'ആം ആദ്മിക്കും ട്വന്റി20ക്കും പറ്റുന്ന സ്ഥാനാര്‍ത്ഥിയും മുന്നണിയും യുഡിഎഫിന്റേത്'; വോട്ട് തേടി കെ സുധാകരന്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി20- ആം ആദ്മി സഖ്യത്തിന്റെ വോട്ട് തേടി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍. ആം ആദ്മി പാര്‍ട്ടിയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനവും, ട്വന്റി-20യുടെ രാഷ്ട്രീയ നിലപാടും സംയുക്തമായി പരിശോധിച്ചാല്‍ അവര്‍ക്ക് സ്വാഭാവികമായി യോജിക്കാന്‍ കഴിയാത്ത പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും അവരുടെ വോട്ട് സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.
ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയ്ക്കും, വികസനത്തിന് വേണ്ടി കഴിഞ്ഞ കാല രാഷ്ട്രീയ പ്രവര്‍ത്തനം വിനിയോഗിച്ച പാര്‍ട്ടി എന്ന നിലയ്ക്കും അവരുടെ പിന്തുണ തേടുകയാണ്. അവര്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥിയും മുന്നണിയും യുഡിഎഫും ഉമ തോമസുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ഡല്‍ഹിയിലെ പോലെ ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തിലെ ജനങ്ങളിലേക്ക് കടന്നു കയറാന്‍ കഴിയുമെന്ന് വിചാരിക്കുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി എന്ന നിലയ്ക്ക് ട്വന്റി20യുമായി കോണ്‍ഗ്രസിന് ഇടപെടേണ്ടി വന്നിട്ടില്ലെന്നും വ്യക്തിപരമായി നേതാക്കള്‍ക്ക് മാത്രമാണ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.
ഇന്നലെ ട്വന്റി20ക്ക് വോട്ട് ചെയ്തവര്‍ ഇന്ന് ഇടതുപക്ഷത്തിന് വോട്ടുചെയ്യുമെന്നാണ് കരുതുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ട്വന്റി-20 ആം ആദ്മി പാര്‍ട്ടികള്‍ മുന്‍പോട്ട് വെച്ച കുറച്ച് നിലപാടുകളുണ്ട്. അത് അഴിമതിക്കെതിരായ നിലപാടാണ്, നാടിന്റെ വികസനമെന്ന മുദ്രാവാക്യമാണ്. വിദ്യാസമ്പന്നരും പ്രൊഫഷണലുകളും രാഷ്ട്രീയത്തില്‍ വരണമെന്ന ആശയമാണ്. ഈ കാര്യങ്ങളോടെല്ലാം ഇപ്പോള്‍ ചേര്‍ന്ന് പോകുന്നത് ഇടതുപക്ഷമാണെന്നും അവര്‍ക്ക് ആശയപരമായി പിന്തുണയ്ക്കാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇടതുപക്ഷമാണെന്നുമായിരുന്നു സ്വരാജിന്റെ പ്രതികരണം.