ആര്‍.ഡി ഓഫീസില്‍ നിന്നും അപമാനിച്ച് ഇറക്കി വിട്ടുവെന്ന് ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിയുടെ കുടുംബം

ആര്‍.ഡി ഓഫീസില്‍ നിന്നും അപമാനിച്ച് ഇറക്കി വിട്ടുവെന്ന് ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളിയുടെ കുടുംബം

ഭൂമിതരം മാറ്റുന്നതിനായി അപേക്ഷ നല്‍കി ഓഫീസുകള്‍ കയറിയിറങ്ങിയ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിനായാണ് ഭൂമിതരം മാററുന്നതിനായി അപേക്ഷ നല്‍കിയതെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഓഫീസുകള്‍ കയറി ഇറങ്ങുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

ആര്‍.ഡി. ഓഫീസില്‍ പോയിട്ട് വളരെ വിഷമിച്ചാണ് അച്ഛന്‍ തിരിച്ചു വന്നതെന്ന് സജീവന്റെ മകള്‍ പറഞ്ഞു. വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കണമെന്ന് സജീവന്‍ പറഞ്ഞിരുന്നതായി മകന്‍ മാധ്യമങ്ങോട് പറഞ്ഞു. ജോലിക്ക് പോകാതെയായിരുന്നു ഓഫീസുകള്‍ കയറി ഇറങ്ങിയത്. മൂന്ന് ദിവസമായി അസ്വസ്ഥതയിലായിരുന്നു.

17 ലക്ഷത്തോളം കടമുണ്ടെന്നും ബാധ്യതകള്‍ തീര്‍ക്കുന്നതിനായി ലോണെടുക്കുന്നതിനാണ് ഭൂമി തരംമാറ്റി കിട്ടാന്‍ അപേക്ഷ നല്‍കിയത്. നാല് സെന്റിലാണ് സജീവനും കുടുംബവും താമസിക്കുന്നത്. സ്വകാര്യ ചിട്ടി കമ്പനിയില്‍ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി വായ്പയെടുത്തിരുന്നു. കടം വാങ്ങിയ തുക കൊണ്ട് ആധാരം തിരിച്ചെടുത്തു. മറ്റൊരു ബാങ്കില്‍ നിന്നും വീണ്ടും ലോണെടുക്കാനായിരുന്നു സജീവന്റെ ശ്രമം.

ആത്മഹത്യക്കുറിപ്പില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കത്തിലെ എഴുത്തില്‍ അവ്യക്തത ഉള്ളതിനാല്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in