ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍, പ്രസക്തിയില്ലെന്ന് പ്രതിപക്ഷം; കേരള ബജറ്റ്-2026

ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍, പ്രസക്തിയില്ലെന്ന് പ്രതിപക്ഷം; കേരള ബജറ്റ്-2026
Published on

ബജറ്റില്‍ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനും തുക വകയിരുത്തിയും ആശാ വര്‍ക്കര്‍മാര്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും അടക്കം വേതനം വര്‍ദ്ധിപ്പിച്ചുമാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ തന്റെ ആറാം ബജറ്റ് അവതരിപ്പിച്ചത്. പത്ത് വര്‍ഷം മുന്‍പുള്ള കേരളമല്ല ഇന്നത്തേതെന്നും സംസ്ഥാനം പുതിയ നോര്‍മല്‍ സൃഷ്ടിച്ചിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വാഗ്ദാനങ്ങള്‍ ഏതാണ് പൂര്‍ണ്ണമായിത്തന്നെ നടപ്പിലാക്കിയെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ 1,27,747 കോടി രൂപയുടെ അധിക വരുമാനം തനത് നികുതി വരുമാനത്തിന്റെ കാര്യത്തിലുണ്ടായി. ഈ സാമ്പത്തികവര്‍ഷം 83,731 കോടിയാണ് തനത് നികുതി വരുമാനമായി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ജനപ്രിയ പ്രഖ്യാപനങ്ങള്‍

അങ്കണവാടി വര്‍ക്കര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും പ്രീ പ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരക് മാരുടെയും വേതനത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു. അങ്കണവാടി ഹെല്‍പര്‍മാരുടെ വേതനം 500 രൂപ വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ കുടിശിഖ ഉടന്‍ കൊടുത്തു തീര്‍ക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കും. അപകടത്തില്‍ ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സ. ഒന്ന് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപകട/ലൈഫ് ഇന്‍ഷുറന്‍സ്.

പൊതുമേഖല, സഹകരണ മേഖല ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും മെഡിസെപ് മോഡല്‍ ഇന്‍ഷുറന്‍സ്. കാന്‍സര്‍, ക്ഷയം, എയ്ഡ്‌സ്, ലെപ്രസി ബാധിതരുടെ പെന്‍ഷന്‍ 2000 രൂപയാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 1000 കോടി രൂപ. ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 14,500 കോടി രൂപ വകയിരുത്തും. ആശാ വര്‍ക്കര്‍മാരുടെയും അംഗന്‍വാടി വര്‍ക്കര്‍മാരുടെയും വേതനത്തില്‍ 1000 രൂപ വര്‍ദ്ധിപ്പിക്കും എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍.

അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുമായി ചേര്‍ന്ന് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും ഓട്ടോറിക്ഷാ/ടാക്‌സി തൊഴിലാളികള്‍ക്കും ക്ഷേമനിധി അംഗങ്ങളായ ലോട്ടറി തൊഴിലാളികള്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപകട/ലൈഫ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. മെഡിസെപ് 2.0 ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കും. പൊതുമേഖല, സഹകരണ മേഖല എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്കും വിരമിച്ചവര്‍ക്കുമായി മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതിയൊരുക്കും. വനിതാ സംവിധായകര്‍ക്ക് സിനിമാ നിര്‍മാണത്തിനായുള്ള ധനസഹായം 7 കോടിയായി ഉയര്‍ത്തി എന്നിങ്ങനെ വാഗ്ദാനങ്ങള്‍ ഏറെയാണ്

ബജറ്റില്‍ ജനത്തിന് വിശ്വാസമില്ല; വി.ഡി.സതീശന്‍

പൂച്ചപെറ്റ് കിടക്കുന്ന ഖജനാവുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പ്രതികരിച്ചത്. പത്ത് വര്‍ഷം ചെയ്യാതിരുന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍. പത്ത് വര്‍ഷം പൂര്‍ണ്ണമായി പരാജയപ്പെട്ട മേഖലകള്‍ മാറുമെന്ന അവകാശവാദമാണ് ഉന്നയിക്കുന്നത്. അനാവശ്യമായ രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെടുത്തി. ബജറ്റ് നടപ്പാകാന്‍ പോകുന്നതല്ല, അതിന് പ്രസക്തിയില്ല. 2026-27 വര്‍ഷത്തേക്കുള്ള ബജറ്റ് യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in