'സംരംഭകർ ആ​ഗോള വിപണി ലക്ഷ്യം വെയ്ക്കണം'; സർക്കാരിന്റെ ആദ്യ സ്പൈസസ് പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

'സംരംഭകർ ആ​ഗോള വിപണി ലക്ഷ്യം വെയ്ക്കണം'; സർക്കാരിന്റെ ആദ്യ സ്പൈസസ് പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
AJOSH PARACKAN

സംസ്ഥാന സർക്കാരിൻറെ കീഴിലെ ആദ്യത്തെ സ്പൈസസ് പാർക്ക് തൊടുപുഴയിലെ മുട്ടം, തുടങ്ങനാട് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ ആഗോളവിപണിയിൽ മത്സരശേഷി വളർത്തുകയും വിജയം കൈവരിക്കുകയും ചെയ്യാൻ വ്യവസായ പാർക്കുകൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂല്യവർധിത ഉത്പന്നങ്ങളാണ് ഇനിയുള്ള കാലത്തിൻറെ സാധ്യത. ഈ സാഹചര്യത്തിലാണ് വ്യവസായ പാർക്കുകളുടെ പ്രാധാന്യം വരുന്നത്. കേവലം പ്രാദേശിക വിപണിയെ മാത്രം ലക്ഷ്യംവയ്ക്കാതെ ആഗോള വിപണിയെ ആകർഷിക്കുന്ന വിപണന തന്ത്രങ്ങളും ഗുണമേന്മയും സംരംഭകർ സ്വായത്തമാക്കണം. ഉത്പന്നങ്ങൾക്ക് വിശ്വാസ്യത ഉറപ്പു വരുത്താൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

AJOSH PARACKAN

പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾ നിർമ്മിക്കാൻ സംരംഭകർക്ക് സാധിക്കണം. ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ സംസ്ക്കരിക്കാനും മൂല്യവർധിതമാക്കാനും സ്പൈസസ് പാർക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാർക്ക് കൂടുതൽ മെച്ചം ലഭിക്കും. കേരളത്തിൻറെ കാർഷിക രംഗത്തെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള ഇടപെടൽ കൂടിയാണ് സ്പൈസസ് പാർക്ക്. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കാൻ സംരംഭകർക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലുപ്പത്തിൽ ചെറുതാണെങ്കിലും ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 75 ശതമാനവും നമ്മുടെ സംസ്ഥാനത്തു നിന്നാണ്. സമുദ്രോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കാൻ ചേർത്തലയിലെ സീഫുഡ് പാർക്ക് പ്രവർത്തനം തുടങ്ങി. കുറ്റ്യാടി നാളികേര ഇൻഡസ്ട്രിയൽ പാർക്ക്, വയനാട്-കോഫി പാർക്ക് എന്നിവയും സജ്ജമാകുകായണ്.

AJOSH PARACKAN

നമ്മുടെ നാട്ടിലെ ഭക്ഷ്യസംരക്ഷണ മേഖലകൾ നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിപണന ശൃംഖലകളുടെ അഭാവം. പുതിയ വിപണികൾ കണ്ടെത്താൻ കഴിയാത്ത അവസ്ഥയും നാട്ടിലുണ്ട്. ഇത് മറികടക്കാൻ സഹകരണ മേഖലയെ ഉപയോഗിച്ച് കോ-ഓപ്പറേറ്റീവ് ഇൻറർവെൻഷൻ ഇൻ അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് വഴി കാർഷികോത്പന്നങ്ങൾക്ക് വിപണി ഒരുക്കും. ഇതിനായി ബജറ്റിൽ 35 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്.

നിക്ഷേപം ആകർഷിക്കുന്നതിന് വിതരണ ശൃംഖലയുടെ വിവിധ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ശീതീകരണ സംവിധാനങ്ങൾ, ഗുണമേന്മാ പരിശോധന, ഗവേഷണം, നൈപുണ്യ പരിശീലനം, എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിൻഫ്ര സ്പൈസസ് പാർക്കിൻറെ രണ്ടാം ഘട്ടം ഒമ്പത് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉറപ്പ് നൽകി. ചെറുതോണിയിൽ ജലവിഭവ വകുപ്പ് നൽകിയ പത്തേക്കർ സ്ഥലത്ത് ഭക്ഷ്യസംസ്ക്കരണ പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കിൻഫ്രയുടെ കീഴിലുള്ള നിർദ്ദിഷ്ട പെട്രോ കെമിക്കൽ പാർക്ക് 2024 ൽ പൂർത്തീകരിക്കും. പാർക്ക് ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് തന്നെ അവിടെ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തു പ്രവർത്തനമാരംഭിച്ചു കഴിഞ്ഞത് നേട്ടമാണ്. ദക്ഷിണേന്ത്യയിലെ 12 മികച്ച വ്യവസായപാർക്കുകളിൽ അഞ്ചും കിൻഫ്രയുടേതാണ്.

