ഈ സർക്കാരിന് സൽപ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി അഞ്ച് വർഷത്തിനിടയിൽ ജലീലിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ കഴിയുമോ?

ഈ സർക്കാരിന് സൽപ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി അഞ്ച് വർഷത്തിനിടയിൽ ജലീലിന്റെ
ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ
കഴിയുമോ?

ഇടതുപക്ഷസര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കുന്ന എന്തെങ്കിലും പ്രവൃത്തി മന്ത്രി കെ.ടി ജലീല്‍ ചെയ്തിട്ടുണ്ടോ എന്ന് വി.ടി ബല്‍റാം എം.എല്‍.എ. ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകള്‍ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുര്‍വ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നതെന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍. മന്ത്രി ജലീലിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് വിമര്‍ശനം

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ്

സ്വന്തമായി ഒരു പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത കെ.ടി.ജലീല്‍ മൂന്ന് തവണയായി എല്‍ഡിഎഫ് എംഎല്‍എയാണ്. അഞ്ച് വര്‍ഷത്തോളമായി മന്ത്രിയും. ഞാന്‍ മുന്‍പൊരിക്കല്‍ ചോദിച്ചിരുന്നത് പോലെ ഈ സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കുന്ന എന്തെങ്കിലുമൊരു പ്രവൃത്തി ഈ അഞ്ച് വര്‍ഷത്തിനിടയില്‍ മന്ത്രി ജലീലിന്റെ ഭാഗത്തു നിന്നുണ്ടായതായി ആര്‍ക്കെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? ഇല്ലെന്ന് മാത്രമല്ല, ഓരോ കാലത്തും ഇദ്ദേഹം ചെയ്തുവയ്ക്കുന്ന വൃത്തികേടുകള്‍ കണ്ണുമടച്ച് ന്യായീകരിക്കുക എന്ന ദുര്‍വ്വിധിയാണ് ഇടതുപക്ഷാനുഭാവികളായ പാവങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടി വന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന് രാജിവച്ച് പുറത്ത് പോകേണ്ടി വന്നത് അദ്ദേഹം നടത്തിയ ബന്ധു നിയമനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ജലീലിനെതിരെ ഉയര്‍ന്നത് ബന്ധു നിയമനം മാത്രമല്ല മാര്‍ക്ക് തട്ടിപ്പ്, സര്‍വ്വകലാശാല നിയമ ലംഘനം മുതല്‍ ഇപ്പോള്‍ കള്ളക്കടത്ത്, നയതന്ത്ര ചട്ടലംഘനം അടക്കമുള്ള നിരവധി ഗുരുതര വിഷയങ്ങളാണ്.

ഭരണഘടന പ്രകാരം ഒരു മന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് 'ഗവര്‍ണറുടെ പ്ലെഷര്‍' അയാള്‍ക്ക് മേല്‍ ഉള്ള കാലത്തോളം മാത്രമാണ്. എന്നാല്‍ നേരത്തേ സര്‍വ്വകലാശാല മാര്‍ക്ക് ദാന വിഷയത്തില്‍ ബഹു.ഗവര്‍ണര്‍ രേഖാമൂലം അതൃപ്തി പ്രകടിപ്പിച്ചയാളാണ് മന്ത്രി ജലീല്‍. ഇപ്പോഴിതാ രാജ്യദ്രോഹപരമായ മാനങ്ങളുള്ള ഒരു കേസില്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയായും കെ ടി ജലീല്‍ മാറിയിരിക്കുന്നു.

ഇത്രയൊക്കെയായിട്ടും ജലീലിനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയെ നിര്‍ബ്ബന്ധിതനാക്കുന്ന ചേതോവികാരമെന്താണ്? ജലീല്‍ രാജി വച്ചാല്‍ അധികം വൈകാതെ ആ കുന്തമുന തനിക്ക് നേരെയും നീളുമെന്നുള്ള മുഖ്യമന്ത്രിയുടെ അപായഭീതി മാത്രമാണോ കാരണം? അതോ ജലീല്‍ ഇടനിലക്കാരനായിരിക്കുന്ന മറ്റേതെങ്കിലും സ്ഥാപിത ശക്തികള്‍ പിണങ്ങുമെന്നുള്ള ഭയമാണോ?. കെ.ടി. ജലീലിനെ വച്ച് ഏതെങ്കിലും ഒരു വിഭാഗത്തെ/ചില വിഭാഗങ്ങളെ എല്‍ഡിഎഫിനോടടുപ്പിക്കാന്‍ കഴിയും എന്ന് പിണറായി വിജയനും സിപിഎമ്മും ധരിച്ചു വച്ചിട്ടുണ്ടെങ്കില്‍ ആ ധാരണ തിരുത്താനാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ മുന്നോട്ടു വരേണ്ടത്. തന്റെ ഹീന പ്രവൃത്തികള്‍ക്ക് മറയൊരുക്കുന്നതിനായി ആളുകളുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും ദുരുപയോഗിക്കുക എന്ന പതിവു തന്ത്രം പുറത്തെടുക്കാന്‍ ഇത്തവണയെങ്കിലും ജലീല്‍ തയ്യാറാവില്ല എന്നും പ്രതീക്ഷിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in