സാമ്പത്തിക ക്രമക്കേടിൽ സംശയ നിഴലിൽ ഉള്ള വ്യക്തിക്ക് ആരുടെ താത്പര്യപ്രകാരമാണ് സീറ്റ് നൽകിയത് ; ഫിറോസിനെതിരെ യൂത്ത് കോൺഗ്രസ്സ്

സാമ്പത്തിക ക്രമക്കേടിൽ സംശയ നിഴലിൽ ഉള്ള വ്യക്തിക്ക്  ആരുടെ താത്പര്യപ്രകാരമാണ് സീറ്റ് നൽകിയത് ; ഫിറോസിനെതിരെ യൂത്ത് കോൺഗ്രസ്സ്

തവന്നൂര്‍ മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാർഥിയായി ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിച്ചതിനെ വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഫിറോസിന്റെ സ്ഥാനാർഥിത്വത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതാണെന്നും എന്നാല്‍ തെരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാകേണ്ടയെന്ന് കരുതിയാണ് പ്രതിഷേധം ശക്തമാക്കാത്തതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ ഫേസ്ബുക്കിൽ കുറിച്ചു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീമമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഏജന്‍സികളുടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കുന്നത് തന്നെ പാര്‍ട്ടി ഭാവിയില്‍ പ്രതിസന്ധിയിലാകും എന്ന് മനസിലാക്കണമായിരുന്നു. മലപ്പുറം ഡിസിസിയോ അവിടുത്തെ പ്രാദേശികകമ്മിറ്റികളോ ഫിറോസിന് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ടതായി അറിയുന്നില്ല. ആരുടെ താല്‍പ്പര്യമാണ് ഈ സീറ്റ് നല്‍കുന്നതിന് പിന്നില്‍ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയുവാന്‍ താല്പര്യമുണ്ടെന്നും എന്‍എസ് നുസൂര്‍ വ്യക്തമാക്കി.

എന്‍എസ് നുസൂറിന്റെ പ്രസ്താവന

”ബഹുമാനപ്പെട്ട പ്രസിഡന്റ്,

”പാര്‍ട്ടിയുടെ പരാജയത്തെപ്പറ്റി വിശദമായ കൂടിയാലോചന രാഷ്ട്രീയകാര്യസമിതിയില്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണന പാര്‍ട്ടി നല്‍കിയതിലുള്ള നന്ദി അറിയിക്കുന്നു. പക്ഷെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കുന്നത് നന്നാവും. തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചെഴുത്ത് നടത്തുവാന്‍ തയ്യാറായിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു എന്ന് ഓര്‍മിപ്പിക്കട്ടെ. താങ്കളോ പ്രതിപക്ഷനേതാവോ മാറിയതുകൊണ്ട് തീരുന്ന പ്രശ്‌നമല്ല പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. മാറ്റം ഉണ്ടെങ്കില്‍ അത് സമ്പൂര്‍ണ്ണമാകണം. എല്ലാതലങ്ങളിലും അത് ഉണ്ടാകണം.”

”സ്ഥാനാര്‍ത്ഥിത്വം നല്‍കിയപ്പോള്‍ എന്ത് കൊണ്ടാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് തവന്നൂര്‍ മണ്ഡലം നല്‍കിയത് എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല. ആ സമയം തന്നെ മലപ്പുറം ജില്ലാ കമ്മിറ്റി പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. തെരഞ്ഞെടുപ്പിനിടെ അപസ്വരം ഉണ്ടാകേണ്ട എന്ന് കരുതിയാണ് പ്രതിഷേധം ശക്തമാകാത്തത്. എന്നാല്‍ ഇന്നലെ ഫിറോസ് കുന്നംപറമ്പില്‍ മുഖ്യമന്ത്രിയെ വാഴ്ത്തിയത് കണ്ടപ്പോഴാണ് ഇത് അങ്ങയുടെ ശ്രദ്ധയില്‍പെടുത്തുന്നത്. അദ്ദേഹം വിജയിച്ചിരുന്നുവെങ്കില്‍പോലും അത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു ബാധ്യത ആകുമായിരുന്നില്ലേ? ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീമമായ സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഏജന്‍സികളുടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിക്ക് സീറ്റ് നല്‍കുന്നത് തന്നെ പാര്‍ട്ടി ഭാവിയില്‍ പ്രതിസന്ധിയിലാകും എന്ന് മനസിലാക്കണമായിരുന്നു.”

”എന്ത് കൊണ്ടാണ് ഇത്രയും നന്മകള്‍ ചെയ്യുന്ന വ്യക്തിക്ക് മുസ്ലീംലീഗ് അവരുടെ ചിഹ്നത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല. ഫിറോസ് കുന്നംപറമ്പില്‍ അല്ലാതെ മറ്റാരായിരുന്നാലും ജലീല്‍ വിരുദ്ധ സാഹചര്യത്തില്‍ അവിടെ വിജയിക്കുമായിരുന്നു. ഫിറോസ് ആയപ്പോള്‍ സ്വന്തം നിരപരാധിത്വം തെളിയിക്കാനാണ് സമയം കൂടുതല്‍ ചിലവഴിക്കപ്പെട്ടത്. ഏത് മണ്ഡലത്തിലും ശക്തമായ മത്സരം കാഴ്ച വക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയും. അടൂര്‍ നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംജി കണ്ണന്‍ പരാജയപ്പെട്ടത് 2900 വോട്ടുകള്‍ക്കാണ് (കഴിഞ്ഞ തവണ 26000ന് പരാജപ്പെട്ട സ്ഥലം) ആ പ്രാധാന്യമേ തവന്നൂര്‍ മണ്ഡലത്തിനും ഉള്ളൂ. ഇത്തവണ പരാജയപ്പെട്ടത് 2600 വോട്ടിന് (കഴിഞ്ഞ തവണ 17064 വോട്ടിന് ).”

”ഒട്ടേറെ ചോരനല്‍കിയ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജില്ലയാണ് മലപ്പുറം. അവിടെയുള്ള സമരപോരാളികയുടെ പ്രവര്‍ത്തനങ്ങളുടെ ഫലം നല്കിയതോ മുസ്ലിംലീഗില്‍നിന്നും കടമെടുത്ത ഫിറോസ് കുന്നംപറമ്പിലിനും. ഇത് അംഗീകരിക്കാന്‍ കഴിയാവുന്നതല്ല. മലപ്പുറം ഡിസിസിയോ അവിടുത്തെ പ്രാദേശികകമ്മിറ്റികളോ ഫിറോസിന് സീറ്റ് നല്‍കണം എന്നാവശ്യപ്പെട്ടതായി അറിയുന്നില്ല. ആരുടെ താല്‍പ്പര്യമാണ് ഈ സീറ്റ് നല്‍കുന്നതിന് പിന്നില്‍ എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയുവാന്‍ താല്പര്യമുണ്ട്. പരാജയം സംഭവിക്കുമ്പോള്‍ എതിര്‍ചേരിയില്‍ ഉള്ളവരെ വാഴ്ത്തിപ്പാടുന്നത് അവസാനിപ്പിക്കണം എന്ന് ഇത്തരക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.’

Related Stories

No stories found.
logo
The Cue
www.thecue.in