾക്കായ് മൂന്ന് ഇന്നോവയും ഡ്രൈവറും വേണം, ​രാജ്ഭവനിൽ നിന്ന് ടൂറിസം വകുപ്പിനുള്ള കത്ത് പുറത്ത്

സംസ്ഥാന സർക്കാരുമായി ​ഗവർണറുടെ പോര് തുടരുന്നതിനിടെ ​ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ അതിഥികളായി രാജ്ഭവനിൽ എത്തുന്നവർക്ക് സഞ്ചരിക്കാൻ മൂന്ന് കാറുകളും ഡ്രൈവർമാരെയും വേണമെന്നാവശ്യപ്പെട്ടുള്ള കത്ത് പുറത്ത്. രാജ് ഭവനിൽ നിന്ന് ടൂറിസം വകുപ്പിനാണ് കത്ത് നൽകിയിരിക്കുന്നത്. ഗവർണ്ണറുടെ പ്രിൻസിപ്പൽ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് 2021 സെപ്തംബർ 23നാണ് കത്ത് നൽകിയിരിക്കുന്നത്.

2021 ഒക്ടോബർ 10 മുതൽ 2022 മാർച്ച് വരെ രാജ്ഭവനിൽ എത്തുന്ന അതിഥികൾക്കായി ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും, ഡ്രൈവറെയും ആറു മാസത്തേക്ക് വിട്ടുനല്കണമെന്നാണ് കത്തിലെ ഉള്ളടക്കം. ഗവർണർ-സർക്കാർ പോര് നീളുന്നതിനിടെ നയപ്രഖ്യാപനം തത്കാലം ഒഴിവാക്കാൻ സർക്കാർ ആലോചിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഡിസംബർ അഞ്ചിനാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. രാജ്ഭവനിൽ 20 ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്കയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് തുടർച്ചയായാണ് ടൂറിസം വകുപ്പിനുള്ള കത്തും പുറത്തുവന്നിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ​ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പേ തന്നെ രാജ്ഭവനിൽ താൽക്കാലിക അടിസ്ഥാനത്തിൽ കുടുംബശ്രീ ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും ഇവരെ സ്ഥിരപ്പെടുത്തണമെന്നാണ് 2020 ഡിസംബർ 29ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്നുമാണ് കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന വിവാദത്തിൽ രാജ് ഭവൻ നൽകിയ വിശദീകരണം.

അനുവദനീയമായ എണ്ണത്തിലുള്ള പേഴ്സനൽ സ്റ്റാഫ് അല്ലാതെ ഒരാളെപോലും അധികമായി നിയമിച്ചിട്ടില്ലെന്നും രാജ് ഭവൻ കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിൽ വിശദീകരിച്ചിരുന്നു. തന്നെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റാനുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ലെന്നും കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

സർക്കാരുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യപോരിന് ഇറങ്ങിയതിന് പിന്നാലെ ​ഗവർണറുടെ ആരോപണങ്ങൾ ഏറ്റെടുത്തും തുറന്ന് പിന്തുണച്ചും ബിജെപി രം​ഗത്തെത്തിയിരുന്നു. കേരളത്തിലെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ നിയമിക്കപ്പെടുന്ന ജീവനക്കാർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ നൽകാൻ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെയാണ് ഗവർണർ നിലപാട് എടുത്തതെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു പാർട്ടിക്കാർക്കു പെൻഷൻ നൽകുന്ന നയത്തെക്കുറിച്ച് എൽഡിഎഫ് ജനങ്ങളോടു മറുപടി പറയണമെന്നും വി.മുരളീധരൻ.

Related Stories

No stories found.
logo
The Cue
www.thecue.in