കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടീസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കം

കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടീസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കം

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യും. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കി. കൂട്ടുകാരികളായിരുന്നവര്‍ക്കെതിരെ കാവ്യ തിരിച്ചുകൊടുത്ത പണി ദിലീപ് ഏറ്റെടുത്തതാണെന്ന് പറയുന്ന ശബ്ദരേഖ പുറത്ത് വന്നിരുന്നു. ദിലീപിന്റെ സഹോദരി ഭര്‍ത്താവും വധഗൂഡാലോചന കേസിലെ പ്രതിയുമായ സുരാജിന്റെ ഫോണില്‍ നിന്നുള്ള ശബ്ദരേഖയാണ് അന്വേഷണസംഘം കോടതിക്ക് കൈമാറിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ കാവ്യാ മാധവന് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന ശബ്ദരേഖയാണ് ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

''കാവ്യയെ കുടുക്കാന്‍ വേണ്ടി കൂടെ നിന്ന് കൂട്ടുകാരികള്‍ പണി വച്ചപ്പോള്‍ തിരിച്ച് ഇവക്കൊരു പണി കൊടുക്കണമെന്ന് വന്നപ്പോള്‍ കൊടുത്ത സാധനമാണ്'' എന്നാണ് ശബ്ദരേഖയിലെ പ്രധാന ഭാഗം. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ശബ്ദരേഖയാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സുരാജിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് അന്വേഷണ സംഘം വോയ്‌സ് ക്ലിപ്പ് വീണ്ടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിനെതിരായ വധഗൂഢാലോചനയില്‍ ചോദ്യം ചെയ്ത ശരതും സുരാജും തമ്മിലുള്ളതാണ് ശബ്ദരേഖ.

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെ മൂന്ന് ശബ്ദരേഖകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ദിലീപും അഭിഭാഷകന്‍ സുജേഷ് മേനോനും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും ദിലീപും ഡോക്ടര്‍ ഹൈദരാലിയും തമ്മിലുള്ള ശബ്ദരേഖയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കാവ്യ ചെന്നൈയിലാണെന്നും അടുത്തയാഴ്ചയേ തിരിച്ചെത്തൂ എന്നും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കില്ലെന്നും ജയിലില്‍ നിന്ന് നാദിര്‍ഷക്ക് വന്ന കോള്‍ എടുത്തതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തിയതെന്നും സുരാജ് ശരതിനോട് പറയുന്നുണ്ട്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ പണികൊടുത്തപ്പോള്‍ ഇവള്‍ക്ക് തിരിച്ചൊരു പണി കൊടുക്കണമെന്ന് കരുതി. ഡി.സിനിമാസിലോ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫീസും ഒഴിവാക്കി പ്രതി കാവ്യാ മാധവന്റെ ലക്ഷ്യയിലേക്കാണ് പോയതെന്നും ശബ്ദരേഖയിലുണ്ട്.

ദിലീപിന്റെയും മറ്റ് പ്രതികളുടെയും മൊബൈല്‍ ഫോണിലെ രേഖകള്‍ മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിലേക്ക് അയച്ചിരുന്നു. നിര്‍ണായക വിവരങ്ങള്‍ മായ്ച്ച് കളയാനായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയ ചുവന്ന സ്വിഫ്റ്റ് കാര്‍ ക്രൈം ബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. കേസില്‍ ദിലീപിന്റെ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ അറസ്റ്റാ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in