ലീഗില്‍ തന്നെ നിന്നിരുന്നെങ്കില്‍ തീവ്രവാദിയെന്ന ആക്ഷേപം കേള്‍ക്കേണ്ടി വരില്ലായിരുന്നു: കെ.ടി ജലീല്‍

ലീഗില്‍ തന്നെ നിന്നിരുന്നെങ്കില്‍ തീവ്രവാദിയെന്ന ആക്ഷേപം കേള്‍ക്കേണ്ടി വരില്ലായിരുന്നു:
കെ.ടി ജലീല്‍

മുസ്ലീം ജനവിഭാഗം സെക്കുലറായി നില്‍ക്കുന്നതില്‍ സംഘപരിവാര്‍ വളരെ അസ്വസ്ഥരാണ്. അവര്‍ക്ക് മുസ്ലിങ്ങളെ വര്‍ഗ്ഗീയവാദികളും തീവ്രവാദികളും ഭീകരവാദികളുമെല്ലാമാക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് കമ്യൂണിസ്റ്റ് ചേരിയില്‍ നില്‍ക്കുന്ന മുസ്ലിം പേരുള്ളവരെ. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുസ്ലിം പേരുകാര്‍ മാത്രം നേരിടുന്ന ആക്ഷേപമാണിത്. എന്നാല്‍ കമ്യൂണിസ്റ്റ് പക്ഷത്ത് നില്‍ക്കുന്ന പ്രാക്ടീസിംഗ് മുസ്ലിം പോലുമല്ലാത്തവര്‍ പോലും ഇത്തരം വിളികള്‍ കേള്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഞാനത് ഇപ്പോള്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ ആരാണെന്നും എന്താണെന്നും ഇവിടുത്തെ നാട്ടുകാര്‍ക്ക് അറിയാം. ബി.ജെ.പി പറയുന്നതില്‍ ഒരു ശതമാനം സത്യം പോലുമില്ലെന്ന് അവര്‍ക്ക് തന്നെ ഉറപ്പുള്ളത് കൊണ്ടാണല്ലോ പറച്ചിലില്‍ പരിമിതപ്പെടുത്തുന്നത്. അല്ലെങ്കില്‍ അത്തരം പശ്ചാത്തലമുള്ളവരെ കൈകാര്യം ചെയ്യുന്നത് പോലെ അവര്‍ ബന്ധപ്പെട്ടവരെ കൈകാര്യം ചെയ്യില്ലെ? കേരളത്തിലെ മുസ്ലിം ജനവിഭാഗം നേരിടുന്ന വലിയ പ്രശ്‌നമാണിത്. സെക്കുലര്‍ ബ്ലോക്കില്‍ പോലും അവര്‍ക്ക് നില്‍ക്കാന്‍ കഴിയുന്നില്ല. അവരെ തള്ളിത്തള്ളി തീവ്രവാദ ബ്ലോക്കില്‍ എത്തിക്കും. എങ്കില്‍ മാത്രമേ അത് പറഞ്ഞ് ബി.ജെ.പിക്ക് ഭൂരിപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് ഹൈന്ദവ ജനവിഭാത്തിലെ ഒരു ന്യൂനപക്ഷത്തെ അവരുടെ പക്ഷത്ത് നിര്‍ത്താനാകൂ.

ലീഗില്‍ തന്നെ നിന്നിരുന്നെങ്കില്‍ തീവ്രവാദിയെന്ന ആക്ഷേപം കേള്‍ക്കേണ്ടി വരില്ലായിരുന്നു:
കെ.ടി ജലീല്‍
പെരുന്നാളിന് മുസ്ലിം വീടുകളില്‍ പോയി ബി.ജെ.പിക്കാര്‍ക്ക് ഭക്ഷണം കഴിച്ച് പോരാം; അവരെ വിലക്കെടുക്കാനാകില്ല:കെ.ടി ജലീല്‍ അഭിമുഖം

