ചൂരല്‍മലയില്‍ പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം

ചൂരല്‍മലയില്‍ പുതിയ പാലം; 35 കോടിയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം
Published on

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മലയിലെ പാലം പുനര്‍നിര്‍മിക്കാന്‍ 35 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പദ്ധതി നിര്‍ദേശത്തിന് അംഗീകാരം നല്‍കിയതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന വിധത്തിലാണ് പാലം പുനര്‍നിര്‍മിക്കുന്നത്. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നത്. ഇത് കൂടുതല്‍ ഉറപ്പോടെ പുനര്‍നിര്‍മിക്കുകയാണ് ലക്ഷ്യം.

ഇനിയൊരു അപകടമുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള വിധത്തിലായിരിക്കും പാലം നിര്‍മ്മിക്കുക. ഉരുള്‍പൊട്ടലില്‍ പുഴയിലുണ്ടായ പരമാവധി ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തില്‍ പാലം നിര്‍മിക്കും. അതുകൊണ്ടുതന്നെ മുന്‍പുണ്ടായിരുന്ന പാലത്തിനെക്കാള്‍ ഉയരം പുതിയ പാലത്തിനുണ്ടാവും. 267.95 മീറ്ററായിരിക്കും ആകെ നീളം. പുഴയുടെ മുകളില്‍ 107 മീറ്ററും ഇരു കരകളിലും 80 മീറ്റര്‍ നീളവും പാലത്തിനുണ്ടാവും.

ഉയരം കൂട്ടി നിര്‍മിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റര്‍ നീളത്തില്‍ പണിയുന്നത്. വെള്ളത്തില്‍ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിര്‍മിക്കുക. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചലില്‍ പാലം ഒലിച്ചുപോയത്.

Related Stories

No stories found.
logo
The Cue
www.thecue.in