അങ്ങ് തോറ്റ് വഴിയാധാരമായത് ഏഴ് തെരഞ്ഞടുപ്പില്‍; പരിഹസിച്ച കെ.മുരളീധരന് ഡോ.ജോ ജോസഫിന്റെ മറുപടി

അങ്ങ് തോറ്റ് വഴിയാധാരമായത് ഏഴ് തെരഞ്ഞടുപ്പില്‍; പരിഹസിച്ച കെ.മുരളീധരന് ഡോ.ജോ ജോസഫിന്റെ മറുപടി
Published on

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ സിപിഎമ്മിനെ പരിഹസിച്ച കെ.മുരളീധരന് മറുപടി നല്‍കി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ജോ ജോസഫ്. ഏഴ് തവണയാണ് മുരളീധരന്‍ തെരഞ്ഞെടുപ്പ് തോല്‍വിയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജോ ജോസഫ് കുറിച്ചു. ലോക്‌സഭയിലേക്ക് നാലു പ്രാവശ്യവും നിയമസഭയിലേക്ക് മൂന്നു പ്രാവശ്യവും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്. 2004ല്‍ മന്ത്രി ആയതിനുശേഷം നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ തോറ്റു വഴിയാധാരമായതിനേക്കാള്‍ ദയനീയമായ മറ്റൊരു വഴിയാധാരമാകല്‍ കേരള രാഷ്ട്രീയ ചരിത്രത്തിലില്ല. ആ തോല്‍വിയിലൂടെ സൃഷ്ടിച്ച എംഎല്‍എ ആകാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി. എംഎല്‍എ ആകാത്ത കേരളത്തിലെ ഏക മന്ത്രി. നിയമസഭയെ ഒരിക്കല്‍പോലും അഭിമുഖീകരിക്കേണ്ടി വരാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി എന്നീ നാല് റെക്കോഡുകള്‍ 21 വര്‍ഷത്തിനു ശേഷവും ആര്‍ക്കും തകര്‍ക്കാന്‍ സാധിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.

ഡോ.ജോ ജോസഫിന്റെ പോസ്റ്റ്

അങ്ങ് തിരഞ്ഞെടുപ്പ് തോല്‍വിയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ വഴിയാധാരമായത് 7 തവണയാണ്. ലോക്‌സഭയിലേക്ക് നാലു പ്രാവശ്യം, നിയമസഭയിലേക്ക് മൂന്നു പ്രാവശ്യം. 1996ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റില്‍ 38,703 വോട്ടിന് എംപി വീരേന്ദ്രകുമാറിനോട് തോറ്റ് 'വഴിയാധാരമാകലു'കളുടെ തുടക്കം. 1998ല്‍ തൃശ്ശൂര്‍ ലോക്‌സഭാ സീറ്റില്‍ സ. വി വി രാഘവനോട് 18403 വോട്ടിന് തോറ്റു വീണ്ടും വഴിയാധാരമായി. 2009ല്‍ വയനാട് ലോക്‌സഭാ സീറ്റില്‍ എം ഐ ഷാനവാസിനോട് അങ്ങ് തോറ്റു വഴിയാധാരമായത് 3,11,040 വോട്ടിനാണ്. ഈ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ അങ്ങ് തോറ്റു വഴിയാധാരമായത് 84,663 വോട്ടിനാണ്. കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ പിന്നില്‍ കിടന്നിരുന്ന ബിജെപിയെ അധികാരത്തിന്റെ സപ്രമഞ്ചകട്ടിലില്‍ കിടത്താനായി അങ്ങ് ആഞ്ഞു പരിശ്രമിച്ചപ്പോള്‍ അങ്ങയുടെ സ്ഥാനം മൂന്നാമതാണ്. എന്റെ തോല്‍വിയെക്കാള്‍ എന്നെ വിഷമിപ്പിച്ചത് അങ്ങയുടെ അവസാനത്തെ തോല്‍വിയാണ്.

