'ഫോണ്‍ കേരളത്തിന് പുറത്തേക്ക് അയച്ചു'; ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്ന് ദിലീപിന്റെ വിശദീകരണം

'ഫോണ്‍ കേരളത്തിന് പുറത്തേക്ക് അയച്ചു'; ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്ന് ദിലീപിന്റെ വിശദീകരണം

അന്വേഷണസംഘം ആവശ്യപ്പെട്ട ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ കേരളത്തിന് പുറത്തേക്ക് അയച്ചുവെന്ന് സൂചന. ഹൈദരാബാദിലെ ലാബിലേക്ക് അയച്ചുവെന്നാണ് വിശദീകരണം. ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതിന് ഹൈദരാബാദിലെ ലാബിലേക്ക് അയച്ചുവെന്ന് കോടതിയെ അറിയിച്ചേക്കും.

മൊബൈല്‍ ഫോണ്‍ കൈമാറാനാകില്ലെന്നും സ്വന്തം നിലയില്‍ പരിശോധിക്കാമെന്നും ഇന്നലെ ദിലീപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തന്റെ സ്വകാര്യതയെ ബാധിക്കുമെന്നായിരുന്നു ദിലീപിന്റെ വാദം. രണ്ട് ഐഫോണുകളടക്കം ഏഴ് ഫോണുകളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നത്. ദിലീപ്, അനിയന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് സംസ്ഥാനത്തിന് പുറത്താണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്്.

ദിലീപിന്റെ കൈവശമുള്ള മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈമാറമെന്നാവശ്യപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണുകള്‍ ആവശ്യപ്പെട്ടിരുന്നത്.

കോടതിയില്‍ ഫോണുകള്‍ ഹാജരാക്കിയാല്‍ മതിയെന്ന് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനും ദിലീപ് തയ്യാറാകാതിരുന്നതോടെ കോടതിയില്‍ വിശ്വാസമില്ലെയെന്ന് ജഡ്ജി ചോദിച്ചു. കേസുമായി സഹകരിക്കാത്തതിനാല്‍ ദിലീപിന് നല്‍കിയ സംരക്ഷണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഫോണ്‍ കൈമാറുന്നതിന് ആശങ്കയെന്താണ്. സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങള്‍ ഫോണിലുണ്ടെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. മുന്‍ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ട്. ഫോണിലെ കാര്യങ്ങള്‍ പുറത്ത് പോകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്.

ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കിയിട്ടുണ്ട്.മൂന്ന് ദിവസം മുമ്പത്തെ ചോദ്യം ചെയ്യലിനും ഹാജരായിരുന്നു. പഴയ ഫോണല്ല ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചു.അന്വേഷണ സംഘം ആവശ്യപ്പെട്ട തെളിവുകള്‍ ഹാജരാക്കാനുള്ള ബാധ്യത ദിലീപിനുണ്ടെന്ന് കോടതി പറഞ്ഞു.

ബാലചന്ദ്രകുമാറിന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്ന് ദിലീപ് പറഞ്ഞു. തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഫോണ്‍ കൈമാറുന്നതില്‍ ആശങ്കയുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചുവെന്ന് ദിലീപ് കോടതിയെ അറിയിച്ചു. ഏത് ഫോറന്‍സിക് വിദഗ്ധനാണ് പരിശോധിക്കേണ്ടതെന്ന് ദിലീപല്ല തീരുമാനിക്കേണ്ടതെന്ന് കോടതി പറഞ്ഞു.

അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കണമെന്നും കേസിലെ പ്രധാന തെളിവായ ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പ്രൊസിക്യൂഷന്‍ ഹൈക്കോടതിയിയെ അറിയിച്ചിരുന്നു. കേസിലെ നിര്‍ണായക തെളിവായ ഫോണുകള്‍ ദിലീപും മറ്റ് പ്രതികളും ഹാജരാക്കാത്തത് തെളിവ് നശിപ്പിക്കാനാണെന്നും പ്രൊസിക്യൂഷന്‍. ഗൂഢാലോചന നടത്താന്‍ ഉപയോഗിച്ച ഏഴ് മൊബൈല്‍ ഫോണുകള്‍ക്ക് പകരം പുതിയ ഫോണുകളാണ് ദിലീപും മറ്റ് പ്രതികളും നല്‍കിയത്.

ജാമ്യഹര്‍ജി പരിഗണിക്കുന്ന അടുത്ത ബുധനാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി ദിലീപിന് നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in