കേരളത്തിന്റെ ക്രൗഡ് പുള്ളർ, കോൺ​ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാര; ഉമ്മൻചാണ്ടിയുടെ വിയോ​ഗത്തിൽ നേതാക്കൾ

കേരളത്തിന്റെ ക്രൗഡ് പുള്ളർ, കോൺ​ഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാര; ഉമ്മൻചാണ്ടിയുടെ വിയോ​ഗത്തിൽ നേതാക്കൾ

കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്നു ഉമ്മൻ ചാണ്ടി. രോ​ഗതീവ്രത വീട്ടിൽ വിശ്രമത്തിലാക്കിയ കാലത്തിലൊഴികെ ആളിരമ്പത്തിനൊപ്പമല്ലാതെ ഉമ്മൻചാണ്ടിയെ കാണാനാകുമായിരുന്നില്ല. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും പുതുപ്പള്ളിയുടെ എംഎൽഎയായിരിക്കുമ്പോഴും കേരളത്തിന്റെ ക്രൗഡ് പുള്ളർ എന്ന നില മാറിയില്ല. നേതാക്കൾ ഉമ്മൻചാണ്ടിയെ അനുസ്മരിക്കുന്നു.

‘സ്നേഹം’ കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു : കെ.സുധാകരൻ

‘സ്നേഹം’ കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു ജനനായകൻ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുന്നു ആദരാഞ്ജലികൾ.

കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാര:എം.വി ​ഗോവിന്ദൻ

ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ്സ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്. കക്ഷി രാഷ്ട്രീയത്തിനതീതമായ സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ച അദ്ദേഹം ഭരണ, രാഷ്ട്രീയ രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് കടന്നുപോകുന്നത്. അമ്പതാണ്ടുകളിലേറെക്കാലം കോൺഗ്രസിനെ അടയാളപ്പെടുത്തിയ രാഷ്ട്രീയ ധാരയാണ് ഉമ്മൻചാണ്ടിയുടെ വിയോഗത്തോടെ ഇല്ലാതാവുന്നത്. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ വേർപാടിൽ രാഷ്ട്രീയ കേരളത്തിന്റെ അഗാധമായ ദുഃഖത്തോടൊപ്പം പങ്കുചേരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ഇടപെടൽ :എ വിജയരാഘവൻ

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവുമായിരുന്ന ഉമ്മൻ‌ചാണ്ടി വിടവാങ്ങിയിരിക്കുന്നു. കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് ഇതോടെ അവസാനിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരിക്കൽ പോലും പരാജയം അനുഭവിക്കാതെ തുടർച്ചയായി 53 വർഷം ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻ‌ചാണ്ടി നിയമസഭാ ചരിത്രത്തിലെ സുപ്രധാന ഏടാണ്. മൂന്ന് തവണ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയുമായ അദ്ദേഹത്തിന്റെ ഭരണപാടവും നയതന്ത്ര മികവും കേരളം കണ്ടതാണ്.

1970 മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവമായിരുന്ന ഉമ്മൻ‌ചാണ്ടി അക്കാലം മുതൽ രോഗബാധിതനായ കാലംവരെയും സ്വന്തം ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപൃതനായിരുന്നു.

ഉമ്മൻ‌ചാണ്ടിയുടെ പല ഇടപെടലുകളും കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ നിർണായകസ്വാധീനം ചെലുത്തിയവയാണ്. യുഡിഎഫിന്റെ പല നയങ്ങളിലും നിലപാടുകളിലും ഉമ്മൻചാണ്ടിയുടെ ഇടപെടൽ കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികൾ നിയന്ത്രിക്കുന്നവയായിരുന്നു. രാഷ്ട്രീയമായി ശക്തമായ വിയോജിപ്പുകളുള്ളപ്പോഴും വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

കേരളീയ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർടിയുടെയും യുഡിഎഫിന്റെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.

കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും സ്വീകാര്യതയുള്ള മുഖം: ജോൺ ബ്രിട്ടാസ്

രാഷ്ട്രീയത്തിന്റെ വിരുദ്ധ ചേരിയിൽ ആണെങ്കിലും അത്ഭുത ആദരവോടെയാണ് എന്നും ഉമ്മൻചാണ്ടിയെ നോക്കി നിന്നിട്ടുള്ളത്. ഒരു രാഷ്ട്രീയ-സാമൂഹ്യജീവിയാകുന്ന ഘട്ടത്തിൽ തന്നെ മനസ്സിലേക്ക് കടന്നുവന്ന മുഖമാണ് ഉമ്മൻചാണ്ടിയുടേത്. അന്നുമുതൽ ഇന്നുവരെ ഉമ്മൻചാണ്ടി എന്നുള്ളത് കേരള രാഷ്ട്രീയത്തിന്റെ പര്യായങ്ങളിൽ ഒന്നാണ്. ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും പഠിക്കാനുള്ള ഒരുപാട് പാഠങ്ങൾ ഉമ്മൻചാണ്ടി പകർന്നു നൽകിയിട്ടുണ്ട്. ജനമദ്ധ്യത്തിൽ ഇതുപോലെ ജീവിച്ച ഒരു നേതാവ് ലോകത്തിൽ തന്നെ ഉണ്ടാകില്ല. അത്രത്തോളം ഇഴയടുപ്പം അദ്ദേഹത്തിന് ജനങ്ങളുമായി ഉണ്ടായിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ഏറ്റവും സ്വീകാര്യതയുള്ള മുഖമായി അദ്ദേഹത്തെ മാറ്റിയതും ജനങ്ങളുമായിട്ടുള്ള ഈ ഇഴയടുപ്പമാണ്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം ഒട്ടേറെ തവണ ഉമ്മൻചാണ്ടിയുമായി വ്യക്തിപരമായി ബന്ധപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും നിറഞ്ഞ സ്നേഹത്തോടെയാണ് അദ്ദേഹം എന്നും സ്വീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ മാധ്യമപ്രവർത്തകനായിരുന്ന വേളയിലാണ് ഉമ്മൻചാണ്ടിയെ പരിചയപ്പെട്ടത്. അന്ന് കെ.കരുണാകരനെതിരെ കലാപം നയിച്ചുകൊണ്ട് അദ്ദേഹം ഡൽഹിയിൽ ഇടയ്ക്കിടെ വരുമായിരുന്നു. അദ്ദേഹത്തെ ചുറ്റിപ്പറ്റി ആയിരിക്കും കേരള രാഷ്ട്രീയം മുന്നോട്ട് പോവുകയെന്ന് അന്ന് തന്നെ എനിക്ക് ബോധ്യപ്പെട്ട കാര്യമാണ്. അഞ്ച് പതിറ്റാണ്ടുകാലം ഒരു മണ്ഡലത്തെ തീർച്ചയായും നിയമസഭയിൽ പ്രതിനിധാനം ചെയ്യുക എന്ന അത്ഭുതത്തിന്റെ ഉടമ കൂടിയാണ് ഉമ്മൻചാണ്ടി. എത്രകണ്ടു സ്വീകാര്യനായിരുന്നു അദ്ദേഹം ജനങ്ങൾക്ക് എന്നതിന്റെ ഉത്തമദൃഷ്ടാന്തം കൂടിയാണ് ഇക്കാര്യം .

ഉമ്മൻചാണ്ടി കടന്നുപോകുമ്പോൾ വലിയൊരു കാലഘട്ടമാണ് അവസാനിക്കുന്നത്. അദ്ദേഹത്തോട് വിയോജിക്കാം യോജിക്കാം എന്നാൽ അദ്ദേഹം പകർന്നു നൽകുന്ന പാഠങ്ങളുടെ തിളക്കത്തിൽ ഒരു പോറൽ പോലും ഒരിക്കലും ഉണ്ടാവില്ല എന്ന് എനിക്ക് ഉറപ്പാണ്.

Related Stories

No stories found.
logo
The Cue
www.thecue.in