നിയമസഭയില്‍ അങ്ങ് തോറ്റു വഴിയാധാരമായത് നാല് തവണ. 2004 ല്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ അങ്ങ് സ. എ. സി മൊയ്തീനോട് തോറ്റു വഴിയാധാരമായത് ഓര്‍മ്മയുണ്ടാകുമല്ലോ? 2006ഇല്‍ കൊടുവള്ളിയില്‍ സ. പി ടി എ റഹിമിനോട് തോറ്റു വഴിയാധാരമായത് 7506 വോട്ടിനാണ്. 2021 അങ്ങ് നേമത്ത് തോറ്റു വഴിയാധാരമായത് 19313 വോട്ടിനാണ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റു വഴിയാധാരമായിരിക്കുന്നത് ഒരുപക്ഷേ അങ്ങ് മാത്രമായിരിക്കും.

2004 ല്‍ മന്ത്രി ആയതിനുശേഷം നടന്ന വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ അങ്ങ് തോറ്റു വഴിയാധാരമായതിനേക്കാള്‍ ദയനീയമായ മറ്റൊരു വഴിയാധാരമാകല്‍ കേരള രാഷ്ട്രീയ ചരിത്രത്തിലില്ല. ആ തോല്‍വിയിലൂടെ അങ്ങ് സൃഷ്ടിച്ച നാല് റെക്കോഡുകള്‍ 21 വര്‍ഷത്തിനു ശേഷവും ആര്‍ക്കും തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. എംഎല്‍എ ആകാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി. എംഎല്‍എ ആകാത്ത കേരളത്തിലെ ഏക മന്ത്രി. നിയമസഭയെ ഒരിക്കല്‍പോലും അഭിമുഖീകരിക്കേണ്ടി വരാത്ത കേരളത്തിലെ ആദ്യത്തെ മന്ത്രി എന്നിവയാണ് അവ.

സാമ്പത്തികമായി ഞാന്‍ വഴിയാധാരമായി എന്നാണ് അങ്ങ് ഉദ്ദേശിച്ചതെങ്കില്‍ അങ്ങേക്ക് തെറ്റി. ഏതെങ്കിലും ഓണ്‍ലൈന്‍ വാര്‍ത്തകളാണ് ആധാരമെങ്കില്‍ അങ്ങയുടെ ക്രെഡിബിലിറ്റി ഇത്ര മാത്രമേ ഉള്ളു എനിക്ക് മനസിലായി. എനിക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിന്റെ ആധാരം എന്റെ വീട്ടിലുണ്ട്. ഇലക്ഷനു മുന്‍പോ പിന്‍പോ ഒരിഞ്ചുപോലും വിറ്റിട്ടുമില്ല,മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്മാരകമുണ്ടാക്കാന്‍ കൊടുത്തിട്ടുമില്ല.എറണാകുളത്ത് വന്നശേഷം മേടിച്ച സ്ഥലത്തിന്റെയും വീടിന്റെയും ആധാരം ബാങ്കിലാണ്. സര്‍ട്ടിഫൈഡ് കോപ്പി കാണിച്ചു തരാം. അങ്ങയെപ്പോലെ വായില്‍ വെള്ളി കരണ്ടിയുമായി ജനിക്കാത്തതുകൊണ്ട് വായ്പ എടുക്കേണ്ടി വന്നതുകൊണ്ടാണ് അത് ബാങ്കിലായത്. എന്റെ ഇലക്ഷന്റെ വരവ് ചിലവ് കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷനനെ ഞാന്‍ ബോധിപ്പിച്ചിട്ടുള്ളതാണ്. അതും അങ്ങേയ്ക്ക് പരിശോധിക്കാവു ന്നതാണല്ലോ. 13 പ്രാവശ്യം തിരഞ്ഞെടുപ്പില്‍ മത്സരിച്ച അങ്ങേയ്ക്ക് ആ വരവ് ചിലവ് കണക്കുകള്‍ എങ്ങനെ ലഭിക്കും എന്ന് തീര്‍ച്ചയായും അറിയാമല്ലോ.

