വി.ഡി സതീശനെതിരെ കെ.പി.സി.സിക്ക് പരാതി നല്‍കുമെന്ന് ആര്‍. ചന്ദ്രശേഖരന്‍

വി.ഡി സതീശനെതിരെ കെ.പി.സി.സിക്ക് പരാതി നല്‍കുമെന്ന് ആര്‍. ചന്ദ്രശേഖരന്‍

ഐ.എന്‍.ടി.യു.സി പോഷക സംഘടനയല്ലെന്ന പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കെ.പി.സി.സി.ക്ക് പരാതി നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍. ഐ.എന്‍.ടി.യു.സി പോഷക സംഘടനയാണോയെന്ന കാര്യത്തില്‍ കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടും. കെ.പി.സി.സി പ്രസിഡന്റിനെ കണ്ട് ഇന്ന് തന്നെ പരാതി നല്‍കുമെന്ന് ആര്‍.ചന്ദ്രശേഖരന്‍ ദ ക്യുവിനോട് പറഞ്ഞു. ഐ.എന്‍.ടി.യു.സിക്കെതിരെ വി.ഡി സതീശന്‍ നടത്തിയ പരസ്യ പ്രസ്താവന കെ.പി.സി.സി പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്ത് നല്‍കുന്നത്.

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാടില്‍ വി.ഡി സതീശന്‍ ഉറച്ചു നില്‍ക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ചാണ് നിലപാട് വ്യക്തമാക്കിയത്. ചങ്ങനാശേരിയില്‍ ഇന്നലെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ നടത്തിയ പ്രകടത്തിന് പിന്നില്‍ കുത്തിത്തിരിപ്പ് സംഘമാണെന്നും പ്രശ്‌നമുണ്ടാക്കാന്‍ കാത്തിരുന്നവരാണ് പ്രതിഷേധിച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

തൊഴിലാളി സംഘടനകള്‍ നടത്തിയ പണിമുടക്കുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു ഐ.എന്‍.ടി.യു.സി പോഷക സംഘടനയല്ലെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചത്. ഇതിനെതിരെ തൊഴിലാളി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലില്‍ പ്രകടനം നടത്തുകയായിരുന്നു.