ഖനന വരുമാനത്തിൽ റെക്കോർഡിട്ട് സംസ്ഥാനം ; 70 ശതമാനം വർധനവെന്ന് പി രാജീവ്

ഖനന വരുമാനത്തിൽ റെക്കോർഡിട്ട് സംസ്ഥാനം ; 70 ശതമാനം വർധനവെന്ന് പി രാജീവ്

സംസ്ഥാനത്ത് ഖനന പ്രവർത്തനങ്ങൾക്ക് 70 ശതമാനം വരുമാനം വർധിപ്പിച്ചു മൈനിങ് ആൻഡ് ജിയോളജി വകുപ്പ്. ഖനന പ്രവർത്തനങ്ങൾക്ക് ചുമത്തിയ റോയൽറ്റിയും വിവിധതരം ഫീസുകളും ഉൾപ്പെടെ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാനം പിരിച്ചെടുക്കുന്നതിൽ റെക്കോർഡ് വർദ്ധനവാണ് നടപ്പ് സാമ്പത്തിക വർഷം ഒക്ടോബർ 31 വരെ നേടിയെടുത്തത് .

273. 97 കോടി രൂപയാണ് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഈ കാലയളവിൽ പിരിച്ചെടുത്തത് ഇത് മുൻവർഷം പിരിച്ചെടുത്തതിനേക്കാൾ 70 ശതമാനം വർദ്ധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇ- ഓഫീസ്, കോമ്പസ് സോഫ്റ്റ്വെയർ തുടങ്ങി സംസ്ഥാന സർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായാണ് ഈ വർദ്ധനവ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 165.96 കോടി രൂപയാണ് സർക്കാർ ഈയിനത്തിൽ സമാഹരിച്ചത്. 2021-22 വരെ രേഖപ്പെടുത്തിയ വാർഷിക വരുമാന വർധനവിൽ ഏറ്റവും ഉയർന്നത് 17 ശതമാനമായിരുന്നു. എന്നാൽ 2022-23 ൽ ഇത് 56 ശതമാനമായും നടപ്പുവർഷം 70 ശതമാനമായും കുതിച്ചുയർന്നു. 2016 ൽ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു. ഇത്രയും ക്വാറികളിൽ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളിൽ നിന്നാണ് 273.97 കോടി രൂപ സർക്കാർ പിരിച്ചെടുത്തത്.

എല്ലാ ജില്ലകളിലും വരുമാന വർധനവ് ഉണ്ടായി. പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്. 45 46 കോടി രൂപ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം തിരിച്ചെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കഴിഞ്ഞു. കഴിഞ്ഞവർഷം ഇത് 13.54 കോടി രൂപ മാത്രമായിരുന്നു.തൊട്ട് പിന്നിൽ മലപ്പുറം 37.28 കോടി രൂപയാണ് ഇവിടെ പിരിച്ചെടുത്തത്. മുൻവർഷം ഇത് 25.08കോടി രൂപയായിരുന്നു.എറണാകുളം - 33.17 കോടി രൂപ (13.96), തിരുവനന്തപുരം -27, 22 കോടി (24.78), കോട്ടയം -22 29 കോടി (20.79), കൊല്ലം - 20.62 കോടി (16.14), കണ്ണൂർ - 20.10 കോടി (7.89), പത്തനംതിട്ട - 19.87 കോടി (10.35), തൃശൂർ - 13.07 കോടി (10.95), കോഴിക്കോട് - 11.91 കോടി (4.84), ഇടുക്കി - 9.47 കോടി (5.04), കാസർഗോഡ് - 6.51 കോടി (4.08), ആലപ്പുഴ -3.27 കോടി (2.05), വയനാട് 2.86 കോടി (1.6).

Related Stories

No stories found.
logo
The Cue
www.thecue.in