വി.ഡി സതീശനെതിരെ പ്രതിഷേധവുമായി ഐഎന്‍ടിയുസി

വി.ഡി സതീശനെതിരെ പ്രതിഷേധവുമായി ഐഎന്‍ടിയുസി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പരാമര്‍ശത്തിലാണ് പ്രതിഷേധം. കോട്ടയം ചങ്ങനാശ്ശേരിയിലാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസിലേക്ക് കഴിഞ്ഞ ദിവസം സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തിയ സമരത്തിനെതിരെ പ്രതികരിക്കുമ്പോഴായിരുന്നു വി.ഡി സതീശന്‍ ഐ.എന്‍.ടി.യു.സി പോഷകസംഘടനയല്ലെന്ന് പറഞ്ഞത്. കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും ഒന്നാണെന്ന് തൊഴിലാളികള്‍ പറയുന്നു. കോട്ടയത്ത് ഇന്ന് വി.ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധം.

അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്ന് ഐ.എന്‍.ടി.യു.സി വര്‍ക്കിംഗ് കമ്മിറ്റിയംഗം പി.പി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ കോണ്‍ഗ്രസിലാണ് വിശ്വസിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരിക്കുന്ന വ്യക്തി ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നും പി.പി തോമസ് പ്രതികരിച്ചു.

The Cue
www.thecue.in