
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ, സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവർ അറസ്റ്റിൽ. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെത്തിയത്. ഞാറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഗോശ്രീ പാലത്തിന് സമീപത്തെ, ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് ക്രഷ് ചെയ്യാനുള്ള ഉപകരണവും എക്സൈസ് കണ്ടെത്തി. മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ
രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സംവിധായകരടക്കം മൂന്നുപേരാണ് ഫ്ലാറ്റിലുണ്ടായിരുന്നത്. അഷ്‌റഫ് ഹംസയുടെ ഫ്ലാറ്റിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ സംഘം മാസങ്ങളായി എക്‌സൈസിന്റെ നിരീകഷണത്തിലായിരുന്നു. മുറിയിലേക്ക് ചെന്നപ്പോൾ കഞ്ചാവ് ഉപയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു. അതിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇവരുടെ കൈവശം ഉണ്ട്. സുഹൃത്തായ ഷാലിഫ് വഴിയാണ് ഇവർക്ക് കഞ്ചാവ് ലഭിച്ചത്. കഞ്ചാവ് എത്തിച്ചവരെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫ്ലാറ്റ് ഉടമ സമീർ താഹിറിന് നോടീസ് നൽകി വിളിപ്പിക്കും. അദ്ദേഹത്തിന്റെ അറിവോടെയാണോ ഇവരുടെ ലഹരി ഉപയോഗം എന്നത് സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെപി പ്രമോദ് പറഞ്ഞു.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുത് എന്നാണ് സംഘടനയുടെ തീരുമാനം. ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി എല്ലാ സെറ്റുകളിലും ഫെഫ്കയുടെ ഏഴംഗ സ്‌ക്വാഡ് പ്രവർത്തിക്കും. എന്തെങ്കിലും സൂചനകൾ ലഭിച്ചാൽ തന്നെ വിവരങ്ങൾ കൈമാറുമെന്ന് എക്സൈസ് കമ്മീഷണറെ കണ്ട് രേഖാമൂലം അറിയിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ തൊഴിലിടത്തിലെ സ്വസ്ഥത കളയുന്ന ഇത്തരം സമീപനങ്ങൾക്കെതിരെ ഫെഫ്കയുടെ ശക്തമായ നടപടി തുടരുമെന്നും സിബി മലയിൽ പറഞ്ഞു.
സിനിമയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നത്. എല്ലാ സിനിമ സംഘടനകളും ഇക്കാര്യത്തിൽ ഒരു ശക്തമായ തീരുമാനം എടുക്കണം. എല്ലാ സിനിമ സെറ്റുകളിലും പരിശോധന നടത്തണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.