പഴയ സിമിക്കാരനെന്നാണ് എന്നെക്കുറിച്ച് പറയുന്നത്. എന്നേക്കാള്‍ വലിയ സിമിക്കാരനായിരുന്നു മലപ്പുറം എം.പിയായ ലീഗ് ദേശീയ സെക്രട്ടറി അബ്ദുള്‍ സമദ് സമദാനി. അദ്ദേഹം ഫറൂഖ് കോളേജിലെ ചെയര്‍മാനായത് സിമിയുടെ ബാനറിലാണ്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ ഞാന്‍ ചെയര്‍മാനായത് എം.എസ്.എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ്. സിമി നിരോധിക്കപ്പെടുന്നതിന് മുമ്പാണ് സമദാനിയും ഞാനും അതില്‍ പ്രവര്‍ത്തിച്ചത്. ആശയ തലത്തില്‍ വിയോജിപ്പുണ്ടായപ്പോള്‍ ഞങ്ങളിരുവരും സിമി വിട്ട് സെക്കുലര്‍ ബ്ലോക്കിലേക്ക് വന്നു. ഞങ്ങള്‍ രണ്ടുപേരും ആ സംഘടനയില്‍ നിന്നും രാജിവെച്ചു. രരണ്ടാളും ലീഗായി. ഞാന്‍ ലീഗിലുള്ളപ്പോള്‍ ഈ ആക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടില്ല. യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു ഞാന്‍. 20 വയസ്സ് മുതല്‍ 39 വയസ്സ് വരെ ആരും എന്നെ തീവ്രവാദിയെന്നോ ഭീകരവാദിയെന്നോ വിളിച്ചിട്ടില്ല. ഞാന്‍ ലീഗില്‍ തന്നെ നിന്നിരുന്നെങ്കില്‍ ഇത്തരമൊരു വിളി കേള്‍ക്കേണ്ടി വരുമായിരുന്നില്ല. ഇടതുപക്ഷ സഹയാത്രികനായത് കൊണ്ടാണ് ഈ വിളി കേള്‍ക്കേണ്ടി വരുന്നത്. സമദാനിക്ക് ഇപ്പോഴും അത്തരമൊരു വിളി നേരിടേണ്ടി വരുന്നില്ല. തന്റെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്തി ഇടതുപക്ഷത്തോട് യോജിച്ച് നില്‍ക്കാന്‍ സമദാനി തീരുമാനിച്ചാല്‍ ആ നിമിഷം മുതല്‍ എന്നെക്കുറിച്ച് എന്താണോ പറയുന്നത് അത് സമദാനിയെക്കുറിച്ചും പറയും.

പ്രാക്ടീസിംഗ് മുസ്ലിമാണെങ്കില്‍ ലീഗിനൊപ്പമാണ് നില്‍ക്കേണ്ടതെന്നാണ് മാധ്യമങ്ങളുടെ ഒരു പൊതു നിലപാട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജാഥയില്‍ എങ്ങനെയാണ് അങ്ങനെയൊരാളെ അംഗമാക്കുകയെന്നും വിശ്വാസിയായ ഒരാളെ എങ്ങനെയാണ് ആ പ്രസ്ഥാനം ഉള്‍ക്കൊള്ളുകയെന്നുമാണ് അവരുടെ ചോദ്യം. വിശ്വാസിയാണങ്കില്‍ മുസ്ലിലീഗിനൊപ്പവും അല്ലെങ്കില്‍ കോണ്‍ഗ്രസിനൊപ്പവും പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നമില്ല. മുസ്ലിം പേരുള്ള റഹീമും റിയാസും പോലും ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ട്. സെക്കുലര്‍ ഹിന്ദുവും സെക്കുലര്‍ മുസ്ലിമും ഒന്നിച്ചു നില്‍ക്കുന്നതിനാലാണ് സംഘപരിവാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുന്നത്. സെക്കുലര്‍ മുസ്ലിങ്ങളെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അകറ്റി ബി.ജെ.പി ഉദ്ദേശിക്കുന്ന പക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കമായി മാത്രമേ ഇത്തരം തീവ്രവാദി, ഭീകരവാദി വിളികളെ കാണാനാകൂ. അതുകൊണ്ട് ഞാന്‍ ഇത്തരം വിളികള്‍ക്ക് ചെവി കൊടുക്കാറില്ല. ഭീഷണിപ്പെടുത്തി മുസ്ലിങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും കൂടെ നിര്‍ത്താമെന്ന് സംഘപരിവാര്‍ ശക്തികള്‍ കരുതേണ്ട. കാരണം അങ്ങനെ അടിച്ചൊതുക്കിയാല്‍ ഒതുങ്ങുന്നവരല്ല അവര്‍. അടിച്ചമര്‍ത്തലിനെതിരെ നിലയുറപ്പിച്ച പാരമ്പര്യമാണ് സാമ്രാജ്യത്വ വിരുദ്ധ പോരാളികള്‍ക്കുള്ളത്. ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ തൂക്കിലേറ്റിയത് ആരെയാണെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇന്ത്യാഗേറ്റില്‍ എഴുതി വച്ച പേരുകളില്‍ തൊണ്ണൂറ് ശതമാനം പേരുകളും ആരുടേതാണെന്ന് ബി.ജെ.പി പരിശോധിക്കട്ടെ. എല്ലാ കാലത്തും അടിമത്തത്തെയും രണ്ടാതരം പൗരത്വത്തെയും പ്രതിരോധിച്ച ജനസമൂഹത്തെ പ്രലോഭനങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്തല്‍ കൊണ്ടും വശപ്പെടുത്താന്‍ കഴിയുമെന്ന് ആരും കരുതേണ്ട. അവരെ സ്‌നേഹത്തിലൂടെ മാത്രമേ കീഴ്‌പ്പെടുത്താന്‍ കഴിയുകയുള്ളു. ജനാധിപത്യ രൂപത്തിലും മതനിരപേക്ഷ വഴിയിലൂടെയും മാത്രമേ മെരുക്കാനാകൂ. ആയുധവും അധികാര ദണ്ഡും മര്‍ദ്ദന മുറകളും കൊണ്ട് അവരെ ഒരു പക്ഷത്തേക്കും കൊണ്ടുപോകാനാവില്ല. ഈ പരമമായ സത്യമാണ് ബി.ജെ.പി മനസ്സിലാക്കേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in