ആകാശപ്പാത ഇല്ലാതാക്കിയത് ഗണേഷിന്റെ പ്രതികാരമോ? തിരുവഞ്ചൂര്‍ ചെയ്തത് എന്താണ്

ആകാശപ്പാത ഇല്ലാതാക്കിയത് ഗണേഷിന്റെ പ്രതികാരമോ? തിരുവഞ്ചൂര്‍ ചെയ്തത് എന്താണ്
Published on

കോട്ടയത്തെ ആകാശപ്പാത നിര്‍മാണവുമായി മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടാണെന്ന് മന്ത്രി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചതിനൊപ്പം മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വനം മന്ത്രിയായിരുന്നപ്പോള്‍ താന്‍ സമര്‍പ്പിച്ച ഒരു പദ്ധതി നിഷ്‌കരുണം തള്ളിയിരുന്നു. അതിന് പ്രതികാരമായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതരുതെന്നായിരുന്നു ആ പരാമര്‍ശം. തിരുവഞ്ചൂരിന്റെ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം ആകാശപ്പാത നടക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി ഗണേഷ് കുമാര്‍ പഴയ കഥ മുന്നോട്ടു വെച്ചത് ഇത് പ്രതികാരം തന്നെയെന്ന് സ്ഥാപിക്കാനാണോ എന്ന സംശയം ജനങ്ങളില്‍ ഉയര്‍ന്നേക്കാം.

ഇത് പ്രതികാരം തന്നെയാണെന്ന് തിരുവഞ്ചൂര്‍ സ്ഥിരീകരിക്കുകയാണ്. താന്‍ വനം മന്ത്രിയായിരുന്നപ്പോള്‍ ഗണേഷിന്റെ നിയോജക മണ്ഡലത്തിലെ വനഭൂമിയില്‍ ശബരി കുടിവെള്ള പദ്ധതിക്കായി 45 ലക്ഷം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് വനംവകുപ്പിന്റെ പക്കല്‍ 45 ലക്ഷം കൊടുക്കാന്‍ ഇല്ലാതിരുന്നതുകൊണ്ട് അതിന് അംഗീകാരം നല്‍കാന്‍ കഴിഞ്ഞില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതിന്റെ വാശി ഗണേഷ് കുമാര്‍ തീര്‍ക്കുകയാണെന്നാണ് തിരുവഞ്ചൂര്‍ വ്യക്തമാക്കുന്നത്. ആകാശപ്പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും 17 കോടി രൂപയ്ക്ക് മേല്‍ ചെലവു വരുന്ന പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നുമാണ് നിയമസഭയില്‍ മന്ത്രി പറഞ്ഞത്.

ആകാശപ്പാതയുടെ സ്ട്രക്ചര്‍ നിര്‍മാണം മാത്രമേ നടന്നിട്ടുള്ളു. ശീമാട്ടി റൗണ്ടിലെ സ്ട്രക്ചറിന്റെ നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് പാലക്കാട് ഐഐടി നടത്തിയ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഘടന പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. സ്ഥലം സൗജന്യമായി നല്‍കാമെന്ന് നേരത്തേ പ്രഖ്യാപനം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഭൂമി സൗജന്യമായി ലഭിക്കില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in