ഈ സർക്കാരിൻറെ കാലത്ത് ഇതിനകം 1834 കോടി രൂപയുടെ നിക്ഷേപം കിൻഫ്ര വഴി വന്നു. 25601 തൊഴിലവസരമാണ് ഇതിലൂടെ സൃഷ്ടിച്ചത്. ഇത് സർവകാല റെക്കോർഡാണ്. ഈ സർക്കാർ 11 സ്വകാര്യ വ്യവസായപാർക്കുകൾക്ക് അനുമതി നൽകി. ഈ വർഷം 30 സ്വകാര്യ വ്യവസായപാർക്കുകൾ കൂടി ആരംഭിക്കും. ഇതോടെ 500 ഏക്കർ സ്ഥലം വ്യവസായ പാർക്കായി മാറും.

സുഗന്ധവ്യഞ്ജനങ്ങളുടെ ജില്ലയായ ഇടുക്കിയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് കിൻഫ്ര സ്പൈസസ് പാർക്കെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ വിവിധ പദ്ധതികൾ സമയബന്ധിതമായാണ് പൂർത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

15.29 ഏക്കർ വരുന്ന കിൻഫ്ര പാർക്കിൻറെ 80 ശതമാനം സ്ഥലവും സംരംഭങ്ങൾക്ക് ഇതിനകം നൽകാനായത് നേട്ടമാണെന്ന് ചടങ്ങിൽ സ്വാഗതം പറഞ്ഞ സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ചൂണ്ടിക്കാട്ടി. കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് നന്ദി പ്രകാശിപ്പിച്ചു. വിവിധ സംരംഭങ്ങൾക്കുള്ള അനുമതി പത്രം മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി.

എംഎൽഎമാരായ എം എം മണി, ഡി രാജ, ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കെ റ്റി ബിനു, ജില്ലാകളക്ടർ ഷീബ ജോർജ്ജ്, എംഎസ്എംഇ തൃശൂർ ജോയിൻറ് ഡയറക്ടർ ജി എസ് പ്രകാശ്, കിൻഫ്ര ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

കേന്ദ്രസർക്കാരിൻറെ എംഎസ്എംഇ ക്ലസ്റ്റർ വികസന പദ്ധതിയുടെ കീഴിലാണ് പാർക്ക് വികസിപ്പിച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്ക്കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങൽ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് സ്പൈസസ് പാർക്കിൻറെ ലക്ഷ്യം. 2021 ഒക്ടോബറിലാണ് സ്പൈസസ് പാർക്ക് നിർമ്മാണത്തിൻറെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആഗസ്റ്റിൽ പണി പൂർത്തിയായ സ്പൈസസ് പാർക്കിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

നിലവിലുള്ള സ്ഥലത്തിൽ 80 ശതമാനവും എട്ട് വ്യവസായ യൂണിറ്റുകൾക്കായി നൽകിക്കഴിഞ്ഞു. ബ്രാഹ്മിൺസ് ഫുഡ്സ്(വിപണനം വിപ്രോ), ഡിസി ബുക്ക്സ്, പരിശുദ്ധം ഗ്രൂപ്പ് എന്നിവർ വ്യവസായ യൂണിറ്റിൽ സ്ഥലം ഇതിനകം തന്നെ എടുത്തിട്ടുണ്ട്.

ആകെയുള്ള സ്ഥലത്തിൽ ഒമ്പതേക്കറാണ് വ്യവസായ പ്ലോട്ടുകളായി സംരംഭങ്ങൾക്ക് നൽകുന്നത്. മികച്ച റോഡ്, ശുദ്ധജല ലഭ്യത, പ്രത്യേകമായുള്ള വൈദ്യുതി ഫീഡർ ലൈൻ, സംഭരണ സംവിധാനം, സൈബർ കേന്ദ്രം, വിപണന കേന്ദ്രം, കാൻറീൻ, പ്രാഥമിക ശുശ്രൂഷാ കേന്ദ്രം, ശിശു പരിപാലന കേന്ദ്രം, സമ്മേളന ഹാൾ, മലിനജലം സംസ്ക്കരിക്കുന്നതിനുള്ള പ്ലാൻറ്, മഴവെള്ള സംഭരണി എന്നിവയെല്ലാം പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ പത്തേക്കർ സ്ഥലമാണ് കിൻഫ്ര വികസിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനു പുറമെ ഏഴ് ഏക്കർ സ്ഥലത്ത് സ്പൈസസ് ബോർഡുമായി ചേർന്ന് സുഗന്ധവ്യഞ്ജന മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കുമളി പുറ്റടിയിലുള്ള സ്പൈസസ് ബോർഡിൻറെ പാർക്കുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്നത്.

രാജ്യത്ത് സംസ്ഥാന സർക്കാർ വഴി നടപ്പാക്കുന്ന 42 മെഗാ ഫുഡ് പാർക്കുകളിലെ ആദ്യമായി പ്രവർത്തനം തുടങ്ങിയത് കേരളത്തിലാണ്. കിൻഫ്ര ആരംഭിച്ച മെഗാ ഫുഡ് പാർക്ക് ഇതിനകം തന്നെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in