പിന്നെ ഞാന്‍ പ്രൊഫഷണലി വഴിയാധാരമായി എന്ന് അങ്ങ് കരുതുന്നുണ്ടെങ്കില്‍ അതിന്റെ വസ്തുതകള്‍ പരിശോധിക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങളുണ്ടല്ലോ. അങ്ങയുടെ തന്നെ സ്റ്റാഫിന്റെ അമ്മയുടെ ചികിത്സാര്‍ത്ഥം അങ്ങ് എന്നെ വിളിച്ചത് ഒരു പക്ഷേ അങ്ങ് മറന്നു പോയിട്ടുണ്ടാവാം. അങ്ങ് പലപ്രാവശ്യം തോറ്റതുകൊണ്ട് തന്നെ അദ്ദേഹം ഇപ്പോള്‍ അങ്ങയുടെ സ്റ്റാഫില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. അതോ അങ്ങയുടെ തോല്‍വികള്‍ മൂലം അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടോയെന്നും എനിക്കറിയില്ല. വഴിയാധാരമായി എന്ന പദം ഞാന്‍ മനഃപൂര്‍വ്വം ഉപയോഗിക്കാത്തതാണ്.

ഇലക്ഷന് ശേഷം മാത്രം ഞാന്‍ ചികിത്സിച്ചവരില്‍ അങ്ങയുടെ തന്നെ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍, മാഞ്ഞൂരാനെ പോലുള്ള എറണാകുളത്തെ നേതാക്കന്മാര്‍, യൂത്ത് കോണ്‍ഗ്രസുകാര്‍ തൊട്ട് അങ്ങേക്കാള്‍ പാര്‍ട്ടിയില്‍ തലപൊക്കമുള്ള നേതാക്കന്മാര്‍ വരെയുണ്ട്. ഞാന്‍ പ്രൊഫഷണലി വഴിയാധാരമായോ എന്ന് അങ്ങേയ്ക്ക് ഇവരില്‍ ആരെയെങ്കിലും ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു. പിന്നെ പാര്‍ട്ടി വഴിയാധാരമാക്കി എന്നാണ് ഉദ്ദേശിച്ചെങ്കില്‍ ഈ പാര്‍ട്ടിയെക്കുറിച്ച് അങ്ങേക്ക് ഒരു ചുക്കുമറിയില്ല എന്ന് മാത്രമേ പറയാനുള്ളൂ. ഇലക്ഷന് മുമ്പ് ഏത് ഘടകത്തിലാണോ മെമ്പര്‍ഷിപ്പ് ഉണ്ടായിരുന്നത് അതേ ഘടകത്തില്‍ തന്നെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ജില്ലാതലത്തില്‍ തന്നെയുള്ള അനേകം ചുമതലകള്‍ പാര്‍ട്ടി നല്‍കി. കഴിവിനൊത്ത് പ്രവര്‍ത്തിക്കുന്നു. ഇന്നലെത്തന്നെ പാര്‍ട്ടി ജില്ലയില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടാക്കിയ സമിതിയില്‍ വൈസ് ചെയര്‍മാന്റെ പാനലില്‍ ജില്ലയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളോ എംഎല്‍എമാരോ അല്ലാത്ത ഒരാളുണ്ടെങ്കില്‍ അത് ഞാനാണ് .ഇതാണ് ചേര്‍ത്തു പിടിക്കല്‍.

പിന്നെ അങ്ങയുടെ അത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തില്‍ ഉണ്ടായിട്ടുണ്ടാകുമോ? 2008 ഏപ്രില്‍ 12ലെ ഫ്രണ്ട്‌ലൈനില്‍ വന്ന ലേഖനത്തില്‍ തന്നെ വഞ്ചിച്ചുവെന്ന് അങ്ങ് പറഞ്ഞത് അങ്ങയുടെ പിതാവിനെ കുറിച്ചാണ്. 16 വര്‍ഷത്തിനിപ്പുറം അങ്ങ് വഞ്ചിച്ചു എന്ന് പറയുന്നത് അങ്ങയുടെ സ്വന്തം സഹോദരിയെ കുറിച്ച് തന്നെയാണ്

Related Stories

No stories found.
logo
The Cue
www.thecue.in